ADVERTISEMENT

തേഞ്ഞിപ്പലം ∙ കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, കെ.സുധാകരൻ, വി.ഡി.സതീശൻ എന്നിവർ 3 തവണ എസ്ഡിപിഐ നേതൃത്വവുമായി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഹിനൂരിൽ എൽഡിഎഫ് വള്ളിക്കുന്ന് മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പാർലമെന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചാൽ ശേഷമുള്ള തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആവശ്യമായ പിന്തുണ എസ്ഡിപിഐക്ക് യുഡിഎഫ് നൽകുമെന്നാണു ധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‍ഡിപിഐ എന്ന പിന്തിരിപ്പൻ വർഗീയ പാർട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാര ഉണ്ടെന്നും പഴയ വടകര മാതൃകയിൽ കോലീബി സഖ്യമായി അതു മാറിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

സ്വന്തം പാർട്ടിയുടെ കൊടിപോലും നാമനിർദേശ പത്രിക സമർപ്പണ റാലിയിൽ ഉപയോഗിക്കാതെയാണ് കോൺഗ്രസ് നേതാവിന്റെ വയനാട് യാത്രയെന്ന് വേങ്ങരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചോദ്യത്തിന് ആലോചനയ്ക്ക് ഒരു രാത്രി കഴിയട്ടെ എന്നുപറഞ്ഞ കോൺഗ്രസ് അധ്യക്ഷന് ആയിരം രാത്രി പുലർന്നാലും മറുപടി ഉണ്ടാവില്ല. ഇലക്ടറൽ ബോണ്ട് സ്വീകരിക്കുന്നതിൽ ഒരു വ്യത്യാസവും കാണിക്കാത്ത കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ട്. പ്രമുഖ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് വരെ ബിജെപിക്ക് രഹസ്യമായി ഇലക്ടറൽ ബോണ്ട് കൊടുത്തെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ ബന്ധം രാഹുൽ ഗാന്ധിയും അംഗീകരിച്ചെന്ന് കെ.സുരേന്ദ്രൻ
വണ്ടൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സഹകരിക്കാനുള്ള യുഡിഎഫ് നീക്കത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തത് തീരുമാനം അംഗീകരിച്ചു എന്നതിന്റെ കൃത്യമായ സൂചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. വണ്ടൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന മതഭീകരവാദ സംഘടനകളുമായി കോൺഗ്രസ് ഒത്തുചേരുകയാണ്. ദേശീയ നേതാവെന്ന നിലയിൽ രാഹുൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് എൻഡിഎ ആവശ്യപ്പെട്ടിരുന്നു. പക്ഷേ വയനാട്ടിൽ എത്തിയിട്ടും രാഹുൽ ഗാന്ധി ഇതേക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ല. വോട്ടുബാങ്കിനു വേണ്ടി രാജ്യതാൽപര്യങ്ങൾ ബലികഴിക്കുകയാണ് അദ്ദേഹം. നേരത്തേയും ഇന്ത്യയുടെ വികസനവും പുരോഗതിയും തടസ്സപ്പെടുത്താൻ രാഹുൽ ഗാന്ധി വിദേശരാജ്യങ്ങളിലടക്കം പോയി ശ്രമിച്ചിട്ടുണ്ട്. ഖലിസ്ഥാൻ ഭീകരവാദികൾ ഫണ്ട് നൽകുന്ന രാജ്യവിരുദ്ധ ശക്തികൾക്ക് രാഹുൽ പിന്തുണ കൊടുക്കുന്നു.

ഇതെല്ലാം വയനാട് ലോക്സഭാ മണ്ഡലത്തിൽ ചർച്ചയാകുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യാൻ ബഹളം വച്ച പാർട്ടിയാണ് കോൺഗ്രസ്. ഡൽഹിയിൽ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്നു പറയുന്ന കോൺഗ്രസും രാഹുൽ ഗാന്ധിയും, പിണറായി വിജയനും മകൾക്കുമെതിരെ നടക്കുന്ന അന്വേഷണവും അങ്ങനെയാണെന്നു പറയുമോ എന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com