ADVERTISEMENT

മലപ്പുറം ∙ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നതിനിടെ കനിവ് 108 ആംബുലൻസിൽ യുവതി കുഞ്ഞിനു ജന്മം നൽകി. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി ഡോ. അങ്കിതയും എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ നിജയും. വണ്ടൂർ പോരൂർ സ്വദേശിനിയായ ഇരുപതുകാരിയാണ് ആംബുലൻസിൽ പെൺകുഞ്ഞിനു ജന്മം നൽകിയത്. കഴിഞ്ഞ 7ന് വൈകിട്ട് 5.20ന് ആണ് സംഭവം. പ്രസവവേദനയെത്തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതായിരുന്നു യുവതി.

ഡോക്ടർ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ആരോഗ്യനില മോശമാണെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നും കണ്ടെത്തിയതോടെ യുവതിയെ കോഴിക്കോട് ഐഎംസിഎച്ചിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിലെ കനിവ് 108 ആംബുലൻസിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടെങ്കിലും മാവൂർ എത്തിയപ്പോഴേക്കും യുവതിയുടെ നില മോശമായി. സഹായത്തിനായി കൂടെയുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. അങ്കിത നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസ്സിലാക്കി ആംബുലൻസിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു.

എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ നിജ ആർ.നായർ ആംബുലൻസിൽ സജ്ജീകരണങ്ങൾ ഒരുക്കി. 6.14ന് യുവതി കുഞ്ഞിനു ജന്മം നൽകി. തുടർന്ന് പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി ഇരുവർക്കും പ്രഥമശുശ്രൂഷ നൽകി. ആംബുലൻസ് പൈലറ്റ് എൻ.ഷിജു അധികം വൈകാതെ അമ്മയെയും കുഞ്ഞിനെയും കോഴിക്കോട്ട് എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com