ADVERTISEMENT

മലപ്പുറം ∙ സിപിഎം–ബിജെപി ബാന്ധവം മറനീക്കി പുറത്തുവരുന്നതിന്റെ ഉദാഹരണമാണ് തൃശൂരിലെ എൽഡിഎഫ് മേയറുടെ സുരേഷ്ഗോപി അനുകൂല പ്രസ്താവനയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളീക്കൽ സത്യൻ വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും. പാനൂർ സ്ഫോടനം യുഎപിഎ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും എൻഐഎ അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു. കേരളത്തിലെ പല ഭാഗങ്ങളിലും ബോംബുകൾ ഉണ്ടാക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും അവ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നില്ല.

മുഖ്യമന്ത്രിയാണ് കാരണം. പാർലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയാണ് ബോംബ് രാഷ്ട്രീയത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് ലീഡർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 35 സീറ്റുകളെങ്കിലും നേടുമെന്നാണ് സർവേ ഫലങ്ങൾ. ശിവസേനയെയും എൻസിപിയെയും പിളർത്തിയുണ്ടാക്കിയ ഷിൻഡേ സർക്കാരിനു ജനങ്ങളുടെ പിന്തുണയില്ല.

അത് ഈ തിരഞ്ഞെടുപ്പിലും മാസങ്ങൾക്കകം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വ്യക്തമാകും. അംബേദ്കറുടെ കൊച്ചുമകനെന്ന നിലയിൽ പ്രകാശ് അംബേദ്കർ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാകണമെന്ന ആഗ്രഹം കാരണം പലതവണ അദ്ദേഹവുമായി ചർച്ച നടത്തി. 6 സീറ്റുകൾ വരെ വാഗ്ദാനം ചെയ്തു. എന്നിട്ടും അദ്ദേഹം തയാറാകാത്തത് ബിജെപിക്കു വേണ്ടിയാണെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും കോൺഗ്രസിൽ മഹാരാഷ്ട്രയുടെ ചുമതല വഹിക്കുന്ന ചെന്നിത്തല വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com