ADVERTISEMENT

മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പിൽ 1.08 കോടി രൂപ നഷ്ടപ്പെട്ട പരാതിയിലെ അന്വേഷണം ചെന്നെത്തിയത് അതിലുമെത്രയോ വലിയ ഗുരുതര കുറ്റകൃത്യങ്ങളുടെ പ്രഭവകേന്ദ്രത്തിലേക്ക്. മലപ്പുറം സൈബർ പൊലീസ് മടിക്കേരിയിൽനിന്ന് അറസ്റ്റ് ചെയ്ത ഡൽഹി സ്വദേശി അബ്ദുൽ റോഷനിൽനിന്നു കണ്ടെടുത്തത് വിവിധ കമ്പനികളുടെ നാൽപതിനായിരത്തിലേറെ സിം കാർഡുകളും നൂറ്റിയെൺപതിലേറെ ഫോണുകളുമാണ്. 

ഉപഭോക്താവ് അറിയാതെ അവരുടെ പേരിൽ എടുത്ത ഈ സിം കാർഡുകൾ ഓൺലൈൻ തട്ടിപ്പു സംഘങ്ങൾക്ക് കൈമാറുകയാണ് ഇയാൾ ചെയ്യുന്നതെന്നാണ് പൊലീസിനു ലഭ്യമായ ആദ്യ വിവരം. അതിലും വലിയ കുറ്റകൃത്യങ്ങൾക്ക് ഈ സിം കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പൊലീസ്.

പ്രതിയിലേക്കെത്തിയ വഴി
∙ വേങ്ങര സ്വദേശിയായ യുവാവ് സമൂഹമാധ്യമത്തിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണു തട്ടിപ്പിൽ പെട്ടത്. തുടർന്ന് വാട്സാപ്പിൽ ട്രേഡിങ് സംബന്ധിച്ച വിശദാംശങ്ങൾ വന്നു തുടങ്ങി. വൻ ലാഭം വാഗ്ദാനം ചെയ്ത് യുവാവിൽനിന്ന് വിവിധ അക്കൗണ്ടുകളിലൂടെ 1.08 കോടി രൂപ വാങ്ങിയെടുത്തു. തട്ടിപ്പു മനസ്സിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ, യുവാവിനെ സമീപിക്കാൻ ഉപയോഗിച്ച വാട്സാപ് നമ്പറുള്ള സിം നൽകിയത് അബ്ദുൽ റോഷൻ ആണെന്നു കണ്ടെത്തി. ഇതോടെ സംഘം മടിക്കേരിയിലെത്തി കർണാടക പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി.

എത്ര സിമ്മുണ്ട് നിങ്ങളുടെ പേരിൽ?
∙ അബ്ദുൽ റോഷനിൽനിന്നു കണ്ടെടുത്ത നാൽപതിനായിരത്തിലധികം സിം കാർഡുകളിൽ ആയിരത്തിയഞ്ഞൂറോളം എണ്ണം ഇപ്പോഴും ആക്ടീവ് ആണ്. ഇനി ഉപയോഗിക്കാനുള്ള 2000 പുതിയ സിം കാർഡുകളും കൈവശമുണ്ട്. എന്നാൽ ഈ നാൽപതിനായിരം സിം കാർഡുകളുടെ യഥാർഥ ഉടമകളാരും തന്നെ തങ്ങളുടെ പേരിൽ ഈ ഫോൺ നമ്പർ ഉണ്ടെന്ന വിവരം അറിയുന്നേയില്ല.

പിടിച്ചെടുത്തതാണിത്രയെണ്ണം. തട്ടിപ്പു സംഘങ്ങൾക്ക് കൈമാറിയതെത്രയെന്നു പറയാനാകില്ല. സമൂഹമാധ്യമങ്ങളിലും മറ്റു വാണിജ്യ പ്ലാറ്റ്ഫോമുകളിലും വ്യാജ അക്കൗണ്ട് സൃഷ്ടിക്കാൻ തട്ടിപ്പുകാർക്ക് ഒടിപികൾ ഷെയർ ചെയ്തു നൽകുകയും റോഷൻ ചെയ്യുന്നുണ്ട്.

ഉഷാർ പൊലീസ്
∙ വലിയൊരു മഞ്ഞുമലയുടെ തുമ്പു മാത്രമാണ് അബ്ദുൽ റോഷന്റെ അറസ്റ്റ്. എങ്കിലും അതിലേക്ക് അതിവേഗമെത്തിയ മലപ്പുറം സൈബർ പൊലീസ് കയ്യടി അർഹിക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരം സൈബർ നോഡൽ ഓഫിസറായ ഡിവൈഎസ്പി വി.എസ്.ഷാജു, മലപ്പുറം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.

പ്രത്യേക ജില്ലാ സൈബർ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ നജുമുദ്ദീൻ മണ്ണിശ്ശേരി പൊലീസുകാരായ പി.എം.ഷൈജൽ പടിപ്പുര, ഇ.ജി.പ്രദീപ്, കെ.എം.ഷാഫി പന്ത്രാല, രാജരത്നം മടിക്കേരി പൊലീസിലെ പി.യു.മുനീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com