ADVERTISEMENT

മുംബൈ ∙ അവധിക്കാല യാത്ര സജീവമായതോടെ കേരളത്തിലേക്കുള്ള  ട്രെയിനുകളിൽ കൺഫേംഡ് ടിക്കറ്റ് കിട്ടാനില്ല.  അവധിക്കാല തിരക്കു പ്രമാണിച്ച് പ്രഖ്യാപിച്ച എൽടിടി–കൊച്ചുവേളി സ്പെഷൽ ട്രെയിനും നിറഞ്ഞു. സംസ്ഥാന സിലബസിലെ സ്കൂളുകൾ നേരത്തേ അടച്ചതിനാൽ അവിടെ പഠിക്കുന്ന കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന ഒരു സംഘം നേരത്തെ തന്നെ നാട്ടിലേക്കു പോയിരുന്നു.  

സിബിഎസ്ഇ സ്കൂളുകളിലെ ഒരു വിഭാഗം ഇതിനകം അടച്ചു. ശേഷിക്കുന്നവ മേയ് ആദ്യവാരം അടയ്ക്കും. എന്നാൽ, ഇന്നു മുതൽ മേയ് പകുതി വരെ നാട്ടിലേക്കുളള ഒരു ട്രെയിനിലും കൺഫേംഡ് ടിക്കറ്റില്ല. അതിനാൽ, േനരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവരും വൈകി അവധിയാത്ര തീരുമാനിച്ചവരും വലയുകയാണ്. നാട്ടിലേക്കു പോകുന്ന മലയാളികളുടെ എണ്ണത്തിനു തുല്യമായ എണ്ണത്തോളം വിനോദസഞ്ചാരികളും ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിലേക്ക് ഒഴുകുന്നുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണേറെയും. കേരളത്തിലേക്ക് ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്ത വിഷയം പതിറ്റാണ്ടുകളായി മുംബൈ മലയാളികൾ ഉയർത്തിക്കാട്ടിയിട്ടും റെയിൽവേ അനങ്ങുന്നില്ല. കാൽ നൂറ്റാണ്ട് മുൻപ് അനുവദിച്ച നേത്രാവതിയല്ലാതെ മറ്റൊരു പ്രതിദിന ട്രെയിൻ മുംബൈയിൽ നിന്നു േകരളത്തിലേക്കില്ല. എൽടിടി–കൊച്ചുവേളി എക്സ്പ്രസ്, എൽടിടി–കൊച്ചുവേളി ഗരീബ് രഥ്, എൽടിടി–എറണാകുളം തുരന്തോ എന്നിവയെല്ലാം ആഴ്ചയിൽ രണ്ടുവീതം മാത്രമുള്ളവയാണ്. 

ഇതിൽ എൽടിടി–കൊച്ചുവേളി എക്സ്പ്രസ് പ്രതിദിനമാക്കിയാൽ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രാദുരിതം കുറയും. ഒട്ടേറെ നിവേദനങ്ങൾ മലയാളി സംഘടനകൾ റെയിൽവേ അധികൃതർക്കും മന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ചിട്ടും നടപടിയുണ്ടായിട്ടില്ല. കുർള എൽടിടിയിൽ നിന്ന് കോട്ടയം വഴി കൊച്ചുവേളിയിലേക്കുള്ള ട്രെയിനായതിനാൽ കേരളത്തിലെ ഒരറ്റം മുതൽ മറ്റേയറ്റം വരെയുള്ളവർക്കും ശബരിമലക്കാലത്ത് തീർഥാടകർക്കും ഇത് ഉപകാരമാകും. 

ടിക്കറ്റില്ലാതെ ട്രെയിനുകൾ
എൽടിടി–തിരുവനന്തപുരം നേത്രാവതി, എൽടിടി–കൊച്ചുവേളി  അവധിക്കാല സ്പെഷൽ, എൽടിടി–കൊച്ചുവേളി ഗരീബ് രഥ്, എൽടിടി–കൊച്ചുവേളി എക്സ്പ്രസ്, എൽടിടി–എറണാകുളം തുരന്തോ എന്നീ ട്രെയിനുകളിൽ മേയ് രണ്ടാം വാരം വരെ ഒരു ക്ലാസ്സിലും കൺഫേംഡ് ടിക്കറ്റില്ല. പൻവേൽ, കല്യാൺ സ്റ്റേഷനുകളിൽ  നിന്ന് മംഗളയിൽ എറണാകുളത്തേക്കും ഇതേ സ്ഥിതി തന്നെ. ഗുജറാത്തിൽ നിന്ന് കൊങ്കൺ പാത വഴി കടന്നുപോകുന്ന ട്രെയിനുകളിലും കൺഫേംഡ് ടിക്കറ്റില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com