ADVERTISEMENT

മുംബൈ ∙ ചുട്ടുപൊള്ളിക്കും ചൂട് ഒരാഴ്ച കൂടി നീണ്ടു നിൽക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വിദഗ്ധർ. മേയ് 5 വരെ താപനില ഉയരുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. സാന്താക്രൂസിൽ 39.5 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില.പകൽ സമയത്തെ ഉയർന്ന താപനില കൂടാതെ, അസാധാരണമായ ചൂടുള്ള രാത്രികളുമാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ളവരും ചൂട് സഹിക്കാനാകാതെ ബുദ്ധിമുട്ടുന്നു. രാത്രിയിലെ താപനില 30 ഡിഗ്രി രേഖപ്പെടുത്തിയ സ്ഥലങ്ങളുമുണ്ട്.

താനെ, റായ്ഗഡ്, പാൽഘർ, പുണെ എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇനിയും 5 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും പകൽ 11.30നും വൈകിട്ട് 4നും ഇടയിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിർദേശം. ചൂട് കൂടിയതോടെ ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്.ദഹനപ്രശ്നങ്ങൾ, കൈകാലുകൾക്ക് കടുത്ത വേദന, അമിതമായ വിയർപ്പ് കാരണമുണ്ടാകുന്ന ചൊറിച്ചിൽ എന്നിങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. വെള്ളം കുടിച്ചും  ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയും ഉച്ചസമയത്ത് പുറത്തിറങ്ങാതെയും മുൻകരുതലെടുക്കണമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

ചെറിയ ക്ഷീണം നിസ്സാരമല്ല
താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചെറിയ ക്ഷീണമാണെങ്കിലും നിസ്സാരമായി കാണരുതെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധർ നൽകുന്നുണ്ട്. ചൂടുകുരു, തലകറക്കം, പേശിവലിവ് എന്നിവയെല്ലാം സൂര്യാഘാത ലക്ഷണമാകാം. അതിനാൽ, ക്ഷീണം തോന്നിയാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം.ഹൃദയ, വൃക്ക സംബന്ധമായ രോഗം ഉള്ളവർ ഡോക്ടർ നിർദേശിച്ചിരിക്കുന്ന അളവിൽ മാത്രം വെള്ളം കുടിക്കുക. അല്ലാത്തവർ നിർബന്ധമായും മൂന്ന് മുതൽ നാല് ലീറ്റർ വരെ വെള്ളം കുടിക്കണം.

ചൂടിനൊപ്പം കൂടി ചുമയും തുമ്മലും
താപനില ഉയർന്നതോടെ ആരോഗ്യപ്രശ്നങ്ങളും കൂടുന്നുണ്ട്. പലരെയും തുമ്മൽ, ചുമ, ആസ്മ എന്നിവ പതിവായി അലട്ടുന്നുണ്ട്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ മാറ്റവും ചൂടും നഗരവാസികളുടെ ഉറക്കം കെടുത്തുകയാണ്.

കരുതലോടെ പ്രതിരോധിക്കാം
∙ എരിവ്, പുളി, മധുരം എന്നിവയ്ക്കൊപ്പം മാംസവിഭവങ്ങളും ഒഴിവാക്കുക, ആഹാരക്രമത്തൽ കൂടുതൽ പച്ചക്കറികൾ ഉൾപ്പെടുത്തുക.
∙ ക്ഷീണം തോന്നിയാൽ ധാരാളം വെള്ളം കുടിക്കുക, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക.
∙ ജ്യൂസുകൾ ഒഴിവാക്കി ഇളനീർ, സംഭാരം, തിളപ്പിച്ചാറിയ വെള്ളം എന്നിവ ശീലമാക്കാം.

∙ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
∙ പകൽ സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക.
∙ ഉച്ചസമയത്ത് കുട്ടികളെ തുറന്നസ്ഥലങ്ങളിൽ കളിക്കാൻ വിടരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com