ADVERTISEMENT

ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനത്തിൽ കർത്തവ്യപഥിലെ നാരീശക്തി പ്രകടനത്തിൽ മലയാളികൾക്ക് അഭിമാന നേട്ടം. മലയാളി വനിതാ ഓഫിസർമാർ നയിച്ച ഡൽഹി പൊലീസിന്റെയും സിആർപിഎഫിന്റെയും വനിതാ സേനാ സംഘങ്ങളെയാണു പരേഡിലെ മികച്ച മാർച്ചിങ് കണ്ടിജന്റുകളായി തിരഞ്ഞെടുത്തത്.ചരിത്രത്തിൽ ആദ്യമായി ഡൽഹി പൊലീസിലെ വനിതകൾ മാത്രം മാർച്ച് ചെയ്തപ്പോൾ, നയിച്ചത് തൃശൂർ ചാലക്കുടി സ്വദേശി ഐപിഎസ് ഓഫിസർ ശ്വേത കെ. സുഗതനാണ്. 

 പന്തളം സ്വദേശിയും ഡൽഹി മലയാളിയുമായ അസിസ്റ്റന്റ് കമൻഡാന്റ് മേഘ നായർ ആയിരുന്നു സിആർപിഎഫ് സംഘത്തെ നയിച്ചത്.ഡൽഹി പൊലീസ് സംഘത്തെ മികച്ച വനിതാ കണ്ടിജന്റായി തിരഞ്ഞെടുത്തത് വിധികർത്താക്കളാണ്. അതേസമയം മൈ ഗവൺമെന്റ് പോർട്ടലിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെയാണു സിആർപിഎഫ് സംഘത്തെ പോപ്പുലർ കണ്ടിജന്റായി തിരഞ്ഞെടുത്തത്. ‍

 ഡൽഹി പൊലീസിലെ വനിതകൾ കരസ്ഥമാക്കിയ നേട്ടത്തിന്റെ പേരിൽ സേനയ്ക്ക് ഒന്നടങ്കം അഭിമാനമുണ്ടെന്ന് പിആർഒയും ഡപ്യൂട്ടി പൊലീസ് കമ്മിഷണറുമായ സുമൻ നൽവ പറഞ്ഞു. 2021ൽ ഉൾപ്പെടെ ഡൽഹി പൊലീസ് സംഘം 15 തവണ മികച്ച മാർച്ചിങ് കണ്ടിജന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോർത്ത് ഡിസ്ട്രിക്ട് ‍അഡീഷനൽ കമ്മിഷണറായ ശ്വേതയും മൂന്നു വനിതാ സബ് ഇൻസ്പെക്ടർ, 44 വനിതാ ഹെഡ് കോൺസ്റ്റബിൾമാർ, 100 വനിതാ കോൺസ്റ്റബിൾമാർ എന്നിവരുമാണ് ഡൽഹി പൊലീസ് സംഘത്തിലുണ്ടായിരുന്നത്. 

ബാൻഡ് സംഘത്തിൽ 4 വനിതാ സബ് ഇൻസ്പെക്ടർമാരും 81 വനിതാ കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു.സിആർപിഎഫിന്റെ 148 അംഗ വനിതാ സംഘത്തെയാണ് വിശാഖപട്ടണം 234–ാം ബറ്റാലിയന്റെ ഭാഗമായ മേഘ നായർ നയിച്ചത്. ചരിത്രത്തിലാദ്യമാണ് സിർആപിഎഫിന്റെ നൂറംഗ വനിത ബാൻഡ് സംഘം പരേഡിൽ പങ്കെടുത്തത്. ഇന്നുച്ചയ്ക്ക് 12.30ന് ഡൽഹി കന്റോൺമെന്റ് ആർആർ ക്യാംപിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്രോഫികൾ വിതരണം ചെയ്യും.

സന്തോഷം, അഭിമാനം: ആദ്യമായാണ് ഡൽഹി പൊലീസിന്റെ വനിതകൾ പങ്കെടുക്കുകയും മികച്ച കണ്ടിജന്റായ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത്. ഈ നേട്ടത്തിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. സീനിയേഴ്സിന്റേയും സഹപ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇതു സാധ്യമായത്.

കൂട്ടായ്മയുടെ നേട്ടം: സിആർപിഎഫിനു സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഠിന പരിശീലനത്തിനും അർപ്പണ ബോധത്തിനും ലഭിച്ച അംഗീകാരമാണിത്. പരേഡിൽ പങ്കെടുത്തവർക്കു പുറമേ അണിയറയിൽ പ്രവർത്തിച്ച ഒട്ടേറെപ്പേരുടെ അധ്വാനവും നേട്ടത്തിനു പിന്നിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com