ADVERTISEMENT

നെല്ലിയാമ്പതി ∙ പോത്തുണ്ടി-നെല്ലിയാമ്പതി ചുരം പാതയിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സ്ഥലം വിദഗ്ധ സംഘം സന്ദർശിച്ചു. ചെറുനെല്ലിക്കു സമീപം നവീകരണ പ്രവർത്തനത്തിനിടെ മണ്ണിടിച്ചിൽ ഉണ്ടായതോടെ മൂന്നു ദിവസമായി വീതി കുറഞ്ഞ പാതയിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ച സാഹചര്യത്തിലാണ്, കലക്ടറുടെ നിർദേശപ്രകാരം ബദൽ സംവിധാനത്തെക്കുറിച്ചു പഠിക്കാൻ ചിറ്റൂർ തഹസിൽദാരുടെ എൻ.എൻ.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായും സംഘം ചർച്ച നടത്തി.

ഗതാഗത പ്രശ്നത്തിന് ഉടൻ പരിഹാരം വേണമെന്നു പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടു. എസ്റ്റേറ്റുകളിലെ കമ്പനികളിലേക്കു ആവശ്യമായ സാമഗ്രികൾ കൊണ്ടു വരുന്നതിനും ഇവിടത്തെ ഉൽപന്നങ്ങൾ കടത്തുന്നതിനും തടസ്സമാകുന്നത് പ്രധാന പ്രശ്നങ്ങളിലൊണ്. താൽക്കാലിക പരിഹാരമായി മണ്ണ് ഇടിഞ്ഞതിന് എതിർഭാഗത്തുള്ള തോട്ടത്തിലെ മണ്ണുനീക്കി പാത വീതി കൂട്ടണമെന്നായിരുന്നു ആവശ്യം. 

അതേസമയം, മൺതിട്ട ഇടിച്ചു റോഡ് നവീകരിക്കുന്നതു സുരക്ഷിതമല്ലെന്നും അപകടം ക്ഷണിച്ചു വരുത്തുമെന്നും മണ്ണ് സംരക്ഷണ വകുപ്പ്, ജിയോളജി വകുപ്പ് അധികൃതർ അഭിപ്രായപ്പെട്ടു. സാധാരണ നിലയിൽ നവീകരണ പ്രവർത്തനങ്ങൾ ഒരു മാസം നീളുമെന്നും എന്നാൽ, പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് 15 ദിവസത്തിനകം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും പൊതുമരാമത്ത് അധികൃതർ പറഞ്ഞു.

വിവിധ വാഹനങ്ങളിലെത്തുന്നവരെ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് ഇറക്കി മറുഭാഗത്തു നിന്നു വീണ്ടും കയറ്റിയാണു നിലവിൽ യാത്ര തുടരുന്നത്. കഴിഞ്ഞദിവസം നിർത്തിവച്ച കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചപ്പോഴും ഇത്തരത്തിൽ മാറിക്കയറിയാണു യാത്ര. വിനോദ സഞ്ചാരികളുടെ വലിയ വാഹനങ്ങളെ പോത്തുണ്ടി ചെക്പോസ്റ്റ് കടത്തിവിടുന്നില്ല.

നെല്ലിയാമ്പതി പഞ്ചായത്ത് അധ്യക്ഷൻ പ്രിൻസ് ജോസഫ്, സെക്രട്ടറി കിൻസ് ബോയ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സഹനാഥൻ, പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ സുനിൽകുമാർ, ആലത്തൂർ സോയിൽ കൺസർവേഷൻ ഓഫിസർ പ്രിൻസ് ടി. കുര്യൻ, ഹസാഡ് അനലിസ്റ്റ് ലേഖ ചാക്കോ, ജിയോളജിസ്റ്റ് എം. വി.വിനോദ്,വി.ജെ.രാഹുൽ, ആഷ വി.കെ.മേനോൻ എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com