ADVERTISEMENT

പാലക്കാട് ∙ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും പാലക്കാട് ലോക്സഭാ മണ്ഡലം എൻ‍ഡിഎ സ്ഥാനാർഥിയുമായ സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികൾക്കു തുടക്കമായി. മണ്ഡലത്തിലുടനീളം പദയാത്ര നടത്തി മുന്നൊരുക്കം പൂർത്തിയാക്കിയ കൃഷ്ണകുമാർ ഇന്നലെ ജില്ലാ ആസ്ഥാനത്തു പ്രഭാത നടത്തക്കാർക്കൊപ്പം ചേർന്നാണു പ്രചാരണത്തിനു തുടക്കമിട്ടത്. കോട്ട, കോട്ടമൈതാനം പരിസരത്തു രാവിലെ നടക്കാൻ എത്തിയവരെ നേരിൽ കണ്ടായിരുന്നു വോട്ടഭ്യർഥന.

പ്രഭാത നടത്തത്തിനെത്തിയവരോട് വോട്ടഭ്യർഥിക്കുന്നതിനിടെ ഇടയ്ക്കു കോട്ടമൈതാനത്ത് ക്രിക്കറ്റ് കളിയിലും അദ്ദേഹം പങ്കാളിയായി. പഠനകാലത്ത് അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനായിരുന്നു കൃഷ്ണകുമാർ. പിരായിരിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സ്ഥാനാർഥി നിർവഹിച്ചു. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ സംഘടനാ നേതാക്കളും പൗരപ്രമുഖരമായി കൂടിക്കാഴ്ചകളും നടത്തി. വൈകിട്ട് കേരളശ്ശേരിയിൽ റോഡുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളിലും പങ്കെടുത്തു. 

വി.കെ.ശ്രീകണ്ഠൻ എംപി പട്ടാമ്പി നേർച്ച ഘോഷയാത്രയിൽ 
പട്ടാമ്പി ∙ പതിവ് തെറ്റിച്ചില്ല; വി.കെ.ശ്രീകണ്ഠൻ എംപി ഇക്കുറിയും പട്ടാമ്പി നേർച്ചയ്ക്കെത്തി. മത സൗഹാർദ സന്ദേശവുമായി ദേശോത്സവമായി ആഘോഷിക്കുന്ന പട്ടാമ്പി നേർച്ചയ്ക്കു ചെറുപ്പം മുതലേ സ്ഥലത്തുണ്ടെങ്കിൽ എത്തുക പതിവാണെന്ന് എംപി പറഞ്ഞു. നാലുമണിക്കു തന്നെ പാർട്ടി നേതാക്കൾക്കൊപ്പം പട്ടാമ്പിയിലെത്തിയ അദ്ദേഹം കേന്ദ്ര നേർച്ചാഘോഷ കമ്മിറ്റി ഓഫിസിലെത്തി ഭാരവാഹികളെയും തുടർന്നു പ്രദക്ഷിണ ഘോഷയാത്രയും കണ്ടാണ് മടങ്ങിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.രാമദാസ്, മണ്ഡലം പ്രസിഡന്റുമാരായ ഉമ്മർ കിഴായൂർ, സെയ്ത് കോടനാട്, പി.രൂപേഷ്, നേതാക്കളായ ജിതേഷ് മോഴിക്കുന്നം, കെ.ബഷീർ, സലീം കള്ളാടിപ്പറ്റ, വാപ്പു കളത്തിൽ, വാഹിദ് കാര്യാട്ട്, മൻസൂർ ചൂരക്കേ‍ാട്, ഹക്കീം മുതുതല, ഹക്കീം ചൂരക്കോട്, വാഹിദ് കൽപക എന്നിവരും എംപിക്കെ‍ാപ്പം ഉണ്ടായിരുന്നു.

കെ.രാധാകൃഷ്ണൻ നെന്മാറ മണ്ഡലത്തിൽ 
കൊല്ലങ്കോട് ∙ ആലത്തൂർ ലോക്സഭ മണ്ഡ‍ലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ നെന്മാറ മണ്ഡലത്തിലെത്തി വോട്ടർമാരെ കണ്ടു. എലവഞ്ചേരി പഞ്ചായത്തിലെത്തിയ സ്ഥാനാർഥി വിദ്യാർഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുമായി സംസാരിച്ചു. തുടർന്നു പല്ലശ്ശന പാറക്കളം, കരിമ്പാറത്തൊടി എന്നിവിടങ്ങളിലും നാട്ടുകാരുമായി സംവദിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.ചെന്താമരാക്ഷൻ, ജില്ലാ കമ്മിറ്റി അംഗം കെ.ബാബു എംഎൽഎ, ഏരിയ സെക്രട്ടറി കെ.പ്രേമൻ, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ആർ.ചിന്നക്കുട്ടൻ, നേതാക്കളായ കെ.രമാധരൻ, എ.ദേവീദാസ്, എം.രാജൻ, കെ.കണ്ണനുണ്ണി എന്നിവർ സ്ഥാനാർഥിക്ക് ഒപ്പമുണ്ടായിരുന്നു.

പ്രചാരണത്തുടക്കമിട്ട് എ.വിജയരാഘവൻ 
ഷൊർണൂർ ∙ പാലക്കാട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എ.വിജയരാഘവൻ മേഖലയിൽ ആദ്യഘട്ട പ്രചാരണം നടത്തി. വോട്ടർമാരെ നേരിൽ കണ്ടും സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തുമായിരുന്നു പ്രചാരണം. ഷൊർണൂർ നിയോജക മണ്ഡലത്തിലെ ഈസ്റ്റ് മനിശ്ശേരി, മനിശ്ശേരി, ത്രാങ്ങാലി, ഷൊർണൂർ ടൗൺ, കുളപ്പുള്ളി എന്നിവിടങ്ങളിൽ സ്ഥാനാർഥിക്കു സ്വീകരണം നൽകി. പി.മമ്മിക്കുട്ടി എംഎൽഎ, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.ആർ.മുരളി, ഒറ്റപ്പാലം ഏരിയ സെക്രട്ടറി എസ്.കൃഷ്ണദാസ് എന്നിവരും ഘടകകക്ഷി നേതാക്കളും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com