ADVERTISEMENT

പശുക്കളെ കൊന്നു, വാഹനങ്ങൾക്ക് കേടുപാട്, ഒരാൾക്കു പരുക്ക്
പാലക്കാട് ∙ ചെമ്മരിയാട്ടിൻകൂട്ടത്തിന്റെ ശബ്ദം കേട്ടു വിരണ്ടു ലോറിയിൽ നിന്നു ചാടിയ ആന നാടുനീളെ നാശം വിതച്ചു. ആനയുടെ പരാക്രമത്തിൽ ഒരാൾക്കു പരുക്കേറ്റു. 2 പശുക്കളെയും ഒരു പശുക്കിടാവിനെയും ചവിട്ടിക്കൊന്നു. ഒരു വീടു പൂർണമായും 24 വീടുകൾ ഭാഗികമായും തകർത്തു. മൂന്നു വാഹനങ്ങൾക്കും കേടുപാടുണ്ട്.

പട്ടാമ്പി നേർച്ച കഴിഞ്ഞ് ആലത്തൂരിലെ മറ്റൊരു ഉത്സവസ്ഥലത്തേക്കു പോകുമ്പോൾ ദേശീയപാതയിൽ കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപം ഇന്നലെ പുലർച്ചെ 3 മണിയോടെയാണു മലപ്പുറത്തെ അക്കരമേൽ ശേഖരൻ എന്ന ആന ഇടഞ്ഞോടിയത്. ഡ്രൈവറും പാപ്പാന്മാരും ചായ കുടിക്കാനായി ലോറി നിർത്തിയതായിരുന്നു. ലോറിയിൽ നിന്നു ചാടിയിറങ്ങിയ ആന, ചെമ്മരിയാട്ടിൻകൂട്ടത്തെ മേയ്ക്കാനായി വന്ന തമിഴ്നാട് സ്വദേശി കന്തസ്വാമിയെയാണ് ആദ്യം ആക്രമിച്ചത്.

കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപത്തു നിന്ന് ഇടഞ്ഞോടിയ  അക്കരമേൽ ശേഖരൻ എന്ന ആന മാത്തൂർ അമ്പാട്ടിനു സമീപം എത്തിയപ്പോൾ ഒന്നാം പാപ്പാൻ ജാബിർ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിന്റെ വിവിധ കാഴ്ചകൾ. വിരണ്ടു നിന്ന ആനയുടെ വാലിൽ ആദ്യം പിടുത്തമിട്ട പാപ്പാൻ മെല്ലെ ആനയെ തലോടി ആനയ്ക്ക് അരികിലേക്ക് എത്തുകയായിരുന്നു. ആനയുടെ പിൻകാലുകളോട് ചേർന്ന് കുറച്ചുനേരം കെട്ടിപ്പിടിച്ചു നിന്നതിനുശേഷമാണ് ജാബിർ ചങ്ങലയും വടവും ഉപയോഗിച്ച് തളച്ചത്.
കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപത്തു നിന്ന് ഇടഞ്ഞോടിയ അക്കരമേൽ ശേഖരൻ എന്ന ആന മാത്തൂർ അമ്പാട്ടിനു സമീപം എത്തിയപ്പോൾ ഒന്നാം പാപ്പാൻ ജാബിർ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിന്റെ വിവിധ കാഴ്ചകൾ. വിരണ്ടു നിന്ന ആനയുടെ വാലിൽ ആദ്യം പിടുത്തമിട്ട പാപ്പാൻ മെല്ലെ ആനയെ തലോടി ആനയ്ക്ക് അരികിലേക്ക് എത്തുകയായിരുന്നു. ആനയുടെ പിൻകാലുകളോട് ചേർന്ന് കുറച്ചുനേരം കെട്ടിപ്പിടിച്ചു നിന്നതിനുശേഷമാണ് ജാബിർ ചങ്ങലയും വടവും ഉപയോഗിച്ച് തളച്ചത്.

5 കിലോമീറ്ററോളം ഓടുന്നതിനിടെ കമ്മന്തറ വടക്കേ വീട്ടിൽ സന്തോഷിന്റെ വീടു പൂർണമായി നശിപ്പിച്ചു. കണ്ണാടി വില്ലേജിൽ 22 വീടുകളും മാത്തൂർ വില്ലേജിൽ 2 വീടുകളും ഭാഗികമായി തകർത്തു. ചത്ത പശുക്കൾക്കു പുറമേ നാലെണ്ണത്തിനു പരുക്കുകളുണ്ട്. രണ്ട് ഓട്ടോറിക്ഷകളും ഒരു സ്കൂട്ടറും തകർത്തു. പരുക്കേറ്റ കന്തസ്വാമിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എലിഫന്റ് സ്ക്വാഡിന്റെയും പാപ്പാന്മാരുടെയും കഠിന പരിശ്രമത്തിനൊടുവിൽ മാത്തൂർ അമ്പാട്ടിൽ രാവിലെ ഒൻപതോടെ ആനയെ തളച്ചു. ലോറിയിൽ ചങ്ങല ബലത്തിൽ ഘടിപ്പിക്കാഞ്ഞതിനാലാണ് ആന ഓടിയതെന്നു നാട്ടുകാർ ആരോപിച്ചു. പരിചിതമല്ലാത്ത ശബ്ദം, മണം എന്നിവ അനുഭവപ്പെട്ടാൽ ആന വിരണ്ടു സുരക്ഷിത സ്ഥലത്തേക്ക് ഓടാമെന്നു കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ആന പഠനകേന്ദ്രം മേധാവി ഡോ.പി.എസ്.രാജീവ് പറഞ്ഞു.

ഞെട്ടൽ മാറാതെ ജനം
പാലക്കാട് ∙ ആനയുടെ അലർച്ചകേട്ട ഞെട്ടലോടെയാണ് കണ്ണാടി വടക്കുമുറിയും പരിസരവും ഇന്നലെ ഉറക്കമുണർന്നത്. കൺമുന്നിൽ ആനയെ കണ്ടു പലരും ജീവനുംകൊണ്ട് ഓടി. തലനാഴിരയ്ക്കു ജീവൻ രക്ഷപ്പെട്ട ആശ്വാസമാണ് വടക്കുമുറി, കമ്മാന്തറ, ചെന്തിരൻകാട്, ചെമ്മംകാട്, കാളിമാടപറമ്പ് ഭാഗത്തെ ജനങ്ങളുടെ മുഖത്ത്. 

ലോറിയിൽ നിന്ന് ഇറങ്ങിയ ആനയുടെ ഓട്ടം എങ്ങോട്ടെന്ന് അറിയാതെ നാട് പകച്ചുപോയി. ഇതിനിടെ വനംവകുപ്പും പൊലീസും എത്തി ആരും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചു. ഓരോ സ്ഥലത്തും ആന നാശനഷ്ടമുണ്ടാക്കി ഓടിയപ്പോഴും ഏതു വഴിയാണ് ഓടിയതെന്നു കണ്ടെത്താൻ പാടുപെട്ടു. പുലർച്ചെ വെളിച്ചം കുറവായതും വെല്ലുവിളിയായി. എഎസ്പി അശ്വതി ജിജി, പാലക്കാട് സൗത്ത് സ്പെഷൽ ബ്രാഞ്ച് എസ്ഐ ശശിധരൻ, കുഴൽമന്ദം എസ്ഐ സാം ജോർജ്, സിപിഒമാരായ ബിജു, വിപിൻ എന്നിവരും വനം ഉദ്യോഗസ്ഥരും കുന്നംകുളം എലിഫന്റ് സ്ക്വാഡും സ്ഥലത്തെത്തി.

വാതിൽ തുറന്നപ്പോൾ മുന്നിൽ തുമ്പിക്കൈ ; ജീവനും സ്കൂൾ ബാഗും തിരികെക്കിട്ടിയ ആശ്വാസത്തിൽ അലീനയും അലനും
അലീനയ്ക്കും അലനും വാർഷിക പരീക്ഷ എഴുതണം. രാവിലെ നേരത്തെ എഴുന്നേറ്റു പഠിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. പുലർച്ചെ 3 മണിയോടെ വീടിനു പുറകിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഞെട്ടിയാണ് ഇരുവരും ഉണർന്നത്.   ‘അയ്യോ ആന, പുറത്തിറങ്ങരുതേ’ എന്ന നിലവിളി കേട്ടതോടെ ഇരുവരും പേടിച്ചു. വാതിൽ പതുക്കെ തുറന്നപ്പോഴേക്കും ആനയുടെ തുമ്പിക്കൈ അടുത്തേക്കു വരുന്നു. ഇതിനിടെ ആന തിരിഞ്ഞ തക്കം നോക്കി കമ്മന്തറ വടക്കേവീട്ടിൽ സന്തോഷും മഞ്ജുളയും മക്കളുമായി പുറത്തേക്ക് ഓടി. മിനിറ്റുകൾക്കുള്ളിൽ ആന ഇവരുടെ വീടെന്ന സുരക്ഷിതത്വവും തകർത്തു. ഏഴാം ക്ലാസ് വിദ്യാർഥിനിയായ അലീനയുടെയും 3–ാം ക്ലാസ് വിദ്യാർഥിയായ അലന്റെയും മുഖത്തു നിന്ന് ആനഭീതി വിട്ടകന്നിട്ടില്ല. തകർന്നുകിടക്കുന്ന വീട്ടിൽ നിന്ന് ഇരുവരും വളരെ ബുദ്ധിമുട്ടിയാണ് സ്കൂൾ ബാഗുകൾ കണ്ടെത്തിയത്. 

ആന ഓടിയ ഓട്ടം 
പുലർച്ചെ 3.00
ദേശീയപാതയിൽ കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപം ആന വിരണ്ട് ലോറിയിൽ നിന്ന് ഇറങ്ങി ഓടി. ആദ്യമെത്തിയതു കമ്മാത്തറ ഭാഗത്ത്. വടക്കേ വീട്ടിൽ സന്തോഷിന്റെ വീട് പൂർണമായി നശിപ്പിച്ചു. പരിസരങ്ങളിലുള്ള വീടുകളുടെ ചുമരുകളും തകർത്തു.

പുലർച്ചെ 4.00
∙ ദേശീയപാത കടന്ന്വടക്കുമുറി ആശാരിത്തറ ഭാഗത്ത്. വീടുകളുടെ ചുമരുകളിൽ ആനയുടെ രക്തക്കറ പുരണ്ടിട്ടുണ്ട്. പല വീടുകളുടെയും മേൽക്കൂരയും ഷെഡുകളും മതിലും തകർത്തു.

∙ ചെമ്മൻകാട് പാലത്തിനു സമീപം പറമ്പിലുണ്ടായിരുന്ന ഓട്ടോറിക്ഷ കുത്തിമറിച്ചു. പല വീടുകളുടെയും അടുക്കള ഭാഗങ്ങൾ തകർത്തു കൊണ്ടാണ് മുൻപോട്ട് ഓടിയത്. കട്ടിലിൽ മുറ്റത്തു കിടന്നുറങ്ങിയ വി.രാജു ആനയുടെ ശബ്ദംകേട്ട് ഓടി. നൊടിയിടയിൽ ആന കട്ടിൽ എടുത്തെറിഞ്ഞു.

വിരണ്ടോടിയ ആനയെത്തിയപ്പോൾ വീടിനു പുറത്ത് കിടന്നുറങ്ങിയിരുന്ന ചെമ്മംകാട്ടിൽ വി.രാജു. ഇദ്ദേഹം ശബ്ദംകേട്ട് ഓടിയപ്പോൾ ആനയെത്തി ഇദ്ദേഹം കിടന്നിരുന്ന കട്ടിൽ എടുത്ത് എറിയുകയും വീടിനോടു ചേർന്നു പണിത ഓല ഷെഡ് തകർക്കുകയും ചെയ്തു. പേടിച്ചോടുന്നതിനിടെയിൽ രാജുവിന്റെ കാലിനു പരുക്കേറ്റു.
വിരണ്ടോടിയ ആനയെത്തിയപ്പോൾ വീടിനു പുറത്ത് കിടന്നുറങ്ങിയിരുന്ന ചെമ്മംകാട്ടിൽ വി.രാജു. ഇദ്ദേഹം ശബ്ദംകേട്ട് ഓടിയപ്പോൾ ആനയെത്തി ഇദ്ദേഹം കിടന്നിരുന്ന കട്ടിൽ എടുത്ത് എറിയുകയും വീടിനോടു ചേർന്നു പണിത ഓല ഷെഡ് തകർക്കുകയും ചെയ്തു. പേടിച്ചോടുന്നതിനിടെയിൽ രാജുവിന്റെ കാലിനു പരുക്കേറ്റു.

∙ ചെന്തരിക്കാട് ഭാഗത്ത് വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും സ്കൂട്ടറും കുത്തിമറിച്ചു. ഈ ഭാഗത്തെ ഒട്ടേറെ വീടുകളുടെ അടുക്കളയും ചുമരുകളും കിണറും മതിലും തകർത്തു. 

∙ തിരുനെല്ലായി ഭാഗത്ത് കാളിമടപറമ്പിൽ കണ്ണന്റെ തൊഴുത്തിലെ പശുവിനെ കുത്തിക്കൊന്നു. മറ്റൊരു പശു എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

രാവിലെ 6.30
∙ പാടങ്ങളിലൂടെയും ഓടി കാളിമാടപറമ്പ്, തരവനാട്ടുകളം, കൊല്ലങ്കോട്ടു പറമ്പ്, പുഴയോരം വഴി അമ്പാട് എത്തി

∙ അമ്പാട് സുരേഷിന്റെ വീടിനോടു ചേർന്ന പറമ്പിലെ ഗേറ്റും ഷെഡും ആന തകർത്തു.

∙ കളത്തിൽ വീട്ടിൽ കലാധരന്റെ 20 ദിവസം പ്രായമായ പശുക്കുട്ടിയെ കുത്തിക്കൊന്നു. ഇവിടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിന്റെ കാലും കൊമ്പും ആക്രമണത്തിൽ ഒടിഞ്ഞു.

∙ കളത്തിൽ രമേശിന്റെ പണിതുകൊണ്ടിരിക്കുന്ന വീടിന്റെ പരിസരത്തെ കുറ്റിക്കാട്ടിൽ എത്തിയ ആന ഇവിടെ നിലയുറപ്പിച്ചു.

8.00
∙ എലിഫന്റ് സ്ക്വാഡിന്റെയും പാപ്പാന്മാരുടെയും ശ്രമത്തിനൊടുവിൽ തളച്ചു. 

9.00
ആനയെ ലോറിയിൽ കയറ്റി കൊണ്ടു പോയി. 

 പശുക്കുട്ടി പോയി;  പാതി ജീവനുമായി പശു
കറവയ്ക്കിടെ പിന്നിൽ കേട്ടത് ആനയുടെ ശബ്ദം– പത്മാവതിക്കു വിശ്വസിക്കാനാവുന്നില്ല: അമ്പാട് കളത്തിൽ വീട്ടിൽ പത്മാവതി പശുവിനെ കറന്ന് തൊഴുത്തിൽ നിന്നിറങ്ങി 10 മിനിറ്റിനു ശേഷമാണ് ആന തൊഴുത്തിൽ എത്തുന്നത്. കറവയ്ക്കിടെ പുറകിലെ പാടത്തുനിന്ന് ശബ്ദം കേട്ടെങ്കിലും എന്താണെന്നു മനസ്സിലായില്ല. സൊസൈറ്റിയിലേക്ക് പാൽ കൊടുക്കാനായി വീടിനു പുറത്ത് എത്തിയപ്പോഴേക്കും തൊഴുത്തിൽ നിന്നു പശുക്കളുടെ അലർച്ച കേട്ടു. തൊഴുത്ത് തകർത്ത് അകത്തുകയറിയ ആന 20 ദിവസം പ്രായമുള്ള പശുക്കുട്ടിയെ ചവിട്ടി. 

കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപത്തു നിന്ന് ഇടഞ്ഞോടിയ  അക്കരമേൽ ശേഖരൻ എന്ന ആന മാത്തൂർ അമ്പാട്ടിനു സമീപം എത്തിയപ്പോൾ. പുലർച്ചെ മൂന്നോടെ വിരണ്ടോടിയ ആനയെ രാവിലെ ഒൻപതിന് അമ്പാട്ടിൽ പാപ്പാൻമാരുടെ കഠിന പരിശ്രമത്തിനൊടുവിൽ തളയ്ക്കുകയായിരുന്നു. 
                                                                                          ചിത്രങ്ങൾ: ഗിബി സാം ∙ മനോരമ
കണ്ണാടി വടക്കുമുറി പെട്രോൾ പമ്പിനു സമീപത്തു നിന്ന് ഇടഞ്ഞോടിയ അക്കരമേൽ ശേഖരൻ എന്ന ആന മാത്തൂർ അമ്പാട്ടിനു സമീപം എത്തിയപ്പോൾ. പുലർച്ചെ മൂന്നോടെ വിരണ്ടോടിയ ആനയെ രാവിലെ ഒൻപതിന് അമ്പാട്ടിൽ പാപ്പാൻമാരുടെ കഠിന പരിശ്രമത്തിനൊടുവിൽ തളയ്ക്കുകയായിരുന്നു. ചിത്രങ്ങൾ: ഗിബി സാം ∙ മനോരമ

ഇതോടെ  ഭർത്താവ് കലാധരനും വീട്ടിലുള്ളവരും പുറത്തേക്ക് ഇറങ്ങിയോടി. പശുവിനു കുടിക്കാൻ വച്ച വെള്ളവും കുടിച്ചാണ് ആന ആക്രമണം തുടർന്നത്. ഒരു പശു കയറുപൊട്ടിച്ച് പുറത്തുചാടിയതോടെ രക്ഷപ്പെട്ടു. കറവയുള്ള പശുവിന്റെ കൊമ്പും കാലും ആക്രമണത്തിൽ ഒടിഞ്ഞു. ഇതിന്റെ നാവും പുറത്തുവന്നിട്ടുണ്ട്. ദിവസവും 8 ലീറ്റർ പാൽ തൽകിയിരുന്ന പശുവിനെയും കുട്ടിയെയുമാണ് ആനയുടെ ആക്രമണത്തിൽ ഇവർക്ക് നഷ്ടമായത്. തൊഴുത്തിന്റെ മേൽക്കൂരയും തകർന്നു.

വിരണ്ടോടിയ ആന തകർത്ത വീടിനു മുന്നിൽ ചെന്തിരക്കാട് ലക്ഷ്മി നിവാസിൽ രാജൻ.
വിരണ്ടോടിയ ആന തകർത്ത വീടിനു മുന്നിൽ ചെന്തിരക്കാട് ലക്ഷ്മി നിവാസിൽ രാജൻ.

രണ്ടു പശുക്കൾ  പോയി; സഹോദരന്റെ ജീവൻ കിട്ടിയ ആശ്വാസത്തിൽ കണ്ണൻ
കണ്ണാടി കാളിമാടപ്പറമ്പ് എം.കണ്ണന്റെ  രണ്ടു കറവപ്പശുക്കളിൽ ഒന്ന് ആനയുടെ കുത്തേറ്റു ചത്തു. മറ്റൊരു പശു എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലുമായി.  നിത്യേന 15 ലീറ്റർ പാൽ കറക്കുന്നു പശുവാണ് ഇവർക്ക് നഷ്ടമായത്. ബാങ്കിൽ നിന്നു വായ്പയെടുത്താണു പശുവിനെ വാങ്ങിയത്.  

സഹോദരൻ ശെൽവൻ ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിരയ്ക്കാണ്. വീടിനോട് ചേർന്ന് കട നടത്തുന്ന ശെൽവൻ സാധാരണ പുലർച്ചെ 4നു കട തുറക്കും. ഇന്നലെ രാവിലെ കട തുറന്നു മുൻവശം വൃത്തിയാക്കുന്നതിനിടെ പിറകുവശത്ത് ആന നിൽക്കുന്നത് കണ്ടു. ഉടനെ വീട്ടിനകത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കണ്ണാടി വടക്കുമുറി വത്സല ബാലകൃഷ്ണന്റെ രണ്ട് പശുക്കളും ആക്രമത്തിനിരയായി. ഒരു പശുവിന്റെ കൊമ്പ് നഷ്ടപ്പെട്ടിട്ടുണ്ട്.

ആന തകർത്ത ചെമ്മംകാട്ടിൽ വീട്ടിൽ വിശ്വനാഥന്റെ മിനിവാൻ.
ആന തകർത്ത ചെമ്മംകാട്ടിൽ വീട്ടിൽ വിശ്വനാഥന്റെ മിനിവാൻ.

ആനയുടെ ആക്രമണത്തിൽ നഷ്ടം സംഭവിച്ച മറ്റുള്ളവർ
∙ കണ്ണാടി കമ്മാന്തറ മുല്ലക്കൽ കെ.വിനോദിന്റെ ഓടിട്ട വീടിന്റെ ചുമരും മേൽക്കൂരയും ഭാഗികമായി തകർന്നു.∙ മുല്ലക്കൽ  പാർവതിയുടെ ഓടിട്ട വീടിന്റെ ചുമരും മേൽക്കൂരയും ഭാഗികമായി തകർന്നു ∙ വടക്കുമുറി കനകത്ത് വീട്ടിൽ കെ.മണിപ്രസാദിന്റെ മതിലും കിണറിന്റെ തൂണും തകർന്നു ∙ കണ്ണാടി പള്ളത്ത് പുര, കുഞ്ചാരന്റെ ഭാര്യ സരോജിനിയുടെ ഓടുമേഞ്ഞ വീടിന്റെ അടുക്കള ഭാഗം തകർന്നു ∙ വടക്കുമുറി സായുസ്തുതിയിൽ വിദ്യാശങ്കറിന്റെ വീടിനോടു ചേർന്നുളള മതിൽ തകർന്നു ∙ വടക്കുമുറി ശ്രീവിജയത്തിൽ ആർ.രാജന്റെ ഓടിട്ട വീടിന്റെ ചുമരും മേൽക്കൂരയും ഭാഗികമായി തകർന്നു ∙ വടക്കുമുറി ശ്രീകല മോഹൻദാസിന്റെ ഓടിട്ട വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു ∙ കണ്ണാടി ചെമ്മങ്ങാട് രതീഷിന്റെ ഓട്ടോറിക്ഷ മറിച്ചിട്ടതിനാൽ കേടുപാടുകൾ സംഭവിച്ചു ∙ ചെമ്മങ്ങാട് കിഴക്കേതിൽ വിശ്വനാഥന്റെ ഓട്ടോറിക്ഷ മറിച്ചിട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് ∙ ചെമ്മങ്ങാട് വി.രാജുവിന്റെ ഷീറ്റിട്ട അടുക്കള തകർത്തു ∙ ചെമ്മങ്ങാട് വി.ഹരിദാസിന്റെ ഓടിട്ട വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു ∙ കണ്ണാടി ചെന്തിരൻകാട് കെ.രാജന്റെ ഓടിട്ട വീട് ഭാഗികമായി തകർന്നു ∙ ചെന്തിരൻകാട് വി.സതീഷിന്റെ കോൺക്രീറ്റ് വീട് ഭാഗികമായും, സ്കൂട്ടറും തകർന്നു ∙ ചെന്തിരൻകാട് സി.നാരായണന്റെ ഓടിട്ട വിറകുപുര തകർന്നു ∙ ചെന്തിരൻകാട് എം.രാധാകൃഷ്ണന്റെ  ഓടിട്ട വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു 

∙ ചെന്തിരൻകാട്  കളത്തിൽ വീട്ടിൽ എം.വാസുവിന്റെ ഷീറ്റ് മേഞ്ഞ അടുക്കളയും ശുചിമുറിയും തകർന്നു ∙ കളത്തിൽ വീട്ടിൽ വി.രതീഷിന്റെ ഗേറ്റ് തകർന്നു ∙ കണ്ണാടി കാളിമാടപറമ്പ്, മരുതചെട്ടിയാരുടെ ഓടിട്ട കടയും ഓടിട്ട വീടും ഭാഗികമായി തകർന്നു ∙ എം.സുരേഷിന്റെ മോട്ടർ പുരയും ഗേറ്റും ഭാഗമായി തകർത്തു. രമേഷ്, ലിജ എന്നിവരുടെ വാഴയും ചെറിയ മരങ്ങളും നശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com