ADVERTISEMENT

ചിറ്റൂർ ∙ വിവാഹ വാർഷിക ദിനത്തിൽ പതിവുപോലെ ഏറെ സന്തോഷത്തോടെ ഗുരുവായൂരിൽ തൊഴാൻ പോയതായിരുന്നു അനിൽകുമാറും കുടുംബവും. എന്നാൽ, ആ സന്തോഷം അധികനേരം നീണ്ടില്ല. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രാവലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അനിൽകുമാർ മരിച്ചു. ബുധനാഴ്ച പുലർച്ചെ 6 മണിയോടെ തൃശൂർ പൂങ്കുന്നത്തായിരുന്നു അപകടം. ആലപ്പുഴ സ്വദേശിയായ അനിൽകുമാർ 15 വർഷം മുൻപാണു ഗോപാലപുരത്തെത്തിയത്. ഇവിടെ നിന്നു വിവാഹിതനായ അനിൽകുമാർ കരുമാണ്ടകൗണ്ടന്നൂരിൽ സ്ഥിരതാമസമാക്കി. 11–ാം വിവാഹ വാർഷികമായിരുന്നു ബുധനാഴ്ച.

മിക്ക വാർഷികത്തിനും ഗുരുവായൂരിലേക്കു പോകാറുണ്ട്. ബുധനാഴ്ചയും അതുപോലെ കുടുംബസമേതം പോയതായിരുന്നു. ഭാര്യ സുകന്യ. മകൻ അഭിനന്ദ്, സുകന്യയുടെ അമ്മ സുശീല, സുകന്യയുടെ സഹോദരി സുസ്മിത, സുസ്മിതയുടെ മക്കൾ ദൃശ്യ, ദാരുഷ എന്നിവരാണു വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ എല്ലാവർക്കും പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അനിൽകുമാറിന്റെ മൃതദേഹം ഗോപാലപുരത്തെത്തിച്ചു സംസ്കരിച്ചു. സുകന്യയും സുശീലയും ഒഴികെയുള്ളവർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കാറും മിനിബസും കൂട്ടിയിടിച്ച് അപകടം: യുവാവു മരിച്ചു 

തൃശൂർ ∙  കാറും നാടക സംഘത്തിന്റെ മിനി ബസും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. കാർ ഓടിച്ചിരുന്ന പാലക്കാട് ഗോപാലപുരം വണ്ണാമട കരുമാണ്ട കൗണ്ടന്നൂർ വീട്ടിൽ അനിൽകുമാർ (48) ആണു മരിച്ചത്. ഭാര്യ സുകന്യ (38), മകൻ അഭിനന്ദ് (8), ബന്ധുവായ നല്ലേപ്പിള്ളി മാണിക്കത്തുകളം സുസ്മിത നാരായണൻകുട്ടി (38), സുശീല (58), സുസ്മിതയുടെ മക്കളായ ദൃശ്യ (8), ദാരുഷ (5) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഐസിയുവിൽ നിരീക്ഷണത്തിലാണ്.

വിവാഹ വാർഷികദിനത്തിൽ കുടുംബവുമൊത്ത് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനു പോകുകയായിരുന്നു അനിൽകുമാർ. ഇന്നലെ രാവിലെ 5.40നു പൂങ്കുന്നത്ത് വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിക്കു സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് മിനി ബസ് മറിഞ്ഞു. ബസിലുണ്ടായിരുന്ന മണികണ്ഠ പ്രസാദ്, ഗിരീഷ്, രജീഷ്, രതീഷ്, മഹേഷ് എന്നിവർക്ക്  നിസാര പരുക്കുകളുണ്ട്. തമിഴ്നാട്ടിൽ കുട നിർമാണ കമ്പനിയിലെ മാനേജരാണ് അനിൽകുമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com