ADVERTISEMENT

ഒറ്റപ്പാലം∙ ഭാരതപ്പുഴയിലെ ഇതര തടയണകൾക്കു പിന്നാലെ ഒറ്റപ്പാലം മീറ്റ്ന തടയണയിലും ജലനിരപ്പ് കുറയുന്നു. സാമൂഹികവിരുദ്ധർ തടയണയിലെ 2 ഷട്ടറുകൾ തുറന്നു വിട്ടതിനു പുറമേ വേനൽമഴ വൈകുന്നതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ഷട്ടറുകൾ തുറക്കപ്പെട്ടതിനു പിന്നാലെ തടയണയിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിൽ നിന്നു 2 അടിയോളം താഴ്ന്നതായാണു ജല അതോറിറ്റിയുടെ കണക്ക്. നേരത്തെ ഒരു കിലോമീറ്റർ ദൂരത്താണു വെള്ളം സംഭരിച്ചിരുന്നത്. വേനൽ മഴ കൂടി വൈകിയതോടെ ജലനിരപ്പ് പെട്ടെന്നു താഴ്ന്നു.

പലയിടത്തും മണൽത്തിട്ടകൾ പുറത്തു കാണാം. നിലവിൽ പമ്പിങ്ങിൽ നിയന്ത്രണങ്ങളില്ലെങ്കിലും മഴ വൈകിയാൽ ശുദ്ധജല പദ്ധതികൾ പ്രതിസന്ധിയിലാകും. മഴ വൈകുന്ന സാഹചര്യമുണ്ടായാൽ മലമ്പുഴ ഡാമിൽ നിന്നു വെള്ളം പുഴയിലേക്കു തുറന്നു  വിടേണ്ടി വരും. പുഴയിലെ ഇതര തടയണകളിലെല്ലാം നേരത്തെ തന്നെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരുന്നു. 

അപ്പോഴും നിറഞ്ഞു തുളുമ്പിയിരുന്ന തടയണയിലെ 2 ഷട്ടറുകളാണ് ഒരാഴ്ച മുൻപു സാമൂഹിക വിരുദ്ധർ തുറന്നുവിട്ടത്. 26 ഷട്ടറുകളുള്ള തടയണയാണിത്. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര ശുദ്ധജല പദ്ധതികളുടെ സ്രോതസ്സാണു ഭാരതപ്പുഴയിലെ മീറ്റ്ന തടയണ. ഇതിനു പുറമേ, വരൾച്ച നേരിടുന്ന പ്രദേശങ്ങളിലേക്കു ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതും മീറ്റ്ന തടയണയിൽ      നിന്നാണ്. അനങ്ങനടി, അമ്പലപ്പാറ, മണ്ണൂർ പഞ്ചായത്തുകളിലേക്കാണു ടാങ്കറുകളിൽ ജലവിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com