ADVERTISEMENT

പാലക്കാട് ∙ ആളിയാറിൽ നിന്നുള്ള ജല വിതരണം കുറഞ്ഞതോടെ അടിയന്തരമായി ഇടപെട്ടു കേരളം. ഇന്നലെ രാവിലെ സെക്കൻഡിൽ 104 ഘനയടി തോതിൽ ചിറ്റൂർപ്പുഴയിലേക്കു ജലം ലഭിച്ചിരുന്നെങ്കിലും പിന്നീടത് 87 ക്യുസെക്സ് ആയി കുറഞ്ഞു. ഇതോടെ മന്ത്രി കെ.കൃഷ്ണൻകുട്ടി ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടിക്കു നിർദേശിച്ചു. സെക്കൻഡിൽ 150 ഘനയടി തോതിലെങ്കിലും വെള്ളം നേടിയെടുക്കാനാണു നിർദേശം. 

കേരള ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു കൂടുതൽ ജലം നേടിയെടുക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. സെക്കൻഡിൽ 150 ഘനയടി തോതിലെങ്കിലും ജലം ലഭിച്ചാൽ മാത്രമേ ചിറ്റൂർപ്പുഴ, ഭാരതപ്പുഴകളിലെ ശുദ്ധജല പദ്ധതികൾ പ്രവർത്തിപ്പിക്കാനാകൂ. മേയ് അവസാനം വരെ ഇതേ തോതിൽ ജലം ലഭിക്കേണ്ടതുണ്ട്.   അതേ സമയം വേനൽ കൂടുതൽ കടുക്കുകയും വേനൽമഴ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പറമ്പിക്കുളം, ആളിയാ‍ർ ഡാമുകളിലുൾപ്പെടെ ജലനിരപ്പു കുറഞ്ഞുവരികയാണ്. ഇതു കേരളത്തെയും കടുത്ത ആശങ്കയിലാക്കുന്നുണ്ട്. 

രണ്ടോ, മൂന്നോ ശക്തമായ വേനൽമഴ ലഭിച്ചാൽ മാത്രമേ പുഴകളിൽ നേരിയ തോതിലെങ്കിലും ജലമൊഴുക്ക് ഉണ്ടാകൂ. പാലക്കാട് ഇതുവരെ ഒരു തവണ മാത്രമാണു കാര്യമായ വേനൽമഴ ലഭിച്ചത്. ഇതിനിടെ ജലം എത്താത്തതിനാൽ ഞാവളംകടവ് തടയണയിൽ നിന്നുള്ള പമ്പിങ് പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല. മുകളിലുള്ള തടയണകൾ തുറന്നു ഞാവളംകടവിൽ ജലം എത്തിക്കാൻ ശ്രമം തുടരുകയാണ്. ഇതിനിടെയുളള ആളിയാർ ജലവിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ ആശങ്ക  വർധിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com