ADVERTISEMENT

പാലക്കാട് ∙ കനത്ത ചൂടിൽ ജില്ലയിലെ ഡാമുകളിലും ജലാശയങ്ങളിലും മത്സ്യ ഉൽപാദനത്തിൽ വലിയ കുറവ്. ദിനംപ്രതി 1.5 ടൺ മത്സ്യം വരെ ലഭിച്ചിരുന്ന മലമ്പുഴ ഡാമിൽ നിന്ന് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്നത് 600 കിലോഗ്രാമിൽ താഴെ മത്സ്യം. മലമ്പുഴ, വാളയാർ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലംഡാം, മീങ്കര, ചുള്ളിയാർ, ശിരുവാണി തുടങ്ങി ഡാമുകളെ ആശ്രയിച്ചു കഴിയുന്ന ആയിരത്തിലേറെ മത്സ്യബന്ധന തൊഴിലാളികളെ ഇതു സാരമായി ബാധിച്ചു. കട്‍ല, രോഹു, മൃഗാല, കരിമീൻ, തിലാപ്പിയ, പൊടിമീൻ എന്നിവയാണു ജില്ലയിൽ പ്രധാനമായും വളർത്തുന്ന മീനുകൾ.

തിലാപ്പിയ ആണു കൂടുതൽ. കട്‍ല, രോഹു, മൃഗാല തുടങ്ങിയ വലിയ മീനുകൾക്കു കിലോഗ്രാമിനു 150 രൂപയാണു വില. തിലാപ്പിയയ്ക്കു 180 രൂപ വരെ വിലയുണ്ട്. ഒരു ദിവസം 8 കിലോഗ്രാം വരെ മത്സ്യം ഒരു തൊഴിലാളിക്കു ലഭിക്കുമായിരുന്നു. ഇപ്പോൾ രണ്ടു കിലോഗ്രാമിൽ താഴെ മാത്രം. ചിലപ്പോൾ വെറും കയ്യോടെ മടങ്ങേണ്ടി വരും. ഡാമുകളിൽ പ്രത്യേക കൂട് ഒരുക്കി ഗിഫ്റ്റ് തിലാപ്പിയയും കൃഷി ചെയ്തിരുന്നു. ചൂടു കൂടി മീനുകൾ‍ ചാകുന്നതു പതിവായതോടെ ഇതു നി‍ർത്തി. ജലാശയങ്ങളിൽ മത്സ്യക്കൃഷി ചെയ്തിരുന്നവരും ദുരിതത്തിലാണ്. ചൂടിൽ മീനുകൾ ചാകുന്നതു പതിവാണ്.

ജില്ലയിൽ മത്സ്യക്കൃഷി ചെയ്തു ജീവിക്കുന്ന മൂവായിരത്തോളം പേരുണ്ട്. പുഴകളിലും തോടുകളിലും നിന്നു മീൻ പിടിച്ചു ജീവിക്കുന്ന ആദിവാസികൾക്കും ദുരിത കാലമാണ്. പുഴകളിലും തോടുകളിലും വെള്ളമില്ലാതെയായി. അട്ടപ്പാടി, മലമ്പുഴ, പറമ്പിക്കുളം, മംഗലംഡാം എന്നിവിടങ്ങളിൽ ഒട്ടേറെ ആദിവാസികൾ പുഴകളിൽ നിന്നും മറ്റും മീൻ പിടിച്ച് ഉപജീവനം നടത്തുന്നവരുണ്ട്. ശുദ്ധജല മത്സ്യങ്ങൾ ഇപ്പോൾ കൂടുതലും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. കടൽ മത്സ്യങ്ങളുടെ വരവു കുറഞ്ഞതും മീൻ വില കൂടാൻ കാരണമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com