ADVERTISEMENT

പത്തനംതിട്ട ∙ ഇന്ധനം അടിച്ച വകയിൽ നൽകാനുള്ള തുക പെരുകിയതോടെ പെട്രോൾ പമ്പ് ഉടമകൾ പൊലീസിനു കടം കൊടുക്കുന്നത് നിർത്തി. ‘ഇന്ധനക്ഷാമം’ നേരിട്ടതോടെ നൈറ്റ് പട്രോളിങ് കുറച്ച് ജില്ലാ പൊലീസ്. ഇന്ധനം അടിച്ച വകയിൽ ജില്ലയിലെ 3 പമ്പുകൾക്കു മാത്രം 34.5 ലക്ഷം രൂപയാണു പൊലീസ് നൽകാനുള്ളത്. അടൂരിലെ ഒരു പമ്പിൽ 7 മാസത്തെ 20 ലക്ഷം രൂപ, പൊടിയാടിയിൽ 6 മാസത്തെ 3 ലക്ഷം രൂപ, പത്തനംതിട്ടയിൽ 5 മാസത്തെ 11.5 ലക്ഷം രൂപ എന്നിവയടക്കം ലക്ഷങ്ങളുടെ കടമാണു പൊലീസ് വകുപ്പിനുള്ളത്. 

കണക്കു പുറത്തു പറയാൻ മടിയാണെങ്കിലും പണം ലഭിക്കാതായതോടെ പല പമ്പ് ഉടമകളും ഇന്ധനം നൽകുന്നതു നിർത്തി. ‌മരാമത്ത് വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവർ ഇന്ധനം നൽകാൻ ആവശ്യപ്പെട്ടെങ്കിലും പമ്പുടമകൾ നൽകില്ലെന്നറിയിച്ചു. ഫണ്ട് ലഭിക്കുന്നതനുസരിച്ചു മറ്റു വകുപ്പുകൾ പണം നൽകുമെങ്കിലും ഏറ്റവും കൂടുതൽ കുടിശ്ശികയുള്ള പൊലീസിന്റെ പക്കൽനിന്നു പണം കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്നും സർക്കാരിൽ നിന്നു ഫണ്ട് ലഭിക്കുന്നില്ലെന്നാണു മറുപടിയെന്നും ഉടമകൾ പറയുന്നു.

ജില്ലയിൽ 82 പമ്പുകളിൽ പകുതിയിലേറെ പമ്പുകളും സർക്കാർ വകുപ്പുകൾക്ക് ഇന്ധനം നൽകുന്നുണ്ട്. ജീവനക്കാർക്കുള്ള ശമ്പളം, വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ, ഇന്റർനെറ്റ് തുക, വെള്ളക്കരം തുടങ്ങി ഒട്ടേറെ ചെലവുകൾ ഉണ്ടെന്നും അതിനാൽ നൽകുന്ന ഇന്ധനത്തിന്റെ പണം കിട്ടാതെ തരമില്ലെന്നും ഉടമകൾ പറഞ്ഞു.

അതേസമയം വർഷത്തിൽ 3 കോടി രൂപയാണു ജില്ലയിലെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനമടിക്കുന്ന വകയിൽ സർക്കാർ അനുവദിക്കുന്നതെന്നു ജില്ലാ പൊലീസ് മേധാവി വി.അജിത് പറഞ്ഞു. ഇതിൽ ഒന്നരക്കോടി ഇതിനോടകം അനുവദിക്കുകയും പണം നൽകുകയും ചെയ്തിട്ടുണ്ട്. 

ജൂൺ മുതലുള്ള പണമാണ് ഇനി നൽകാനുള്ളത്. ഫണ്ട് ലഭിക്കുന്ന മുറയ്ക്കു പണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.  പണം നൽകാതെ ഇന്ധനം നൽകാനാകില്ലെന്നു പമ്പ് ഉടമകളുടെ സംഘടനയായ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികളായ സി.കെ.രവിശങ്കർ, സുനിൽ സീതത്തോട് എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com