ADVERTISEMENT

പന്തളം∙ മേൽക്കൂരയോളം വെള്ളം കയറി വീടൊഴിയേണ്ടി വന്ന 2018ലെ പ്രളയത്തിന്റെ ആധിയൊഴിയും മുൻപ് പാടം നികത്തി പന്തളം ബൈപാസ് പദ്ധതി നടപ്പാക്കുന്നതിന്റെ ആശങ്ക പങ്കുവച്ചു മങ്ങാരം,മുട്ടാർ,തോന്നല്ലൂർ,പാലത്തടം നിവാസികൾ. പദ്ധതി പ്രദേശത്ത് താമസിക്കുന്നവരുടെ പരാതികൾ കേൾക്കാൻ ഇന്നലെ വിളിച്ചു ചേർത്ത യോഗമായിരുന്നു വേദി.

വികസനത്തിന് തങ്ങൾ എതിരല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അവർ, പാടവും നീർച്ചാലും കടക്കാൻ തൂണുകൾ സ്ഥാപിച്ചു ബൈപാസ് സ്ഥാപിക്കുകയോ മേൽപാലം പരിഗണിക്കുകയോ വേണമെന്നും ആവശ്യപ്പെട്ടു. നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്,കിഫ്ബി തഹസിൽദാർ ജി.ആനന്ദ് എന്നിവർ നേതൃത്വം നൽകി.

ആശങ്കകളേറെ, അവ്യക്തതകളും
വാളകത്തിനാൽ പാടത്തിലൂടെയും മുട്ടാർ നീർച്ചാൽ കുറുകെയുമാണ് ബൈപാസിന്റെ രൂപരേഖ. 33 ഏക്കർ സ്ഥലം വേണം. 2018ലെ പ്രളയത്തിൽ പ്രദേശമാകെ മുങ്ങിയിരുന്നു. പാടം നികത്തിയാൽ മഴക്കാലത്ത് ആധി കൂടുമെന്നു പ്രദേശവാസികൾ പറഞ്ഞു. അച്ചൻകോവിലാർ,ഐരാണിക്കുടി തോട്,മുട്ടാർ നീർച്ചാൽ എന്നീ 3 വഴികളിലൂടെയാണ് വെള്ളമെത്തുക.

മന്നം ആയുർവേദാശുപത്രി–മുട്ടാർ റോഡിന്റെ നിലവിലെ ഉയരം തന്നെ ബുദ്ധിമുട്ടാണെന്ന് അവർ ചൂണ്ടിക്കാട്ടി. മുട്ടാർ ഭാഗത്ത് യഥേഷ്ടം സ്ഥലമുണ്ടായിട്ടും ഒരു വീടിന്റെ പ്രധാനഭാഗം നഷ്ടപ്പെടുന്ന രീതിയിൽ കല്ലിട്ടതും പരാതിയായി. ഒന്നര കിലോമീറ്റർ എംസി റോഡ് കടക്കാൻ 4 കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ടി വരുന്നതും വിമർശനമായി. വലക്കടവിൽ വലിയ പാലം വേണമെന്നും ആവശ്യമുയർന്നു.

വിശദപഠനം  നടത്തും
പരാതികളും ആശങ്കകളും പരിഗണിച്ചു വിശദപഠനം നടത്തുമെന്ന് കെആർഎഫ്ബി എഇ എസ്.വീണ പറഞ്ഞു. 3.8 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ബൈപാസ്. പാടം നികത്തി നിർമാണം നടത്തുന്നതിൽ അന്തിമ തീരുമാനമായിട്ടില്ല.

ഇക്കാര്യത്തിൽ പ്രദേശവാസികളുടെ ആശങ്ക പരിഗണിക്കും. പാടം നികത്തി നിർമാണം നടത്തേണ്ടി വന്നാൽ, ശാസ്ത്രീയമായ രീതിയിൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്താത്ത രീതിയിൽ കലുങ്ക് ഉൾപ്പടെ പരിഗണിക്കുമെന്നും അവർ പറഞ്ഞു.

പരമാവധി തുക നഷ്ടപരിഹാരം
ഭൂമി നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തിൽ ആശങ്ക വേണ്ടെന്ന് കിഫ്ബി തഹസിൽദാർ ജി.ആനന്ദ്. തൊട്ടുമുൻപുള്ള 3 വർഷത്തെ ഭൂമിയുടെ പരമാവധി വിലയാണ് പരിഗണിക്കുക. ഇതിന്റെ ഇരട്ടിയും 12 ശതമാനം പലിശയുമാണ് നഷ്ടപരിഹാരം.

നഷ്ടപ്പെടുന്ന നിർമാണങ്ങളുടെയും വൃക്ഷങ്ങളുടെയും അടക്കം വിലയും കണക്കാക്കും. സാമൂഹികപ്രത്യാഘാത പഠനം വരെയാണ് പൂർത്തിയായത്. ഇനി 5 ഘട്ടം കൂടിയുണ്ട്. ഭൂമി ഏറ്റെടുക്കലിൽ നഷ്ടപരിഹാരവും പുനരധിവാസവും സംബന്ധിച്ച നിയമം പാലിച്ചാകും നടപടികൾ.

ഒരു വീട് മാത്രം പൊളിക്കും
പദ്ധതിക്കായി പൂർണമായി പൊളിക്കേണ്ടി വരിക ഒരു വീട് മാത്രമാണ്. 407 പേരാണ് പദ്ധതി പ്രദേശത്തുള്ളത്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലമാണെന്ന് കണ്ടെത്തിയതായി സാമൂഹികാഘാത പഠനം നടത്തിയ കണ്ണൂർ ഡോൺ ബോസ്കോ കോളജ് സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി സോജൻ പി.ജോസ്,കോ–ഓർഡിനേറ്റർ കെ.വി.സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു. 106 പേരുടെ ഭൂമി വേണം. 41 പേരുടെ ഭൂമിയിലെ മതിൽ,ഗേറ്റ്,കിണർ അടക്കം നിർമാണങ്ങൾ നഷ്ടപ്പെടും.

ബൈപാസ് വേണോ, മേൽപാലം  പോരേയെന്നും അഭിപ്രായം
ബൈപാസിന്റെ നീളവും ഭീമമായ പദ്ധതി തുകയും കണക്കാക്കിയാൽ മേൽപാലം നിർമിക്കുന്നതല്ലേ ഉചിതമെന്നും അഭിപ്രായമുയർന്നു. ജംക്‌ഷനിലെ കുരുക്കൊഴിവാക്കാൻ ഇതാണ് നല്ലത്. സിഎം ആശുപത്രി ജംക്‌ഷന് സമീപം തുടക്കത്തിലും ബൈപാസ് എത്തുന്ന മണികണ്ഠനാൽത്തറയിലും കുരുക്കിനിടയാക്കുന്നതാണ് ബൈപാസ്. 

ഒരു കിലോമീറ്ററിൽ താഴെ മേൽപാലം നിർമിക്കാൻ ഇത്ര തുക വേണ്ടെന്നും പൊതുഅഭിപ്രായമുയർന്നു. എംസി റോഡിന് സമാന്തരമായി നിർദിഷ്ട വയറപ്പുഴ പാലത്തിന് സമാന്തരമായി ബൈപാസ് പരിഗണിക്കണമെന്നും നിർദേശമുണ്ടായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു,രാധാ വിജയകുമാർ,കൗൺസിലർമാരായ രശ്മി രാജീവ്,കെ.വി.ശ്രീദേവി,രത്നമണി സുരേന്ദ്രൻ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com