ADVERTISEMENT

വരും തലമുറകൾക്കു കൈമാറേണ്ട തലമുറാനന്തര സ്വത്ത്. കഴിഞ്ഞ 129 വർഷമായി ഇങ്ങനെ കൈമാറുന്ന പ്രകൃതിയുടെ വരദാനമാണ് പമ്പാനദിയിലെ മാരാമൺ ഉൾപ്പെടെയുള്ള മണൽപുറങ്ങൾ. ആഗോള താപനത്തിന്റെ ഫലമായി ചൂട് വർധിച്ച് കാലാവസ്ഥ മാറുമ്പോൾ കാലിനടിയിലെ മണ്ണുപോലും കടലെടുക്കുന്ന സ്ഥിതിയാണ്. തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തേക്കാൾ ശക്തമായ പ്രളയം 2018 ൽ ഉണ്ടായി. നൂറു വർഷത്തിനിടയിൽ മഹാപ്രളയങ്ങൾ ആവർത്തിച്ചേക്കാമെന്ന ഓർമപ്പെടുത്തലായി അത്. 

ഒരാഴ്ച മഴ പെയ്യാതിരുന്നാൽ പമ്പാനദിയിൽ ഒഴുക്കു നിലയ്ക്കുന്ന സ്ഥിതി. ഒരു വർഷത്തിൽ ശരാശരി 135 ദിവസം മാത്രമാണ് നദിയിൽ നീരൊഴുക്ക് ഉള്ളതെന്ന് നാറ്റ്പാക് ഗവേഷണ കേന്ദ്രം മേധാവിയും റാന്നി സ്വദേശിയുമായ ഡോ. സാംസൺ മാത്യു പറയുന്നു. മാരാമൺ കൺവൻഷൻനു മുന്നോടിയായി നടന്ന പരിസ്ഥിതി സമ്മേളനത്തില‍ാണ് ഡോ. സാംസൺ ഇക്കാര്യം വെളിപ്പെടുത്തിയത്.

ചെറുതും വലുതുമായ ഏകദേശം 22 നിർമിതികൾ പമ്പാനദിയുടെ മുകൾ ഭാഗത്ത് ഉണ്ടെന്നാണ് പമ്പാ പരിരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി പരേതനായ എൻ.കെ. സുകുമാരൻ നായർ പമ്പയെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ പറയുന്നത്. ശരാശരി നീരൊഴുക്ക് നിലനിർത്താൻ പമ്പാനദി പാടുപെടുന്നെന്നു ചുരുക്കം.

പമ്പയിലേക്ക് വെള്ളം എത്തേണ്ടത് പശ്ചിമഘട്ടത്തിനു താഴെയുള്ള മഴപ്രദേശത്തു നിന്നാണ്. എന്നാൽ ഇവിടെയുള്ള പ്രകൃതിദത്ത ജലസ്രോതസ്സുകളെല്ലാം കയ്യേറ്റത്തിന്റെയും റോഡ് നിർമാണത്തിന്റെയും വികസനത്തിന്റെയും പേരിൽ പല രീതിയിൽ നാശോന്മുഖമായിക്കഴിഞ്ഞു. ഇവയെ വീണ്ടെടുക്കാൻ ആവശ്യമായ നടപടിയാണ് കാലഘട്ടത്തിന്റെ ആവശ്യം. 

കൈത്തോടുകൾ, അരുവികൾ, നെൽവയലുകൾ, നീർത്തടങ്ങൾ, പ്രളയസമതലങ്ങൾ, ഇടനാടൻ കുന്നുകൾ, പാറക്കെട്ടുകൾ, മലകൾ..... എല്ലാം ചേരുന്നതാണ് നദിയുടെ മഴപ്രദേശം. കിഴക്കു പെയ്യുന്ന മഴ വനത്തിലെ സ്പോഞ്ച് പോലുള്ള മണ്ണ് ആഗീരണം ചെയ്ത് വേനലിൽ ആവശ്യാനുസരണം താഴേക്ക് ഒഴുക്കി വിടുന്നതാണ് പ്രകൃതിദത്തമായി നിലനിന്നിരുന്ന നീർത്തട വ്യവസ്ഥ. 

maramon-convention-venue1
പമ്പാ നദിയിലെ മാരാമൺ കൺവൻഷൻ നടക്കുന്ന മണൽപുറം. (ഫയൽ ചിത്രം)

എന്നാൽ ഒരു നൂറ്റാണ്ടിനിടയിൽ വനവിസ്തൃതി കുറയുകയും മഴയ്ക്കു പിടിച്ചു നിൽക്കാൻ ആവശ്യമായ മണ്ണുപ്രദേശം കുറയുകയും ചെയ്തു. ഇത് വേനൽക്കാലത്തെ ഉറവകളെ നിർജീവമാക്കി. ചിലയിടത്തെങ്കിലും കയ്യേറ്റം മൂലം തോടുകളുടെ ജലവാഹക ശേഷി കുറഞ്ഞിട്ടുണ്ട്. ജില്ലയിലെ ഓരോ തോടും ഡിജിറ്റലായും നേരിട്ടും സർവേ നടത്തി അതിർത്തി നിർണയിച്ച് കയ്യേറ്റം ഒഴിവാക്കി, തടസ്സങ്ങൾ വെട്ടിമാറ്റി നമ്പർ ഇട്ട് ഭൂപടത്തിൽ അടയാളപ്പെടുത്തി നിലനിർത്തിയാൽ നാടിന്റെ ജലസമൃദ്ധി ഉറപ്പാക്കാൻ പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. 

ചെറിയ തോടുകളും കൈത്തോടുകളും അരുവികളും വെള്ളച്ചാട്ടങ്ങളും നൂറുകണക്കിനാണ് ജില്ലയിലുള്ളത്. ദൈർഘ്യത്തിൽ മൂന്നാം സ്ഥാനത്തുള്ള പമ്പയെ പുണ്യനദിയെന്നാണ് വിളിക്കുന്നത്. പമ്പാനദി ഉത്ഭവിക്കുന്ന പശ്ചിമഘട്ട മലനിരകളിലെ പുളിച്ചിമലയും മറ്റും ജില്ലയുടെ ശക്തി ശൈലങ്ങളായും തലയെടുപ്പോടെ നിൽക്കുന്നു. നദി എന്നാൽ കുറച്ച് വെള്ളവും ചെളിയുമാണെന്ന ധാരണ ഇനിയെങ്കിലും തിരുത്താൻ അധികൃതരും പൊതുസമൂഹവും തയാറാകണം. 

പ്രളയം എത്തിയതോടെ നദിയിൽ ആകെ മണൽ നിറഞ്ഞെന്നും ഇതാണ് പിന്നെയും പ്രളയം ആവർത്തിക്കാൻ കാരണമെന്നും പറഞ്ഞ് ചില നദികളിൽ നിന്ന് മണൽ വാരി മാറ്റാൻ അനുമതി നൽകാനുള്ള നീക്കത്തിലാണ് കേരള സർക്കാർ.ഓരുവെള്ളം (ഉപ്പുരസമുള്ള കായൽ– കടൽ ജലം) പമ്പയിലേക്ക് ഇതുവരെയും കയറിതുടങ്ങിയിട്ടില്ല എന്ന ആശ്വാസത്തിലാണ് നാട്. എന്നാൽ ഇതു സംബന്ധിച്ച കാര്യമായ പഠനഗവേഷണങ്ങൾ ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു . 

ഒരിക്കൽ അൽപ്പമെങ്കിലും ഓരു കടന്നെത്തിയാൽ പിന്നെ ശുദ്ധജല പദ്ധതികൾ അവതാളത്തിലാകും. തെങ്ങ് ഉൾപ്പെടെ മിക്ക വിളകളും വേരറ്റുപോകും. ഭാവിയിൽ ഈ മേഖല തീരദേശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരികയും ചെയ്യും. പമ്പാ നദിയെ മാത്രം ആശ്രയിച്ച് എത്ര ജലവിതരണ പദ്ധതികളാണ് നമുക്കുള്ളത്. ഇവയ്ക്ക് ആവശ്യമായ വെള്ളം ഭാവിയിൽ വരാൻ പോകുന്ന കഠിനമായ വേനൽക്കാലത്ത് എങ്ങനെ സംഭരിക്കും.

പ്രാദേശികമായുള്ള നീർത്തടങ്ങളും നെൽവയലുകളും ഒരിഞ്ചു പോലും നഷ്ടപ്പെടാതെ സംരക്ഷിച്ച് പാടശേഖര ജലക്കൊയ്ത്ത് നടപ്പാക്കുകയാണ് വേണ്ടത്.  അതത് പ്രദേശത്തെ ഇരുനൂറോ മുന്നൂറോ വീട്ടുകാർക്ക് അതത് ഗ്രാമത്തിൽ തന്നെയുള്ള നീർത്തടങ്ങളിലോ വയലുകളിലോ മഴവെള്ളം സംഭരിച്ച് നിർത്തുന്ന പദ്ധതിയാണ് ഇത്.

ഓരോ ഗ്രാമത്തിലും ഓരോ നീർത്തടം സംരക്ഷിച്ചു നിർത്തിയാൽ വേനലിൽ പമ്പാനദിയിലും നീരൊഴുക്കു നിലനിർത്താൻ കഴിയും. മാരാമണ്ണിലെ പഞ്ചാര മണൽ വീണ്ടും തിരികെ നിക്ഷേപിക്കാവുന്ന രീതിയിൽ നദിയെ ഒരുക്കാൻ ആവശ്യമായ സാങ്കേതിക വിദ്യകൾ പഠനങ്ങളുടെ അടിസ്ഥാനത്തിൽ നടപ്പാക്കാവുന്നതാണെന്ന് കോഴിക്കോട് ജലവിഭവ കേന്ദ്രം അധികൃതർ പറയുന്നു. 

നദിയെ സമഗ്രമായി കാണുന്ന പഠനവും കർമ പദ്ധതിയുമാണ് കാലത്തിന്റെ ആവശ്യം. നദിയിലേക്ക ് ഇറങ്ങുന്ന ഭാഗം കോൺക്രീറ്റ് ഇടുന്നതും നദിയിലേക്ക് ഇറക്കിയുള്ള സ്ഥിരം നിർമിതികളും നിരുൽസാഹപ്പെടുത്തണം. നദീ തീരത്ത് സ്വാഭാവിക തണൽ പുനസ്ഥാപിക്കാൻ അനുയോജ്യമായ പുല്ലുവർഗ സസ്യങ്ങളും ആറ്റുവഞ്ചിയും മറ്റും നട്ടുപിടിപ്പിക്കണം. നദിയിലേക്ക് മാലിന്യം വലിച്ചെറിയുന്ന രീതി ബോധവൽക്കരണത്തിലൂടെ പൂർണമായും മാറ്റിയെടുക്കാനും കഴിയണം. 

 മാരാമൺ ഉൾപ്പെടെയുള്ള മണൽപുറങ്ങൾ കേരളീയ സമൂഹത്തിനു ജലസാക്ഷരതയും പാരിസ്ഥിതികി അവബോധവും പകരുന്ന പ്രകൃതി മ്യൂസിയമായി മാറണം. വരുംതലമുറയെ നദീ സംരക്ഷണത്തിന്റെ ഭാഗമാക്കണം. നദിയിലെ എക്കൽ തടങ്ങളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൽക്കരിച്ചെളി അന്തരീക്ഷത്തിലെ കാർബണിനെ പിടിച്ചെടുത്ത് ഭൂമിയിലെ താപനം കുറയ്ക്കാൻ സഹായകമായ പ്രകൃതിയുടെ സംവിധാനം കൂടിയാണെന്ന് അടുത്തകാലത്തു നടത്തിയ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

പമ്പാനദിയുടെ ജൈവവൈവിധ്യത്തെപ്പറ്റി പഠിക്കാൻ ഗംഗനദീ സംരക്ഷണ മാതൃകയിൽ പുതിയൊരു പദ്ധതി നടപ്പാക്കുമെന്ന് നമോ ഗംഗ കർമ പദ്ധതിയുടെ മേധാവിയും പമ്പാതീരവാസിയുമായ അശോക് കുമാർ പറഞ്ഞത് പമ്പാതീരം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പമ്പാ മണൽപ്പുറത്തിന്റെ വീണ്ടെടുപ്പ് കാലത്തിന്റെ അനിവാര്യതമായി മാറുമ്പോൾ പഴമയെ തിരികെ കൊണ്ടുവരാൻ എന്തൊക്കെ ചെയ്യാനാവുമെന്നതും ചിന്തിക്കേണ്ടതാണ്.മുൻപ് റാന്നി കടവിൽ നിന്ന് കെട്ടുവള്ളങ്ങളിലായിരുന്നു വാഴക്കുലയും മലഞ്ചരക്കുകളും കൊപ്രയും മറ്റും ആലപ്പുഴയ്ക്കു കൊണ്ടുപോയിരുന്നത്. എന്നാൽ ഇന്ന് ഇതെല്ലാം കാലത്തിന്റെ ഓർമകൾ മാത്രം.

ഏതാനും വർഷം മുൻപ് ആനപ്രാമ്പാൽ മാർത്തോമ്മാ ഇടവകയിൽ നിന്ന് ഒരു സംഘം വള്ളത്തിൽ മാരാമണ്ണിൽ വന്നിറങ്ങിയത് വലിയൊരു പാരിസ്ഥിതിക വീണ്ടെടുപ്പിന് ഉദാഹരണമായിരുന്നു. ഇത് വരും വർഷങ്ങളിലും അനുഷ്ടാനമായി ആവ‍ർത്തിക്കാനാവുമോ ?

പമ്പാ തീരത്തെ 52 കരകളിലും പള്ളിയോടങ്ങൾ ഉള്ളതും ആറന്മുളയിൽ ഉൾപ്പെടെ വള്ളംകളികൾ നടക്കുന്നതും മാസങ്ങളോളം വള്ളസദ്യ നടക്കുന്നതും നദിയുടെ ജീവൻ നിലനിർത്തുന്നു. തിരുവോണ തോണിയിൽ കയറുന്ന ഭട്ടതിരി ഇപ്പോഴും വള്ളത്തിൽ കോട്ടയം കുമാരനല്ലൂരിൽ നിന്ന് കാട്ടൂർ വരെ എത്തുന്നു എന്നതും സുകൃതാണ്.

മാരാമൺ, ചെറുകോൽപ്പുഴ, റാന്നി തുടങ്ങിയ മണൽപ്പുറ കൺവൻഷനുകളും പമ്പാനദിയെ വരുംതമുറകൾക്കു വേണ്ടി നിലനിർത്തേണ്ടതിന്റെ ആവശ്യകത വിളിച്ചോതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com