ADVERTISEMENT

പന്തളം ∙ വീട്ടമ്മ വോട്ട് ചെയ്യാനെത്തിയപ്പോൾ അവരുടെ വോട്ട് ആരോ ചെയ്തെന്ന് ഉദ്യോഗസ്ഥർ. വോട്ട് ചെയ്തേ മടങ്ങൂവെന്ന് ശഠിച്ചു പോളിങ് കേന്ദ്രത്തിൽ 5 മണിക്കൂറിലധികം കാത്തിരിപ്പ്. കരഞ്ഞു വീട്ടിലേക്ക് മടങ്ങിയ വീട്ടമ്മയെ അനുനയിപ്പിച്ചു മടക്കിയെത്തിച്ചു വോട്ട് ചെയ്യിപ്പിച്ചു പൊതുപ്രവർത്തകർ. തോന്നല്ലൂർ ഉളമയിൽ ചാങ്ങയിൽ റൂബി ജബ്ബാറാണ് മണിക്കൂറൂകളോളം കാത്തിരുന്ന് തന്റെ മൗലികാവകാശം വിനിയോഗിച്ചു സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ്, ഇവർ കടയ്ക്കാട് ഗവ. എൽപി സ്കൂളിലെ 31ാം നമ്പർ ബൂത്തിലെത്തിയത്.

റേഷൻ കാർഡാണ് രേഖയായി കൊണ്ടുവന്നത്. ഈ രേഖ സ്വീകരിക്കില്ലെന്ന് അറിയിച്ചതോടെ അവർ മടങ്ങി. വീട്ടിൽ പോയി വോട്ടർ തിരിച്ചറിയൽ കാർഡുമായെത്തി. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ വോട്ട് ചെയ്തതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെന്ന് റൂബി പറഞ്ഞു. താൻ വോട്ട് ചെയ്തില്ലെന്നും വോട്ട് ചെയ്തേ മടങ്ങൂ എന്നുമായി അവർ. സ്കൂൾ വരാന്തയിലെ ബെഞ്ചിലിരുന്ന അവരെ ഏഴോടെ ഉദ്യോഗസ്ഥർ പോളിങ് കേന്ദ്രത്തിനുളളിലേക്ക് വിളിപ്പിച്ചു.

പരിശോധനയിൽ അവരുടെ വോട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഇതോടെ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ തന്നെ മണിക്കൂറുകളോളം ബുദ്ധിമുട്ടിച്ച ഉദ്യോഗസ്ഥരോട് അവർ തർക്കിച്ചു. ഒടുവിൽ, കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ അവർ വോട്ട് ചെയ്യുന്നില്ലെന്നറിയിച്ചു മകനൊപ്പം വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞു. നടന്നുനീങ്ങിയ അവരെ വിവിധ പാർട്ടിയുടെ പ്രവർത്തകരെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല. പിന്നീട്, മടങ്ങിയെത്തി 7.45 ന് ടെൻഡർ വോട്ട് ചെയ്ത ശേഷം മകനൊപ്പം വീട്ടിലേക്ക് മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com