ADVERTISEMENT

പന്തളം ∙ പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയെത്തിയ ആൾ നമ്പർ തിരുത്തിയ ടിക്കറ്റ് നൽകി ലോട്ടറി വിൽപനക്കാരന്റെ പണവും ടിക്കറ്റുകളും കവർന്നു. കുളനട പനങ്ങാട്ട് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് അരിയന്നൂർ സ്വദേശി വിമൽരാജാണ് കബളിപ്പിക്കപ്പെട്ടത്. 5000 രൂപ സമ്മാനമുണ്ടെന്ന് പറഞ്ഞ ടിക്കറ്റ് കൈമാറി 3500 രൂപയ്ക്കുള്ള 85 ടിക്കറ്റുകളും 1500 രൂപയും വാങ്ങി ബൈക്കിലെത്തിയ യുവാവ് കടക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 8നാണ് തുമ്പമൺ ജംക്‌ഷനു സമീപം സൈക്കിളിൽ പോയ വിമൽരാജിന്റെ സമീപത്തേക്ക് യുവാവെത്തുകയായിരുന്നു. 'എന്നെ മനസ്സിലായോ, പത്തനംതിട്ട സ്റ്റേഷനിലെ പൊലീസുകാരനാണ്' എന്നാണ് അയാൾ ആദ്യം പറഞ്ഞതെന്ന് വിമൽരാജ് പറയുന്നു. അന്നത്തെ കേസ് പിന്നെന്തായി എന്നും ചോദിച്ചു. പത്തനംതിട്ടയിൽ ലോട്ടറി വ്യാപാരം നടത്തിയിരുന്ന സമയത്ത് പച്ചക്കറി വ്യാപാരിക്ക് കടം നൽകിയ പണം തിരികെ കിട്ടാനായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

ഇതിനാൽ യുവാവ് പൊലീസുകാരൻ തന്നെയാണെന്ന് വിശ്വസിച്ചു പോയി. കേസിന്റെ വിവരങ്ങൾ സംസാരിക്കുന്നതിനിടെ 4 ടിക്കറ്റുകൾ ഫലം നോക്കാനായി നൽകി. ഫലം നോക്കിയപ്പോൾ ഓരോ ടിക്കറ്റിനുമായി 5000,1000, 500, 100 രൂപ എന്നിങ്ങനെ സമ്മാനമുള്ളതായി കണ്ടു. അത്രയും പണം കൈവശമില്ലെന്ന് പറഞ്ഞപ്പോൾ ഉള്ളത് പണമായും ബാക്കി ടിക്കറ്റുകളായും നൽകാൻ ആവശ്യപ്പെട്ടു.

85 ടിക്കറ്റുകളും 1500 രൂപയും നൽകിയ ശേഷം 5000 രൂപ സമ്മാനമുള്ള ടിക്കറ്റ് വാങ്ങിവച്ചു. ഇതോടെ അയാൾ അവിടെ നിന്നു പോയി. പന്തളത്തെ ലോട്ടറി ഏജൻസിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിഞ്ഞതെന്ന് വിമൽരാജ് പറഞ്ഞു. നമ്പർ തിരുത്തിയാണ് സമ്മാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി. പരാതി എഴുതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഭാഷ വശമില്ലാത്തതിനാൽ മടങ്ങി.

ഡിസിസി ജനറൽ സെക്രട്ടറി ജി.രഘുനാഥിന്റെ സഹായത്തോടെ പരാതി തയാറാക്കി വ്യാഴാഴ്ച സ്റ്റേഷനിലെത്തിച്ചു. കാക്കി നിറമുള്ള പാന്റ്സും ടീഷർട്ടുമായിരുന്നു തട്ടിപ്പ് നടത്തിയയാളുടെ വേഷം. ഹെൽമറ്റും ധരിച്ചിരുന്നു. സിസിടിവി കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നതായി എസ്ഐ പി.കെ.രാജൻ പറഞ്ഞു.

English Summary:

Lottery Scam Alert in Pandalam: Vendee Duped by Phony Officer, Police Investigate CCTV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com