ADVERTISEMENT

കാട്ടാക്കട ∙ ഉടമകൾക്ക് വിതരണം ചെയ്യാതെ ആക്രിക്കടയിൽ വിറ്റ ആധാർ കാർഡുകൾ കണ്ടെടുത്തു. കരകുളം പോസ്റ്റ് ഓഫിസ് പരിധിയിൽ വിതരണം ചെയ്യേണ്ട 306  കാർഡുകളാണ് കാട്ടാക്കടയിലെ ആക്രിക്കടയിൽ നിന്നു കണ്ടെടുത്തത്. വിതരണം ചെയ്യാതെ ചാക്കിലാക്കി സൂക്ഷിച്ച ആധാർ കാർഡുകൾക്കു പുറമേ വിവിധ പ്രസിദ്ധീകരണങ്ങളും, കത്തുകളും പൊലീസ് കണ്ടെടുത്തു.ആധാർ കാർഡ് ലിങ്ക് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യക്തികൾക്ക് ബാങ്കിൽ ‍നിന്നയച്ച കത്തുകളും ഇതേ വ്യക്തികളുടെ ആധാറും കൂട്ടത്തിലുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് കഞ്ചിയൂർകോണം സ്വദേശിയായ യുവാവാണ് ചാക്കുകളിലാക്കി ആധാർ കാർഡുകളും മറ്റ് പ്രസിദ്ധീകരണങ്ങളും അഞ്ഞൂറു രൂപയ്ക്ക് വിറ്റത്. രാത്രി കടയുടമ ഇവ പരിശോധിക്കുന്നതിനിടെ സമീപത്തെ ചില പൊതു പ്രവർത്തകർ കടയിലെത്തി. ആധാർ കാർഡുകൾ ഇവരുടെ ശ്രദ്ധയിൽപെട്ടതോടെ അന്വേഷണമായി. തുടർന്ന് രാത്രി തന്നെ ഇവ എണ്ണി തിട്ടപ്പെടുത്തി. ഇന്നലെ രാവിലെ കാട്ടാക്കട പൊലീസിൽ വിവരമറിയിച്ചു.  പൊലീസെത്തി ചാക്കുകൾ പരിശോധിച്ചപ്പോഴാണ് പോസ്റ്റൽ വകുപ്പിൽ നിന്നും വിതരണം ചെയ്യാത്ത തപാൽ ഉരുപ്പടികളെന്നു കണ്ടെത്തിയത്. 

കരകുളം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്‌വുമണിന്റെ ഭർത്താവാണ് ഇവ ആക്രിക്കടയിൽ വിൽപന നടത്തിയതെന്നാണ് പ്രാഥമിക വിവരമെന്നു പൊലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽ വിതരണം ചെയ്യാതെ സൂക്ഷിച്ചിരുന്ന തപാൽ ഉരുപ്പടികൾ അടങ്ങിയ ചാക്കുകൾ ഭർത്താവ് വെള്ളിയാഴ്ച രാത്രി കടത്തി കാട്ടാക്കടയിലെ ആക്രി കടയിൽ വിറ്റുവെന്ന് വിവരം. കാട്ടാക്കട ഇൻസ്പെക്ടർ ഡി.ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് കരകുളം പോസ്റ്റ് ഓഫിസിലെത്തി അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. കേസ് റജിസ്റ്റർ ചെയ്തതായും ആരെയും പ്രതി ചേർത്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com