ADVERTISEMENT

തിരുവനന്തപുരം ∙ തമ്പാനൂരിലെ ജലദുരന്തത്തിന് അറുതി വരുത്തിയ ഓപ്പറേഷൻ അനന്തയുടെ രണ്ടാം ഘട്ടം സർക്കാർ ഉപേക്ഷിക്കുന്നു.  2015ൽ നടപ്പാക്കിയ ഓപ്പറേഷൻ അനന്തയിലൂടെ നഗരത്തിലെ വെള്ളക്കെട്ടുയർത്തുന്ന പ്രശ്നത്തിന് വൻ മാറ്റത്തിന് അന്നത്തെ കലക്ടറും നിലവിൽ കെഎസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ തുടക്കമിട്ടിരുന്നു.  പദ്ധതി പുരോഗമിക്കുന്നതിനിടെയാണ് ഓപ്പറേഷൻ അനന്തയ്ക്കെതിരെ ചിലയിടങ്ങളിൽ നിന്ന് എതിർപ്പുയർന്നത്. ഓപ്പറേഷൻ അനന്തയുടെ തുടർച്ചയും ഉണ്ടായില്ല. പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട നിർമാണങ്ങളും നിലച്ചു. 

നഗരത്തിൽ ചെറുമഴ പെയ്താൽ പോലും എസ്എസ് കോവിൽ, മാഞ്ഞാലിക്കുളം റോഡുകളിൽ ഉയരുന്ന വെള്ളക്കെട്ട് നാട്ടുകാർക്കും വ്യാപാരികൾക്കും തലവേദനയായിരിക്കുകയാണ്. എസ്എസ് കോവിൽ, മാഞ്ഞാലിക്കുളം റോഡുകൾ സമാന്തരമായാണു കിടക്കുന്നത്. ഈ റോഡുകളുടെ അടഞ്ഞ ഓടകൾ തുറന്ന് ആർഎംഎസിനു മുന്നിൽ എത്തിച്ചാൽ മഴവെള്ളം തമ്പാനൂർ വഴി ആമയിഴഞ്ചാൻ തോട്ടിൽ എത്തും. ഇതിനായി എസ്എസ് കോവിൽ റോഡ് മണ്ണിട്ട് ഉയർത്തിയ ശേഷം ടാർ ചെയ്യണം. ഇതിനുവേണ്ടി ശ്രമിച്ചപ്പോഴാണു ഓപ്പറേഷൻ അനന്തയ്ക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നത്. 

യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പ്രളയ ലഘൂകരണ പദ്ധതിയായ ഓപ്പറേഷൻ അനന്തയ്ക്ക് തുടക്കമിട്ടത്.  തമ്പാനൂരിൽ വെള്ളക്കെട്ടുണ്ടാക്കുന്ന എസ്എസ് കോവിൽ–മാഞ്ഞാലിക്കുളം റോഡുകളിലെ മഴക്കാലത്തെ വെള്ളമാണ് തമ്പാനൂരിലെ വെള്ളക്കെട്ടുണ്ടാക്കുന്നതിനു പിന്നിലെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പദ്ധതി നടപ്പാക്കിയത്. പ്രശ്നം പരിഹരിക്കാൻ രൂപരേഖയും തയാറാക്കി. തുടർപദ്ധതികൾ പുനഃരാരംഭിക്കണമെന്ന് ബന്ധപ്പെട്ടവരോട് പലതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി നടപ്പാക്കുന്ന ഏജൻസിയിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.

ഓപ്പറേഷൻ അനന്തയുടെ കീഴിൽ ആസൂത്രണം ചെയ്ത ആകെ പ്രവർത്തനങ്ങളുടെ മൂന്നിലൊന്നു മാത്രമാണ് പൂർത്തിയാക്കാനായത്. 2016നു ശേഷം പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും നടന്നില്ല. വിവിധ വകുപ്പുകളുടെയും കോർപറേഷന്റെയും ഏകോപനമില്ലായ്മയെത്തുടർന്നാണ് ഇത്. 2015ൽ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും, അന്നത്തെ തിരുവനന്തപുരം കലക്ടർ ബിജു പ്രഭാകറിന്റെയും നേതൃത്വത്തിലാണ് ഓപ്പറേഷൻ അനന്ത ഒന്നാം ഘട്ടത്തിനു തുടക്കമിട്ടത്. 

തലസ്ഥാന നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ തമ്പാനൂർ, കിഴക്കേകോട്ട, ചാല, പഴവങ്ങാടി പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഈ ടീം ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചു. 26 കിലോമീറ്റർ ഓടകളിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പഴയ വീതിയിലേക്ക് കൊണ്ടുവന്നു. ദൗത്യം വിജയകരമായി മുന്നേറുന്നതിനിടെയാണ് എതിർപ്പ് വന്നത്. നേരത്തെ ഒഴിപ്പിച്ച കയ്യേറ്റങ്ങൾ ചിലർ കയ്യേറിയിട്ടുണ്ട്.  

ഓപ്പറേഷൻ അനന്ത, അതൊക്കെ തീർന്നല്ലോ?നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള അവലോകന യോഗത്തിനു ശേഷം ഓപ്പറേഷൻ അനന്ത തുടരാൻ ആലോചനയുണ്ടോ എന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയപ്പോൾ മന്ത്രി വി.ശിവൻകുട്ടിയുടെ മറുപടി ഇങ്ങനെ:‘അതൊക്കെ അന്നത്തെ പ്രോജക്ട്, അതൊക്കെ തീർന്നല്ലോ ഇനി പുതിയ പ്രോജക്ടല്ലേ?’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com