ADVERTISEMENT

തിരുവനന്തപുരം ∙ മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ നവതി സ്മൃതിയിൽ സഹൃദയ ലോകം. ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് സുഗതകുമാരിക്ക് 90 വയസ്സു പൂർത്തിയാകുമായിരുന്നു. 3 വർഷം മുൻപായിരുന്നു പ്രകൃതിയുടെ കാവലാളെന്നു കൂടി അറിയപ്പെട്ടിരുന്ന കവിയുടെ വേർപാട്. സാഹിത്യലോകത്തിനു പുറമേ പരിസ്ഥിതി രംഗത്തും സാമൂഹിക രംഗത്തും വലിയ ശൂന്യതയാണ് ആ വേർപാട് സൃഷ്ടിച്ചത്.

ജീവിച്ചിരിക്കുമ്പോൾ പിറന്നാൾ ആഘോഷിക്കുന്ന പതിവ് സുഗതകുമാരിക്ക് ഇല്ലായിരുന്നുവെന്ന് മകളും കവിയുമായ ലക്ഷ്മീദേവി പറഞ്ഞു. 84–ാം വയസ്സിൽ, ശതാഭിഷേകവേളയിൽ മാത്രമാണ് പിറന്നാൾ ആഘോഷിക്കാൻ സമ്മതിച്ചത്. അന്ന് എഴുത്തുകാരും വായനക്കാരും സഹൃദയരും ഉൾപ്പെട്ട വലിയൊരു ജനാവലി സുഗതകുമാരിക്ക് ആശംസകൾ നേർന്നു. പിറന്നാൾ സദ്യയും ഒരുക്കിയിരുന്നു. 

സുഗതകുമാരിയുടെ ഓർമയിൽ കഴിഞ്ഞ മാസം 23 ന് ‘അഭയ’യിൽ പ്രത്യേക ചടങ്ങു നടത്തിയിരുന്നു. ഇന്ന് അഭയയിൽ മറ്റു ചടങ്ങുകളില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തലസ്ഥാനത്തും ഇന്നു സുഗതകുമാരി നവതി–അനുസ്മരണ പരിപാടികൾ നടക്കും. വൈകിട്ട് 4.30ന് മാനവീയം വീഥിയിൽ നവതിയുടെ പ്രതീകമായി 90 വിളക്കുകൾ തെളിയിക്കും. ‘സുഗതസ്മൃതിസന്ധ്യ’യെന്നു പേരിട്ടിരിക്കുന്ന പരിപാടി ‘സുഗതകുമാരി നവതി ആഘോഷസമിതി’യാണ് സംഘടിപ്പിക്കുന്നത്.

എംപിമാരായ ശശി തരൂർ, കെ.മുരളീധരൻ, വി.കെ.പ്രശാന്ത് എംഎൽഎ, ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ, പന്ന്യൻ രവീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, പാലോട് രവി, സൂര്യ കൃഷ്ണമൂർത്തി,  ജോർജ് ഓണക്കൂർ, ഗിരീഷ് പുലിയൂർ തുടങ്ങിയവർ ദീപം തെളിയിക്കും. സുഗതകുമാരിയുടെ കവിതകളുടെ ആലാപനവും ഓർമകളുടെ പങ്കിടലും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com