ADVERTISEMENT

തിരുവനന്തപുരം ∙ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്താനാകാതെ സിറ്റി പൊലീസ്. കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രി 12നാണു കുട്ടിയെ ചാക്കയിൽ നിന്നു കാണാതായത്. 19 മണിക്കൂറിനു ശേഷം 7 അടിയിലേറെ താഴ്ചയുള്ള ഓടയിൽ നിന്നു കണ്ടെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി നേരിട്ടു സ്ഥലത്തെത്തി അന്വേഷണത്തിനു മേൽനോട്ടം നൽകിയെങ്കിലും കേസിൽ തുമ്പൊന്നും കിട്ടിയിട്ടില്ല. 

കുട്ടികളില്ലാത്ത ദമ്പതികളുടെ പട്ടിക തയാറാക്കുകയാണ് പൊലീസ്. കുട്ടിയെ വളർത്താനായി തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തെ തുടർന്നാണിത്.  സമീപ പ്രദേശങ്ങളിലുള്ളവരുടെ പട്ടികയാണു തയാറാക്കിയത്. 19 മണിക്കൂറിനു ശേഷം കുട്ടിയെ റെയിൽവേ ട്രാക്കിനു സമീപത്തെ ഓടയിൽ നിന്നു തിരിച്ചു കിട്ടിയപ്പോൾ ദേഹത്തു പരുക്കുകൾ ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടു പോയവർ കുഞ്ഞിനെ അത്രയും നേരം സുരക്ഷിതമായി പരിചരിച്ചുവെന്നു വേണം കരുതാൻ.  വലിയ വാർത്ത ആയതോടെ കുഞ്ഞിനെ  ഉപേക്ഷിച്ചു കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.  

കുട്ടിയെ കാണാതാകുന്നതിനു 3 ദിവസം മുൻപ് പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കു പണം എത്തിയതിനെക്കുറിച്ച് പൊലീസ് അദ്ദേഹത്തോട് ആരാഞ്ഞിരുന്നു. 17ന് 6000 രൂപയും 800 രൂപയും 600 രൂപയും എത്തി. അതിനു മുൻപുള്ള ദിവസങ്ങളിൽ 17000 രൂപയുടെ വിനിമയം നടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. തേൻ വിറ്റ വകയിൽ കിട്ടിയ പണമാണിതെന്നാണു കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചത്.  പണം അയച്ചവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ യാത്ര ചെയ്താണ് ഇവർ തേൻ കച്ചവടം നടത്തുന്നത്. കുട്ടിയുടെ പിതാവ് നടത്തിയ വിമാനയാത്രകളെപ്പറ്റിയും പൊലീസ് ചോദിച്ചറിഞ്ഞു. 10 ദിവസം മുൻപു ട്രെയിനിലാണു ഇവർ തിരുവനന്തപുരത്തെത്തിയത്.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com