ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം ശാസ്താംകോട്ടയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് തമ്പാനൂരിലെത്തിയതാണ് വനജയും സുധാമണിയും. ലക്ഷ്യം ആറ്റുകാലമ്മയെ ദർശിക്കണം, പൊങ്കാലയിടണം. വന്നയുടൻ തന്നെ ആറ്റുകാലിലേക്ക്, കാത്തു നിൽക്കേണ്ടി വന്നെങ്കിലും ദർശന ഭാഗ്യം ലഭിച്ചെന്ന് ഇരുവരും പറഞ്ഞു. ശേഷം തമ്പാനൂരിലെത്തി, തിരക്കേറിയ നഗരമധ്യത്തെ പൊന്നറ ശ്രീധർ പാർക്കിന്റെ ചുറ്റുമായി തമ്പടിച്ച ഭക്തർക്കിടയിൽ സ്ഥാനമുറപ്പിച്ചു. അടുപ്പു കൂട്ടി. കലമൊരുക്കി. രാവിലെ വരെ സമയമുണ്ട്. ഷീറ്റ് വിരിച്ച് കിടന്നു കുശലം പങ്കിടുകയാണ് ഇരുവരും. ഇന്നലെ രാത്രി എട്ടരയ്ക്ക് തമ്പാനൂരിലെ കാഴ്ചയാണിത്.

പൊന്നറ ശ്രീധർ പാർക്കിനു ചുറ്റും ചില പതിവുകാരുണ്ട്. പോകാൻ വീടില്ലാത്തവർ. അവരെ ഇന്നലെ കാണാനുണ്ടായിരുന്നില്ല. ‘സ്വന്തം കിടപ്പാടം’ പലയിടങ്ങളിൽ നിന്നു വന്നെത്തിയ ആറ്റുകാലമ്മയുടെ ഭക്തർക്കായി വിട്ടു കൊടുത്ത് അവർ മറ്റെവിടെയെങ്കിലും ചുരുണ്ടു കൂടിയിട്ടുണ്ടാകാം. തലസ്ഥാനത്തിന്റെ ഒരു പൊതു ചിത്രമാണത്. ഭക്തർക്കായി തുറന്നിട്ട വാതിലുകളുള്ള പല വീടുകളുണ്ട് നഗരത്തിൽ. പൊന്നറ ശ്രീധർ പാർക്ക് തുറന്നിട്ടിട്ടുണ്ട്. അതിനുള്ളിലെ പുൽത്തകിടിയിലും അമ്മമാരും സഹോദരിമാരും പൊങ്കാലയൊരുക്കങ്ങൾ തീർത്ത്, രാവിലെ പൊങ്കാല തുടങ്ങുന്നതുവരെയുള്ള സമയത്തിനായി കാത്തിരിപ്പാണവർ.

കിഴക്കേക്കോട്ട ശരിക്കുമൊരു മനുഷ്യക്കോട്ടയായ രാത്രി.  ഭേദിച്ചു മുന്നേറാനാകാത്തത്ര തിരക്ക്. എല്ലാം ഒഴുകുന്നത് ആറ്റുകാലിലേക്കാണ്. അട്ടക്കുളങ്ങരയും മണക്കാടുമെത്തുമ്പോഴേക്കും ആൾക്കൂട്ടത്തിന് അനക്കമില്ലാത്ത അവസ്ഥ. അതിനിടയിൽപ്പെട്ട വാഹനങ്ങൾക്കു മണിക്കൂറിൽ ഏതാനും മീറ്ററുകളാണു പരമാവധി വേഗം. അവിടെയും പാതയോരങ്ങളിൽ നിറയെ അടുപ്പുകൾ. അതിനരികിൽ ആ അടുപ്പുകളുടെ അവകാശികളായ സ്ത്രീകൾ. കുട്ടികൾ. ചുരുക്കം ചില പുരുഷന്മാരും.

നഗരത്തിനെ തുലാസാക്കിയാൽ തമ്പാനൂർ മുതൽ ആറ്റുകാൽ വരെയുള്ള തട്ട് എപ്പോഴും താണു തന്നെ നിന്നു. തമ്പാനൂരിൽ 200 മീറ്റർ ചുറ്റളവിൽ പലയിടത്തായി ഗാനമേളകൾ. നഗരം ഒന്നാകെയെടുത്താൽ ചുരുങ്ങിയത് അൻപതിടങ്ങളിലെങ്കിലും ഗാനമേളകൾ. നൃത്താവതരണങ്ങൾ. എല്ലായിടത്തും ദീപാലങ്കാരങ്ങൾ. വലിയ ഉച്ചഭാഷിണികളിൽ നിന്ന് ആഘോഷത്തിനു മാറ്റുകൂട്ടുന്ന ഗാനങ്ങൾ. അവസാന നിമിഷം മൺപാത്രങ്ങളും ചുടുകട്ടകളും വാങ്ങാനെത്തിയവരുടെ തിരക്ക്. 

റോഡുകൾ നല്ലതോ തകർന്നതോ പണിയുന്നതോ എന്നു വ്യത്യാസമില്ല. വഴുതക്കാട് ആൽത്തറ ജംക്‌ഷനു സമീപം സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം നടക്കുന്ന ഭാഗത്തും അടുപ്പ്. റോഡിനു കുറുകെ വെയിലേൽക്കാതിരിക്കാൻ ഓലപ്പന്തൽ. ചിലയിടങ്ങളിൽ ഭക്ഷണ വിതരണം. സ്ഥാപനങ്ങൾക്കു മുന്നിൽ അടുപ്പുകല്ലുകൾ കയർ കൊണ്ടു കെട്ടി ബുക്ക് ചെയ്തിട്ടുണ്ട്. നിയമസഭയ്ക്കു മുന്നിൽ നിയമസഭാ ജീവനക്കാർക്കും എംഎൽഎ ഹോസ്റ്റലിനു മുന്നിൽ എംഎൽഎമാർക്കും കുടുംബാംഗങ്ങൾക്കും പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ കുടുംബങ്ങൾക്കുമൊക്കെയായി ബുക്ക് ചെയ്ത അടുപ്പുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com