ADVERTISEMENT

തിരുവനന്തപുരം∙ ചാൻസലറായ ഗവർണറെ അവഗണിച്ച്, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനു സേർച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവ്. നിയമന അധികാരിയായ ഗവർണറാണ് സേർച് കമ്മിറ്റി രൂപീകരിക്കേണ്ടത്. സർവകലാശാല ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ മാറ്റാനുള്ള സംസ്ഥാനത്തിന്റെ വാഴ്സിറ്റി ബിൽ ഗവർണർ പിടിച്ചു വയ്ക്കുകയും പിന്നീട് രാഷ്ട്രപതി തടയുകയും ചെയ്തിരുന്നു. യുജിസി ചെയർമാൻ, കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) എന്നിവയുടെ നോമിനികളെയും സർക്കാരിന്റെ 2 നോമിനികളെയും ഉൾപ്പെടുത്തിയാണ് സർക്കാർ സേർച് കം സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചത്.

കമ്മിറ്റി അംഗങ്ങളുടെ പേര് മറ്റൊരു ഉത്തരവിലൂടെ പുറത്തുവിടുമെന്നും ഉത്തരവിൽ പറയുന്നു.മുൻപ് മലയാളം സർവകലാശാല വിസി നിയമനത്തിന് സേർച് കമ്മിറ്റി രൂപീകരിക്കാൻ നോമിനിയെ നൽകാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും അത് നിയമ വിരുദ്ധമായതിനാൽ രാജ്ഭവൻ നിരസിച്ചതാണ്. സേർച് കമ്മിറ്റി രൂപീകരിച്ചതായി കാണിച്ച് കോടതി കയറി വിസി നിയമനങ്ങൾ അനന്തമായി നീട്ടാനുള്ള സർക്കാരിന്റെ തന്ത്രമാണ് ഉത്തരവിനു പിന്നിലെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ആരോപിച്ചു.

കേരള സർവകലാശാല വിസി നിയമനത്തിൽ നിയമാനുസരണം സേർച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർക്ക് അനുമതി നൽകിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രതിനിധിയെയും സർക്കാരിന്റെ രണ്ടു പ്രതിനിധികളെയും സേർച് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിച്ച് നിയമസഭ പാസാക്കിയ ബില്ലാണ് രാഷ്ട്രപതി അംഗീകാരം തടഞ്ഞത്. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസിമാരുടെ ഒഴിവുകൾ ഉടനടി നികത്താൻ ഗവർണർക്കു നിർദേശം നൽകണമെന്നു പ്രഫ.മേരി ജോർജ് ഫയൽ ചെയ്ത ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com