ADVERTISEMENT

തിരുവനന്തപുരം∙ പോളിങ് ശതമാനത്തിലെ കുറവിൽ ആശങ്കയുണ്ടെങ്കിലും തിരുവനന്തപുരം മണ്ഡലത്തിൽ ആത്മവിശ്വാസത്തിലാണു മൂന്നു മുന്നണികളും. വോട്ടെടുപ്പിനുശേഷമുള്ള സാധ്യതകളെക്കുറിച്ചു മൂന്നു കൂട്ടരും പ്രാഥമിക വിലയിരുത്തൽ നടത്തി. ഭൂരിപക്ഷം കുറയുമെങ്കിലും വിജയിക്കുമെന്നു യുഡിഎഫ് ക്യാംപ് ഉറപ്പിച്ചു പറയുന്നു. പോളിങ് ശതമാനം കുറഞ്ഞെങ്കിലും കേഡർ വോട്ടുകൾ വീണെന്നും വിജയിക്കുമെന്നുമുള്ള ആത്മവിശ്വാസമാണ് എൽഡിഎഫും എൻഡിഎയും പ്രകടിപ്പിക്കുന്നത്.യുഡിഎഫിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാറുള്ള സാമുദായിക വോട്ടുകൾ കാര്യമായി പോൾ ചെയ്തെന്നും ഇതു അനുകൂലമാകുമെന്നും അവർ വിലയിരുത്തുന്നു.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞെങ്കിലും നേമം, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ലീഡ് നേടാനാകുമോ എന്ന സംശയം യുഡിഎഫിനുണ്ട്. നേമത്ത് കഴിഞ്ഞതവണ 12041 വോട്ട് എൻഡിഎ ലീഡ് നേടിയതാണ്. ഇവിടെ പോളിങ് ശതമാനം കുറഞ്ഞെങ്കിലും ലീഡിൽ എൻഡിഎയെ മറികടക്കാനാകും എന്നു കരുതുന്നില്ല. വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും യഥാക്രമം 2836, 1485 എന്നിങ്ങനെയായിരുന്നു കഴിഞ്ഞതവണ യുഡിഎഫ് ലീഡ്. ഇവിടെ പോളിങ് ശതമാനം കുറഞ്ഞതും യുഡിഎഫ് ക്യാംപിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 

14200 വോട്ട് ലീഡ് ലഭിച്ച തിരുവനന്തപുരത്തു ചെറിയ ലീഡ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. എന്നാൽ 2019ൽ 31171 വോട്ട് ലീഡ് ലഭിച്ച കോവളം, 28909 വോട്ട് ലീഡ് ലഭിച്ച നെയ്യാറ്റിൻകര, 22002 വോട്ട് ലീഡ് ലഭിച്ച പാറശ്ശാല എന്നിവിടങ്ങളിൽ 20000 വോട്ടിൽ കുറയാത്ത ലീഡ് യുഡിഎഫ് ഉറപ്പിക്കുന്നു. ഈ മൂന്നു മണ്ഡലം കൊണ്ട് മറ്റു മണ്ഡലങ്ങളിലെ തിരിച്ചടി മറികടക്കാനാകുമെന്നാണു കണക്കുകൂട്ടൽ.എൻഡിഎ ആകട്ടെ നേമം, തിരുവനന്തപുരം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ വലിയ പ്രതീക്ഷയിലാണ്.

നേമത്ത് പോളിങ് കുറഞ്ഞതൊന്നും തങ്ങളെ ബാധിക്കില്ലെന്നും ഇവിടെ ഭൂരിപക്ഷം ഉയർത്തുമെന്നുമാണ് ഇവരുടെ ആത്മവിശ്വാസം. നഗര വോട്ടർമാരെയും യുവാക്കളെയും ആകർഷിക്കാൻ രാജീവ് ചന്ദ്രശേഖറിനു കഴിയുമെന്നാണു കരുതിയിരുന്നത്. എന്നാൽ നഗരമണ്ഡലങ്ങളിൽ പോളിങ് കുറഞ്ഞതിന്റെ ആശങ്ക ഇപ്പോഴുണ്ട്. ഏറ്റവും കുറവ് പോളിങ് ബിജെപിക്കു നിർണായക സ്വാധീനമുള്ള തിരുവനന്തപുരം മണ്ഡലത്തിലാണ്– 59.70.2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിൽപോലും എൽഡിഎഫിനു ലീഡ് നേടാനായിരുന്നില്ല.

എന്നാൽ ഇതിനുശേഷം 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴിൽ ആറു മണ്ഡലങ്ങളിലും വിജയിക്കാനായതിന്റെ ട്രെൻഡ് ഇപ്പോഴും നിൽക്കുന്നുണ്ടന്ന് എൽഡിഎഫ് കരുതുന്നു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, ശക്തനായ സ്ഥാനാർഥി വന്നതിന്റെ മാറ്റം പ്രതിഫലിക്കും. സിപിഎമ്മിനു കൂടി താൽപര്യമുള്ള സ്ഥാനാർഥിയെന്ന നിലയ്ക്ക് ഇടത് വോട്ടുകൾ പൂർണമായി പന്ന്യനു ലഭിച്ചെന്നാണ് അവരുടെ വിശ്വാസം.ബൂത്ത് തിരിച്ചുള്ള വോട്ട് കണക്കുകൾ വിലയിരുത്താൻ രണ്ടുദിവസത്തിനകം പാർലമെന്റ് തിരഞ്ഞെടുപ്പു കമ്മിറ്റികൾ യോഗം ചേരും.

ആറ്റിങ്ങൽ
തിരുവനന്തപുരം∙ ആറ്റിങ്ങലിൽ കിട്ടാവുന്ന വോട്ടുകളുടെ കണക്കെടുപ്പിലാണ് 3 മുന്നണികളുടെയും ബൂത്ത് കമ്മിറ്റികൾ.  മുകൾ തട്ടിലേക്കു കൈമാറുന്ന ഈ സാധ്യതാ കണക്ക് ക്രോഡീകരിച്ചുളള മണ്ഡല വിലയിരുത്തൽ അടുത്ത ദിവസങ്ങളിലേയുണ്ടാവുകയുള്ളൂ. പ്രാഥമിക വിലയിരുത്തലിൽ യുഡിഎഫ് വിജയം ഉറപ്പിക്കുമ്പോൾ എൽഡിഎഫും വിജയ പ്രതീക്ഷയിലാണ്.അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും അത് അട്ടിമറി വിജയത്തിലെത്തുമെന്ന അവകാശവാദം വോട്ടെടുപ്പിന് ശേഷം എൻഡിഎ ക്യാംപിലില്ല. മണ്ഡലത്തിലാകെ നാലര ശതമാനത്തോളം വോട്ടാണ് കഴിഞ്ഞ തവണത്തെക്കാൾ ഇത്തവണ കുറഞ്ഞത്. മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ വർക്കലയിൽ മാത്രമാണ് കഴിഞ്ഞ തവണത്തെക്കാൾ കാര്യമായ കുറവ് സംഭവിക്കാത്തത്.

ഇവിടെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് കുറവ്. മറ്റു മണ്ഡലങ്ങളിലെല്ലാം 4% മുതൽ 6% വരെ വോട്ട് കുറഞ്ഞിട്ടുണ്ട്. എന്നാൽ തങ്ങളുടെ വോട്ടെല്ലാം കൃത്യമായി പോൾ ചെയ്യിച്ചുവെന്ന ആത്മവിശ്വാസം 3 മുന്നണികൾക്കുമുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ക്യാമറ നിരീക്ഷണം എർപ്പെടുത്തിയതിനെ തുടർന്ന് വോട്ടർ പട്ടികയിലെ 1.62 ലക്ഷം ഇരട്ട വോട്ടുകൾ ഫലപ്രദമായി തടഞ്ഞതാണ് വോട്ടിങ് ശതമാനം കുറയാൻ കാരണമെന്ന് യുഡിഎഫ് ക്യാംപ് വിലയിരുത്തുന്നു. മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ 759 വോട്ടിന് ലീഡ് കൈവിട്ട നെടുമങ്ങാട് അടക്കം ഇത്തവണ ഒപ്പം നിൽക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ.

കഴിഞ്ഞ തവണ കൂടിയ ഭൂരിപക്ഷം ലഭിച്ച വാമനപുരം, ചിറയിൻകീഴ്, അരുവിക്കര മണ്ഡലങ്ങളിൽ ഇത്തവണയും ആ മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. യുഡിഎഫിന് ഭൂരിപക്ഷം കുറയുമോ എന്ന ആശങ്കയുള്ളത് കാട്ടാക്കടയിലാണ്. എൽഡിഎഫ് ആകട്ടെ വി.ജോയി സ്വന്തം നാടായ ചിറയിൻകീഴിനൊപ്പം പ്രവർത്തന മേഖലയായ വർക്കലയിലും ആറ്റിങ്ങലും നെടുമങ്ങാട്ടും കാട്ടാക്കടയിലും ഇത്തവണ കാര്യമായ വോട്ട് മുന്നേറ്റം നടത്തുമെന്ന് വിലയിരുത്തുന്നു. അരുവിക്കര, വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽ വൻ മുന്നേറ്റമാണ് എൻഡിഎയുടെ പ്രാഥമിക വിലയിരുത്തലിൽ തെളിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com