ADVERTISEMENT

വെഞ്ഞാറമൂട്∙ വഴിനടക്കാൻ റോഡില്ല. കുടിക്കാൻ വെള്ളമില്ല. ദുരിതജീവിതം നയിക്കുന്ന ഇരുങ്കുളം ഗ്രാമവാസികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സഹായിക്കാൻ അധികൃതരും തയാറാകുന്നില്ല. വാമനപുരം പ‍ഞ്ചായത്തിലെ കാഞ്ഞിരംപാറ വാർഡിൽ കാഞ്ഞിരംപാറ–പൂപ്പുറം റോഡിൽ ചാവരുപാറ– ഇരുങ്കുളം റോഡാണ് തകർന്ന് വലിയ ചാലുകൾ രൂപപ്പെട്ട് കാൽനട യാത്രപോലും ബുദ്ധിമുട്ടിലായിരിക്കുന്നത്.25 വർഷം മുൻപാണ് ചെങ്കുത്തായ റോഡ് നവീകരിച്ച് 3 മീറ്റർ വീതിയിൽ യാത്രാ സൗകര്യം ഉണ്ടാക്കിയത്.

മേഖലയിലെ 30 കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗങ്ങളില്ല. ചാവരുനടയിൽ നിന്നും 400 മീറ്റർ കഴിഞ്ഞാൽ ചെങ്കുത്തായ ഇറക്കം ആണ്. ഇതുവഴി വാഹന സഞ്ചാരം സാധ്യമല്ല. 15 വർഷം മു‍ൻപ് റോഡ് ടാർ ചെയ്ത് നവീകരിച്ചു. പിന്നീട് ടാർ ഇളകി മഴക്കാലത്ത് വലിയ ചാലുകൾ രൂപപ്പെട്ടു. ഇപ്പോൾ വഴിനടക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികൾ.മേഖലയിൽ മഴക്കാലത്തു പോലും കുടിവെള്ളം ലഭിക്കാത്ത സ്ഥലമാണ്. ഇവിടേക്ക് വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചെങ്കിലും ഒന്നും പൂർത്തിയാക്കിയില്ല.

മേഖലയിലേക്ക് കുടിവെള്ളം എത്തിക്കാനും ആയിട്ടില്ല. 200 മുതൽ 500 മീറ്റർ വരെ താഴ്‌വാരത്തേക്ക് ഇറങ്ങിയാണ് തലച്ചുമടായി കുടിവെള്ളം മലമുകളിലേക്ക് എത്തിക്കുന്നത്.രോഗികളെ ആശുപത്രിയിൽ എത്തിക്കാനും കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തു മരണം നടന്നാൽ ഒരു കിലോമീറ്ററോളം ചുമന്നുകൊണ്ടാണ് വീടുകളിൽ മൃതദേഹം എത്തിക്കാൻ കഴിയുന്നത്. പ്രദേശത്തിന്റെ ദുരിതാവസ്ഥ മനസ്സിലാക്കി റോഡ് നവീകരിക്കുകയും കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com