ADVERTISEMENT

തൃശൂർ∙ ചിരി ആരും കാണാത്തതിന്റെ സങ്കടത്തിന്, കരച്ചിൽ ആരും അറിയാത്തതിന്റെ സന്തോഷത്തിന് വർഷം രണ്ട്. മാസ്ക് മുഖത്തു വന്നിട്ട് ഇന്ന് രണ്ടുവർഷം തികയുന്നു. കണ്ണുകൊണ്ടാണിപ്പോൾ ചിരി. ആകെ മൊത്തം ജീവിതത്തിനു വീണ്ടും ചെവിയുടെ കട്ട സപ്പോർട്ട്. കണ്ണടതാങ്ങിക്കു പുറമേ, ‘മാസ്ക് താങ്ങി’യെന്നൊരു പേരുകൂടി വന്നിരിക്കുന്നു ചെവിക്ക്.കോവിഡ് മനുഷ്യരാശിയുടെ ചെവിക്കു പിടിച്ചിട്ട് ഇന്നു 2 വർഷം. 2020 ജനുവരി 30നാണു ചൈനയിലെ വുഹാനിൽ നിന്നു മടങ്ങിയെത്തിയ തൃശൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിക്കു കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിലായിരുന്നു അന്ന് ആ പെൺകുട്ടി. വിവരം ഔദ്യോഗികമായി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു മിനിറ്റുകൾക്കുള്ളിൽ ജനറൽ ആശുപത്രിയുടെ പരിസരവും സ്വരാജ് റൗണ്ടും വിജനമായി.

ആശുപത്രിയിലെത്തുന്നവർ ജാഗ്രത പുലർത്തണമെന്നും മാസ്ക് ധരിക്കണമെന്നും ആശുപത്രിയിൽ ഔദ്യോഗിക അറിയിപ്പുണ്ടായി. ജനറൽ ആശുപത്രി പരിസരത്തെ കടകളിലെ മാസ്കുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. വഴിയോര കച്ചവടക്കാരന്റെ കയ്യിലെ തൂവാലകൾ പോലും.അന്നു ധരിച്ചു തുടങ്ങിയ മാസ്കിൽ നിന്ന് ഒരു മോചനമില്ലേ എന്നാണ് ഇപ്പോൾ ആൾക്കാർ ചോദിക്കുന്നത്. ഉണ്ട്, ഉണ്ടാകും, ഒരു മഹാമാരിയും ദീർഘകാലം മനുഷ്യനു കീഴടങ്ങാതെ നിന്നിട്ടില്ല. കരുതൽ.. അതു വേണം.കോവിഡിന്റെ ആദ്യകാലം ഓരോ രോഗിയുടെയും സഞ്ചാര ചരിത്രമെടുക്കുന്ന കാലമായിരുന്നു. എവിടെയൊക്കെ പോയി, ആരൊക്കെയായി സമ്പർക്കത്തിലായി എന്നിങ്ങനെയുള്ള അന്വേഷണങ്ങൾ.

പിന്നീട് കോവിഡ് രോഗികൾ ഒറ്റപ്പെട്ട സംഭങ്ങളുണ്ടായി. രാത്രി വീട്ടുമുറ്റത്ത് ആംബുലൻസ് വന്നു നിന്നാൽ ആ വീട് ഒറ്റപ്പെടുന്ന സ്ഥിതി.അക്കാലത്തും പിന്തുണയുമായി ചില നല്ല മനുഷ്യർ വന്നു. കോവിഡ് രോഗിയെ ധൈര്യമായി ആശുപത്രിയിൽ കൊണ്ടുപോകാൻ, ഭക്ഷണം വാങ്ങി വീടിന്റെ ഉമ്മറം വരെ എത്തിക്കാൻ, മരുന്ന് എത്തിക്കാൻ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, പൊലീസ്, ഫയർ ഫോഴ്സ്, മറ്റു സർക്കാർ ജീവനക്കാർ..പിന്നെ വാക്സിനേഷൻ ക്യാംപെയ്നുകൾ. രാവും പകലും ഉറക്കമിളച്ച് ക്യാംപ് നടത്തിയ ഡോക്ടർമാർ, നഴ്സുമാർ, സംഘടനാ പ്രവർത്തകർ.പോയ 2വർഷം നമ്മോടു പറയുന്നു. നിരാശയല്ല, പ്രതീക്ഷയാണു കോവിഡ്. ഇത്രമേൽ നന്മ വെളിച്ചത്തു വന്നകാലം വേറെയില്ല. മൂന്നാം വാർഷികത്തിനു മുൻപ് മാസ്ക് നമ്മുടെ മുഖത്തു നിന്നും പോകുമായിരിക്കും. ബ്രിട്ടനിൽ മാസ്ക് മാറ്റിയ വാർത്തയാണ് ഇപ്പോൾ നമുക്ക് പ്രതീക്ഷ.

ജില്ലയിൽ 3,822 പേർക്ക് കോവിഡ്

ജില്ലയിൽ ഇന്നലെ 3,822 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പോസിറ്റീവ് സ്ഥിരീകരണനിരക്ക് 45.15%. വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 988 പേരും വീട്ടുനിരീക്ഷണത്തിലുള്ള 21,421 പേരും ചേർന്ന് 26,231 പേരാണ് ജില്ലയിൽ നിലവിൽ കോവിഡ് ബാധിതരായിട്ടുള്ളത്. 5,905 പേർ കോവിഡ് മുക്തരായി.   ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6,11,563. ഇതിൽ 5,81,900 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ഇന്നലെ റിപ്പോർട്ട്  ചെയ്ത 4 ക്ലസ്റ്ററുകൾ  ചേർത്ത് നിലവിൽ ആകെ 35 ക്ലസ്റ്ററുകൾ. ഇന്നലത്തെ 8,464 ഉൾപ്പെടെ ഇതുവരെ ആകെ 40,81,062 സാംപിളുകളാണ് പരിശോധിച്ചത്. ജില്ലയിൽ ഇതുവരെ 47,97,056 ഡോസ് കോവിഡ് 19 വാക്സീൻ വിതരണം ചെയ്തു.

ആകെ കോവിഡ് ബാധിതർ 6,11,563

രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതിന്റെ രണ്ടാം വാർഷിക ദിനത്തിൽ ജില്ലയിൽ ആകെ കോവിഡ് ബാധിതർ 6,11,563. രാജ്യത്തെ ആദ്യ കോവിഡ് തൃശൂരിൽ സ്ഥിരീകരിച്ച ശേഷം 42 ദിവസം കഴിഞ്ഞ് 2020 മാർച്ച് 12ന് ആണ് തൃശൂരിൽ രണ്ടാമതൊരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ജൂലൈ 23ന് ജില്ലയിൽ കോവിഡ് ബാധിതർ ആയിരം പിന്നിട്ടു. സെപ്റ്റംബർ 24ന് പതിനായിരവും ഒക്ടോബർ 15ന് കാൽ ലക്ഷവും പിന്നിട്ട ജില്ലയിൽ നവംബർ 14ന് അരലക്ഷം കോവിഡ് ബാധിതരായി. 2021 മാർച്ച് 6ന് ആണ് കോവിഡ് സംഖ്യ ഒരു ലക്ഷം കടക്കുന്നത്. പക്ഷേ, പിന്നീട് കോവിഡ് ബാധിതരിലെ വർധന വളരെ വേഗത്തിലായിരുന്നു. 2021 മേയ് 15ന് ജില്ല 2 ലക്ഷം പിന്നിട്ടു. തുടർന്ന് ഓരോ മാസവും ശരാശരി അര ലക്ഷം കോവിഡ് ബാധിതർ വരെ ജില്ലയിൽ ഉണ്ടായിട്ടുണ്ട്.

കോവിഡ് ബ്രിഗേഡ്: ഇന്റർവ്യൂ

മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികകളിൽ നിയമനത്തിനായി ചൊവ്വ മുതൽ ശനി വരെ രാവിലെ 9.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കോവിഡ് ബ്രിഗേഡ് ആയി ജോലി ചെയ്ത് പരിചയമുള്ളവരെ മാത്രമാകും പരിഗണിക്കുക. 

പ്രായപരിധി 45. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളും കോവിഡ് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണം. സ്റ്റാഫ് നഴ്സ് - ചൊവ്വ, ക്ലീനിങ് സ്റ്റാഫ് - ബുധൻ, ലാബ് ടെക്നിഷ്യൻ, ലാബ് അസിസ്റ്റന്റ്-വ്യാഴം, ഡേറ്റ എൻട്രി ഓപറേറ്റർ-വെള്ളി, ഡോക്ടർ-ശനി എന്നീ ക്രമത്തിലാണ് ഇന്റർവ്യൂ. ഫോൺ : 0487-2200310

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com