ADVERTISEMENT

തൃശൂർ ∙ വഴിവ‍ിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ചു ജീവിതവിജയം നേടിയവരുടെ കഥയേക്കാൾ ദയനീയമാണ് ഈ കുട്ടികളുടെ അനുഭവം. ദേശീയ സബ് ജൂനിയർ ചാംപ്യനും സംസ്ഥാന ചാംപ്യനുമടക്കം അത്‍ലറ്റിക്സിൽ സംസ്ഥാനത്തിന് അഭിമാന നേട്ടങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന എൺപതോളം കായികതാരങ്ങൾ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കാഴ്ചയാണ് ഈ ചിത്രത്തിൽ കാണുന്നത്.

സ്റ്റേഡിയത്തിന്റെ ഗാലറിക്കു പുറത്തു പ്രവർത്തിക്കുന്ന കടകളുടെ വരാന്തയ്ക്കു മുന്നിലെ പൊടിമൺ നിരത്താണിവരുടെ പരിശീലന കേന്ദ്രം. ഓടാൻ നിരപ്പുള്ളൊരു പ്രതലം പോലുമില്ല. ലോങ് ജംപ് പരിശീലനത്തിനു വെട്ടിക്കുഴിച്ചെടുത്ത മൺപിറ്റിൽ ചപ്പുംചവറും അടിച്ചുതള്ളി കോർപറേഷൻ ‘തന്നാലാകുന്ന’ സഹായങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു. 

ഹർഡിൽസ് പരിശീലനം നടത്തുന്ന കുട്ടികൾ.
ഹർഡിൽസ് പരിശീലനം നടത്തുന്ന കുട്ടികൾ.

14 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ കഴിഞ്ഞ വർഷത്തെ ദേശീയ സ്വർണ മെഡൽ ജേതാവ് വി.എം. അശ്വതി, സംസ്ഥാന സ്കൂൾ കായികമേളയിൽ കഴിഞ്ഞ വർഷം ജില്ലയ്ക്കു സ്വർണ മെഡൽ സമ്മാനിച്ച ആദികൃഷ്ണ എന്നിവരടക്കം 80ലേറെ താരങ്ങളാണു കോർപറേഷൻ സ്റ്റേഡിയത്തിൽ ദിവസവും പരിശീലനം തേടിയെത്തുന്നത്. സ്റ്റേഡിയത്തിലെ ടർഫ് ഫുട്ബോൾ ക്ലബ്ബുകൾക്കു വാടകയ്ക്കു വിട്ടുനൽകിയിരിക്കുകയാണ്.

ടർഫിനു പുറത്തു കുണ്ടുംകുഴിയുമായിക്കിടക്കുന്ന ട്രാക്കിൽ പ്രഭാത നടത്തക്കാര‍ാണേറെ. കടമുറികൾക്കു മുന്നിൽ ഭാരോദ്വഹന ഉപകരണങ്ങളും അത്‍ലറ്റിക്സ് പരിശീലന ഉപകരണങ്ങളും നിരത്തിവച്ചാണു താരങ്ങളുടെ പരിശീലനം. കടുത്ത കാറ്റിൽ മണ്ണും പൊടിയും വീശിയടിച്ചു വായിലും മൂക്കിലും വരെ കയറും. 

സ്റ്റേഡിയത്തിൽ ലോംങ് ജംപ് പിറ്റ് പണിയുന്നതിനായി
 എടുത്ത കുഴി.
സ്റ്റേഡിയത്തിൽ ലോംങ് ജംപ് പിറ്റ് പണിയുന്നതിനായി എടുത്ത കുഴി.

സ്റ്റേഡിയത്തിനുള്ളിൽ ഒരു മണ്ണുവെട്ടിക്കിളച്ച് ഒരു ലോങ് ജംപ് ഒരുക്കിയിരുന്നെങ്കിലും പരിസരത്തെ മുഴുവൻ ചപ്പും  ചവറും അടിച്ചുകൂട്ടി ഇതിനുള്ളിൽ തള്ളിയ നിലയിലാണ്. ലോങ്ജംപിലടക്കം 3 സ്വർണം സംസ്ഥാന തലത്തിൽ സ്വന്തമാക്കിയ അശ്വതിയടക്കം പലരും പാലക്കാട് വരെ പോയാണു കഴിഞ്ഞ വർഷം പരിശീലനം നടത്തിയിരുന്നത്. ആദികൃഷ്ണയെപ്പോലുള്ളവർ കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിലെത്തിയും പരിശീലനം മുടക്കാതിരിക്കാൻ ശ്രമിക്കുന്നു. 

കോർപറേഷൻ സ്റ്റേഡിയത്തിനു പുറമെ പറവട്ടാനി സ്റ്റേഡിയവും ലാലൂരിൽ ഐ.എം. വിജയന്റെ പേരിൽ നിർമിക്കുന്ന സ്റ്റേഡിയവും ഫുട്ബോൾ മൈതാനമാണ്. അരഡസനോളം ഒളിംപ്യന്മാർക്കു ജന്മം നൽകിയ തൃശൂരിൽ അത്‍ലറ്റിക്സിനായി പരിശീലന സൗകര്യമേയില്ല. 

സിന്തറ്റിക് ട്രാക്ക് ‘മുടക്കി’
9 കോടി രൂപയ്ക്കു കോർപറേഷൻ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കാൻ പി.ടി. ഉഷ മുൻകയ്യെടുത്തു തയാറാക്കിയ ഖേലോ ഇന്ത്യ പ്രൊജക്ടിൽ നിന്നു കോർപറേഷൻ പിന്മാറിയതോടെ പദ്ധതി ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞു. ഖേലോ ഇന്ത്യയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നും സ്വന്തം നിലയ്ക്കു ട്രാക്ക് നിർമിക്കുമെന്നും കോർപറേഷൻ പറയുന്നുണ്ടെങ്കിലും ഇതു വെറുംവാക്കാണെന്ന സൂചന കായികതാരങ്ങൾ തന്നെ വ്യക്തമാക്കുന്നു. 

തൃശൂരിലെ പ്രൊജക്ട് മുടങ്ങിയതോടെ കണ്ണൂരിലും ഇടുക്കിയിലുമടക്കം സിന്തറ്റിക് ട്രാക്ക് പദ്ധതിയുമായി ഖേലോ ഇന്ത്യ മുന്നോട്ടു നീങ്ങുകയാണ്. കുന്നംകുളം സ്റ്റേഡിയത്തിലെ ട്രാക്കും ഖേലോ ഇന്ത്യയുടെ സഹായത്തോടെ നിർമിച്ചതു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com