ADVERTISEMENT

കാതിക്കുടം ∙കൊയ്തൊഴിഞ്ഞ പാടശേഖരം ഇനി അടുത്ത നെൽക്കൃഷി വരെ തരിശു കിടക്കേണ്ട. ഇവിടെ ചെമ്മീൻ കൃഷി ആരംഭിക്കുകയാണ് കർഷകർ. കാടുകുറ്റി പഞ്ചായത്തിലെ  കക്കാട് പാടശേഖരത്തിലാണ് ഇടവിളയായി മത്സ്യക്കൃഷി നടത്താന്‍ ഒരുങ്ങുന്നത്. കൊയ്ത്തു കഴിഞ്ഞ പാടത്തു വെള്ളം കെട്ടി നിർത്തിയാണു കൃഷിക്കൊരുക്കിയത്. ആദ്യകാലത്തു മൂന്നു പൂക്കൃഷി ചെയ്തിരുന്ന പാടശേഖരത്തിൽ ഇപ്പോൾ ഒരുവിള മാത്രമാണ് കൃഷിയിറക്കാനാകുന്നത്. 4 ഏക്കറിലാണു പരീക്ഷണാടിസ്ഥാനത്തിൽ ചെമ്മീൻ വളർത്തുന്നത്. ‘നാരൻ’എന്ന ഇനം ചെമ്മീനെയാണ് ഇവിടെ വളർത്തുന്നത്. 4 മാസം കൊണ്ടു വിളവെടുക്കാനാകുമെന്നാണു പ്രതീക്ഷ.   വയലിൽ കെട്ടി നിർത്തുന്ന വെള്ളം അധികമായാൽ പ്രത്യേക സംവിധാനം വഴി ഒഴുക്കി കളയാവുന്ന നിലയിൽ കൃഷിയിടം ഒരുക്കി. മത്സ്യ ക്ലബ്ബുമായി സഹകരിച്ചു 40,000 മത്സ്യ കുഞ്ഞുങ്ങളെയാണ് പാടത്ത് ഇറക്കിയത്. 4 മാസം കൊണ്ട് 150 ഗ്രാം വരെ തൂക്കമുള്ള ചെമ്മീൻ ലഭിക്കുമെന്നാണ് ഫിഷറീസ് അധികൃതർ പറയുന്നത്.

മറ്റു തീറ്റയ്ക്ക് പുറമേ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ പുൽച്ചാടികളും കൊയ്ത്തിന് ശേഷം അവശേഷിക്കുന്ന പാടത്തെ വയ്‌ക്കോലിന്റെ കാലയും ചെമ്മീനു ഭക്ഷിക്കാം. കക്കാട് നമ്പർ വൺ ഇറിഗേഷനിൽ നിന്നാണ് ആവശ്യത്തിനു വെള്ളം എത്തിക്കുക. പനമ്പിള്ളി സുകുമാരൻ,എം.എസ്.രാധാകൃഷ്ണൻ, ജോസ് ആലപ്പാട്ട് എന്നീ കർഷകരുടെ പാടശേഖരത്തിലാണ് കൃഷി. പദ്ധതി വിജയമായാൽ മറ്റു പാടശേഖര സമിതികളെ കൂടി ഏകോപിപ്പിച്ചു നെൽകൃഷിക്കു പിന്നാലെ മത്സ്യ വിളവ് ഒരുക്കാനുള്ള ബൃഹദ് പദ്ധതിക്ക് രൂപം നൽകുമെന്ന് കർഷകനും പാടശേഖര സമിതി സെക്രട്ടറിയുമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ  അറിയിച്ചു. കൃഷിയിറക്കലിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. പാടശേഖര സമിതി വൈസ് പ്രസിഡന്റ് ടി.കെ.രാജൻ, പാലക്കാട് എൻജിനീയറിങ് കോളജ് റിട്ട.അധ്യാപകൻ കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, പഞ്ചായത്ത് അംഗം പി.വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com