കടലിൽ കുടുങ്ങിയ ബോട്ടിലെ തൊഴിലാളികളെ രക്ഷപ്പെടുത്തി
Mail This Article
കൊടുങ്ങല്ലൂർ ∙ എൻജിൻ നിലച്ചു കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ 7 തൊഴിലാളികളെ ഫിഷറീസ് റസ്ക്യു ബോട്ട് രക്ഷപ്പെടുത്തി. ബോട്ട് കെട്ടിവലിച്ചു കരയിൽ എത്തിച്ചു. കോഴിക്കോട് പുതിയാപ്പ ഹാർബറിൽ നിന്നു 3 ദിവസം മുൻപ് ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ആനന്ദേശ്വരത്തപ്പൻ ബോട്ടാണു കടലിൽ കുടുങ്ങിയത്. കയ്പമംഗലം ബീച്ചിൽ വഞ്ചിപ്പുര വടക്കു പടിഞ്ഞാറ് ഭാഗത്ത് 12 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം.
കോഴിക്കോട് പുതിയാപ്പ സ്വദേശി രാകേഷിന്റെ ബോട്ട് അപകടത്തിൽ പെട്ടതായി രാവിലെ എട്ടിനാണ് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ്. പോളിന്റെ നിർദേശ പ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽ കുമാർ, റസ്‌ക്യൂ ഗാർഡ്, ഫസൽ, ബോട്ട് സ്രാങ്ക് ദേവസി, മുനമ്പം, എൻജിൻ ഡ്രൈവർ ആന്റണി എന്നിവരും രക്ഷാ പ്രവർത്തനത്തിനു നേതൃത്വം നൽകി.