ADVERTISEMENT

പുന്നയൂർക്കുളം ∙ ഒരുകാലത്തെ പ്രൗഢിയായിരുന്ന ബിഎസ്എൻഎൽ ലാൻഡ് ഫോണിനെ ഉപയോക്താക്കൾ കയ്യൊഴിഞ്ഞതോടെ ടെലിഫോൺ എക്സ്ചേഞ്ചുകളും ഇല്ലാതാകുന്നു. ആളും ആരവവും നിലച്ചതോടെ പുന്നയൂർക്കുളം എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടവും സമീപത്തെ ക്വാർട്ടേഴ്സ് സമുച്ചയവും വാടകക്കാരെ കാത്തിരിക്കുകയാണ്. പതിനായിരത്തിലധികം കണക്‌ഷനുണ്ടായിരുന്ന പുന്നയൂർക്കുളത്ത് ഇപ്പോൾ 400ൽ താഴെ പേർ മാത്രമാണ് ലാൻഡ് ഫോൺ ഉപയോഗിക്കുന്നത്. ആറായിരത്തിലധികം കണക്‌ഷനുണ്ടായിരുന്ന വൈലത്തൂരിന്റെ അവസ്ഥ ഇതിലും പരിതാപകരമാണ്.

പുന്നയൂർക്കുളത്ത് എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് ബിഎസ്എൻഎല്ലിന്റെ സ്വന്തം കെട്ടിടത്തിലാണ്.  ഇവിടെ 2 മുറി മാത്രമാണ് ഉപയോഗിക്കുന്നത്. ഹാളും ഓഫിസ് മുറികളും താമസിക്കാനുള്ള ക്വാർട്ടേഴ്സും ഒഴിഞ്ഞു കിടക്കുന്നു. മുറികൾ വാടകയ്ക്ക് നൽകുന്നുവെന്ന ബോർഡ് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലെ 77 എക്സ്ചേഞ്ചുകളിൽ 3 എണ്ണം നിർത്തി. ബാക്കി അടുത്ത വർഷത്തിനുള്ളിൽ അടയ്ക്കാനാണ് ബിഎസ്എൻഎൽ  തീരുമാനമെന്ന് അധികൃതർ പറഞ്ഞു. ഒരു കണക്‌ഷൻ നിലനിർത്താൻ 202 രൂപ ചെലവ് വരുമ്പോൾ 93 രൂപ മാത്രമാണ് വരവെന്നാണ് ബിഎസ്എൻഎല്ലിന്റെ കണക്ക്. 

എക്സ്ചേഞ്ചുകൾ ഇല്ലാതാകുന്നെങ്കിലും  ആധുനികവൽക്കരണത്തിന്റെ പാതയിലാണ് കമ്പനി. സ്വകാര്യ നെറ്റ‌്‌‌വർക്കുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ എക്സ്ചേഞ്ചുകളുടെ ആവശ്യം ഇല്ല. കേബിൾ ഓപ്പറേറ്ററോട് ആവശ്യപ്പെട്ടാൽ അന്നുതന്നെ ബിഎസ്എൻഎൽ കണക്‌ഷൻ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. പഴയ നമ്പർ മാറാതെ കണക്‌ഷൻ ഫൈബറിലേക്ക് മാറ്റാം. ഫോൺ കണക്‌ഷനൊപ്പം ഇന്റർനെറ്റും കേബിൾ ടിവിയും ലഭിക്കുമെന്ന മെച്ചവും ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com