ADVERTISEMENT

തൃശൂർ ∙ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചു സിപിഎം നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പാർട്ടിയിൽ നിന്നുതന്നെ ഇ.ഡിക്കു ചോർത്തി നൽകി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ മാത്രമേ ഈ രേഖ അവതരിപ്പിച്ചിട്ടുള്ളു. 31 പേജുള്ള ഇതിന്റെ പൂർണ രൂപം ഇ.ഡിക്കു കിട്ടിയിട്ടുണ്ടെന്നാണു പാർട്ടി മനസ്സിലാക്കിയ വിവരം. ഈ രേഖയുടെ അടിസ്ഥാനത്തിലാണു പി.കെ.ബിജുവിനെയും എം.എം.വർഗീസിനെയും പി.കെ.ഷാജനെയും ചോദ്യം ചെയ്യുന്നത്. അന്വേഷണ റിപ്പോർട്ടില്ലെന്നു പറയാനാണു പാർട്ടി നേതൃത്വം നിർദേശിച്ചതെന്ന് അറിയുന്നു. എന്നാൽ ഇ.ഡിയുടെ കൈവശം ഇതുണ്ടെന്നു വന്നതോടെ പ്രതിരോധം പറ്റാതായി.

സിപിഎം വൻ തുക പിൻവലിച്ച തൃശൂർ എംജി റോഡിലെ പൊതുമേഖലാ ബാങ്കിന്റെ ശാഖയിൽ ഐടി ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പരിശോധന നടത്തുന്നു
സിപിഎം വൻ തുക പിൻവലിച്ച തൃശൂർ എംജി റോഡിലെ പൊതുമേഖലാ ബാങ്കിന്റെ ശാഖയിൽ ഐടി ഉദ്യോഗസ്ഥർ ഇന്നലെ രാത്രി പരിശോധന നടത്തുന്നു

അന്വേഷണ കമ്മിഷനായി പാർട്ടി നിയോഗിച്ചിരുന്നതു പാർട്ടിയുടെ ജില്ലാ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനെയും ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജനെയുമാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ചുമതലക്കാർക്കു വീഴ്ച പറ്റിയെന്നും ജില്ലാ നേതാക്കൾക്കു ജാഗ്രതക്കുറവുണ്ടായെന്നുമായിരുന്നു കണ്ടെത്തൽ. 2021 മേയിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ രേഖ ചർച്ച ചെയ്തിരുന്നു. 10 അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റാർക്കും  കൊടുത്തിട്ടില്ല. പിന്നീട് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി യോഗത്തിൽ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഈ റിപ്പോർട്ടിന്റെ പൂർണരൂപം റിപ്പോർട്ട് ചെയ്തിരുന്നു.  ഈ 2 സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും പകർപ്പു നൽകി. മറ്റ് ഏരിയ കമ്മിറ്റികളിൽ ഉള്ളടക്കം മാത്രമാണു റിപ്പോർ‌ട്ട് ചെയ്തത്. സംസ്ഥാന കമ്മിറ്റിക്കും റിപ്പോർട്ട്  കൈമാറിയിരുന്നു.

കരുവന്നുർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പാർട്ടി അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പി.കെ. ഷാജൻ എന്നിവർ ഇഡി ഓഫിസിൽ എത്തിയപ്പോൾ.
കരുവന്നുർ സഹകരണ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, പാർട്ടി അന്വേഷണ കമ്മിഷൻ അംഗമായിരുന്ന പി.കെ. ഷാജൻ എന്നിവർ ഇഡി ഓഫിസിൽ എത്തിയപ്പോൾ.

അതീവ രഹസ്യമായി സൂക്ഷിച്ച റിപ്പോർട്ട് മുഴുവനും എങ്ങനെ ഇ.ഡിക്കു ലഭിച്ചു എന്നതാണു നേതൃത്വത്തെ വലയ്ക്കുന്ന ചോദ്യം. റിപ്പോർട്ടുണ്ടെന്ന കാര്യം തൽക്കാലം നിഷേധിക്കാനാണു പാ‍ർട്ടിയുടെ തീരുമാനം. എന്നാൽ പാർട്ടി പത്രത്തിലും പത്രക്കുറിപ്പിലും കരുവന്നൂർ ബാങ്ക് അഴിമതിയുടെ പേരിൽ നടപടിയെടുത്തതായി പറയുന്നുണ്ട്. മാത്രമല്ല, റിപ്പോർട്ട് ഉള്ളതായി പി.െക.ഷാജൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ഇതു വാർത്തയാകുകയും ചെയ്തിരുന്നു. പാർട്ടി നിഷേധിച്ചിട്ടുമില്ല.

‘കള്ളനോട്ട്,  കുഴൽപണ  കേസുകൾ ഇ.ഡി അന്വേഷിക്കണം’ 
തൃശൂർ∙ കരുവന്നൂർ കേസ് അന്വേഷിക്കുന്ന ഇ.ഡി കൊടുങ്ങല്ലൂർ കള്ളനോട്ടു കേസും കൊടകര കുഴൽപണ കേസും അന്വേഷിക്കാൻ തയാറാകണമെന്നു സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്ഷപാതത്തേക്കുറിച്ചു കോൺഗ്രസ് പ്രതികരിക്കണമെന്നു സിപിഎം ആവശ്യപ്പെട്ടു.ആധുനിക രീതിയിലാണു കൊടുങ്ങല്ലൂരിൽ കള്ള നോട്ട് അച്ചടിച്ചിരുന്നത്. ഇതിനു ബെംഗളൂരു ബന്ധം കൂടി ഉണ്ടായിരുന്നതിനാലാണു ഇ.ഡി അന്വേഷിക്കണമെന്നു പൊലീസ് ആവശ്യപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് കള്ളനോട്ടും പിടിച്ചെടുത്തിരുന്നു. പ്രതികൾ ബിജെപി നേതാക്കളായതിനാലാണു കേന്ദ്ര ഏജൻസികൾ കണ്ണടച്ചത്. കുഴൽപണ കേസിൽ പൊലീസ് അന്വേഷിച്ചപ്പോഴാണു പലർക്കും പങ്കാളിത്തമുള്ളത് പുറത്തു വന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com