ADVERTISEMENT

കാടുകുറ്റി ∙ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ സമ്പാളൂർ വട്ടക്കോട്ട ഭാഗത്തേക്കു ശുദ്ധജലം എത്താതെ ജനം വലയുന്നു. വാർഡിൽ വൈന്തലയിലാണു ശുദ്ധജല വിതരണത്തിനായി പമ്പ് ഹൗസ് സ്ഥാപിച്ച് ചാലക്കുടിപ്പുഴയിൽ നിന്നു ജലം പമ്പ് ചെയ്യുന്നത്. ഇതേ വാർഡിലെ സമ്പാളൂരിലാണു ഗ്രാമീണ ശുദ്ധജല പദ്ധതിക്കായുള്ള പടുകൂറ്റൻ ജലസംഭരണി സ്ഥാപിച്ചിരിക്കുന്നത്.ഇതിൽ നിന്നാണു പഞ്ചായത്തിലെ 4 വാർഡുകളിലേക്കു ശുദ്ധജലം എത്തിക്കുന്നതെങ്കിലും‍ ഈ ജലസംഭരണി സ്ഥാപിച്ച ഒന്നാം വാർഡിലെ താമസക്കാരായ വട്ടക്കോട്ടയിലെ ജനങ്ങൾക്കു വെള്ളം കിട്ടുന്നതു വല്ലപ്പോഴും മാത്രം.

thrissur-kadukutty-water-tank
കാടുകുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ സമ്പാളൂരിൽ സ്ഥാപിച്ച ജലസംഭരണി.

പ്രദേശത്തെ കിണറുകളിൽ ജലനിരപ്പ് താഴ്ന്നതോടെ അവിടെ നിന്നു വെള്ളം ശേഖരിച്ചു ചുമന്നു വീടുകളിലേക്ക് എത്തിക്കാനും സാധിക്കാതെയായി.സമ്പാളൂർ വട്ടക്കോട്ടയിൽ സ്ഥാപിച്ച കുഴൽകിണറിൽ നിന്നു നേരത്തെ വെള്ളമെടുത്തിരുന്നു. എന്നാൽ ഇപ്പോഴതിൽ നിന്നു വരുന്നതു കലങ്ങിയതും ഇരുമ്പിന്റെ മണവും ചുവയുമുള്ള വെള്ളമാണ്. ഇതു കുടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാനാകില്ല. 

ജലവിതരണം നടക്കുന്ന സമയത്തു വീടുകളില്‍ ബക്കറ്റുകളിലും മറ്റും വെള്ളം ശേഖരിച്ചു വച്ചു കരുതലോടെ ഉപയോഗിക്കുകയാണ് ഇവർ. ചിലപ്പോൾ 4 ദിവസം വരെ ജല വിതരണം മുടങ്ങാറുണ്ടെന്നാണു പ്രദേശവാസികളുടെ പരാതി. . പാളയംപറമ്പ്, സമ്പാളൂർ, വൈന്തല മേഖലയിൽ ശുദ്ധജല വിതരണ പൈപ്പ് ലൈൻ പൊട്ടുന്നതു പതിവായിരിക്കുകയാണ്. പൈപ്പ് അറ്റകുറ്റ പണി പൂർത്തിയാക്കും വരെ ജലവിതരണം നിർത്തി വയ്ക്കുമെന്നതാണു ശുദ്ധജല വിതരണം തടസ്സപ്പെടുന്നതിനുള്ള പ്രധാന കാരണം. 

2.86 ലക്ഷം ലീറ്റർ ജലം സംഭരിക്കാൻ ശേഷിയുള്ളതാണു വാർഡിൽ സ്ഥാപിച്ചിട്ടുള്ള ജലസംഭരണി. എന്നാൽ പൈപ്പ് വഴി നൂലു പോലെയാണ് പലപ്പോഴും വെള്ളം എത്താറുള്ളതെന്നാണു പരാതി. ഇതേ ജലസംഭരണിയിൽ നിന്നാണു പഞ്ചായത്തിലെ ഒന്ന്, 14, 15, 16 വാർഡുകളിലേക്കു വെള്ളം എത്തിക്കുന്നത്. പലവട്ടം പരാതിപ്പെട്ടിട്ടും വട്ടക്കോട്ടക്കാർക്കിനിയും മുടങ്ങാതെ ശുദ്ധജലം ലഭിക്കുന്നില്ല. ഈ കൊടിയ വേനൽ കടക്കാൻ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com