ADVERTISEMENT

തിരുവനന്തപുരം∙ ആനയെഴുന്നള്ളിപ്പിനു നിയന്ത്രണമേർപ്പെടുത്തിക്കൊണ്ടു ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ വിവാദ ഉത്തരവ് വനംവകുപ്പുതന്നെ തിരുത്തുന്നു. പൂരത്തിന് എഴുന്നള്ളിക്കുമ്പോൾ ആനയുടെ 50 മീറ്റർ പരിധിയിൽ ആളുകൾ നിൽക്കരുത്, 50 മീറ്റർ ചുറ്റളവിൽ തീവെട്ടി, പടക്കം പൊട്ടിക്കൽ, താളമേളം എന്നിവ പാടില്ല തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ ഉത്തരവ് ഉടൻ ഭേദഗതി ചെയ്യാനാണു തീരുമാനം.വിവിധ ദേവസ്വം ബോർഡുകൾ ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നാണു വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഉത്തരവ് തിരുത്താൻ നിർദേശിച്ചത്.   ഈ നിർദേശങ്ങൾ പാലിച്ചാൽ ആനയെ എഴുന്നള്ളിക്കുന്ന സ്ഥലത്തു മേളമോ പഞ്ചവാദ്യമോ നടത്താനാവില്ലെന്നു ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടി. പൂരത്തിന്റെ മഠത്തിൽവരവ്, ഇലിഞ്ഞിത്തറ മേളം എന്നിവയെല്ലാം മുടങ്ങുന്നതിനും ഇടയാക്കും.

ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ആനകളെ വിട്ടുനൽകില്ലെന്ന് എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ പ്രഖ്യാപിച്ചിരുന്നു. ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി, ആനത്തൊഴിലാളി യൂണിയൻ തുടങ്ങിയ സംഘടനകൾ ആന ഉടമകളെ പിന്തുണച്ചു.ഉത്തരവിലെ അപ്രായോഗിക നിർദേശങ്ങൾ തിരുത്തി പൂരത്തിന് ആനയെ സുരക്ഷിതമായി എഴുന്നള്ളിക്കുന്നതിനുള്ള പുതിയ നിർദേശങ്ങൾ നടപ്പാക്കാനാണു വനം വകുപ്പിന്റെ തീരുമാനം. ഉത്സവങ്ങളിൽ പൊതുജനങ്ങൾക്കും ആനകൾക്കും അപകടമുണ്ടാക്കുന്നത് ഒഴിവാക്കാൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത വിവിധ കേസുകളിൽ സർക്കാരിന്റെ നിലപാട്‌ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണു 3 ദിവസം മുൻപ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറത്തിറക്കിയതും കോടതിയിൽ സത്യവാങ്മൂലം നൽകിയതും.

ആനകളുടെ  ഫിറ്റ്നസ്  സർട്ടിഫിക്കറ്റ്ഹാജരാക്കണം
കൊച്ചി ∙ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മനുഷ്യ–വന്യജീവി സംഘർഷം സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു നിർദേശം നൽകിയത്. ഹർജികൾ 17ന് വീണ്ടും പരിഗണിക്കും. ആനയെ എഴുന്നള്ളിക്കുന്നതു സംബന്ധിച്ചു ചീഫ് വൈൽഡ് ലൈഫ് വാർഡന്റേത് ഉൾപ്പെടെയുള്ള ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ആനകളെ സംബന്ധിച്ച വിവരങ്ങൾ വനംവകുപ്പ് അറിയിക്കണം. ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്ന വിഷയമാണ് പരിഗണിച്ചത്. ആരോഗ്യപ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുപ്പിക്കരുതെന്നും നിർദേശിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വനം വകുപ്പ് വ്യക്തമായ വിശദീകരണം നൽകിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com