ADVERTISEMENT

പെരുമ്പിലാവ് ∙ കടവല്ലൂർ, വേമ്പൻപടവ് എന്നീ പാടശേഖരങ്ങളിൽ ഉണങ്ങി നശിച്ചുപോയ 300 ഏക്കറിൽ നിന്നു സൂക്ഷിച്ചെടുത്ത നെല്ല് എടുക്കാൻ മില്ലുകാർ എത്തി. ഉണക്കം ബാധിച്ചതിനെത്തുടർന്നു ഗുണനിലവാരം കുറഞ്ഞ നെല്ലാണ് എടുക്കാൻ ആളില്ലാതെ പല സ്ഥലങ്ങളിലായി കെട്ടിക്കിടന്നിരുന്നത്. കൃത്യമായി വെള്ളം ലഭിക്കാതിരുന്നതോടെയാണു നെല്ലിന്റെ ഗുണം കുറഞ്ഞത്. ഒപ്പം കൃഷി ചെയ്ത 200 ഏക്കറോളം നെല്ല് പൂർണമായി നശിച്ചിരുന്നു. 

ചെറിയ തോതിൽ ജലസേചനം ലഭിച്ചവ മാത്രമാണ് കൊയ്തെടുക്കാൻ കഴിഞ്ഞത്. 500 ടണ്ണോളം നെല്ല് ലഭിക്കേണ്ട സ്ഥാനത്തു ലഭിച്ചതാകട്ടെ 80-100 ടൺ മാത്രം. മില്ലുകാർ നെല്ല് പരിശോധിക്കാൻ എത്തിയിരുന്നെങ്കിലും എടുക്കാൻ തയാറായിരുന്നില്ല. പാടശേഖര സമിതികളുടെയും സപ്ലൈകോ അധികൃതരുടെയും ഇടപെടൽ മൂലമാണ് ഇപ്പോൾ നെല്ലെടുക്കാൻ ആളെത്തിയത്. സാധാരണ എടുക്കുന്നതിലും കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഒരു മാസത്തോളമായി മഴയെ പേടിച്ചു കഴിഞ്ഞിരുന്ന കർഷകർക്ക് ഇതോടെ ആശ്വാസമായി. 

30 വർഷത്തോളം തരിശു കിടന്ന പാടശേഖരത്തിൽ 4 വർഷം മുൻപാണു വീണ്ടും കൃഷി തുടങ്ങിയത്. തോടുകളുടെ ശോച്യാവസ്ഥയും കൃത്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതുമാണ് ഇവിടെ കർഷകരെ വലയ്ക്കുന്നത്. കടുത്ത വേനൽ എത്തുന്നതിനു മുൻപു കൊയ്തെടുക്കുന്ന തരത്തിൽ കൃഷി ക്രമീകരിക്കുകയാണു പരിഹാരമെന്നു കർഷകർ പറയുന്നു. ശക്തിയേറിയ മോട്ടറുകൾ ഉപയോഗിച്ചു പാടത്തെ വെള്ളം വറ്റിച്ചാൽ മാത്രമേ ഇത് പ്രാവർത്തികമാക്കാൻ കഴിയൂ. അതിനുള്ള സജ്ജീകരണങ്ങളാണു കർഷകർ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com