ADVERTISEMENT

തൃശൂർ ∙ രാവിലെ തന്നെ എത്തി നിരയിൽ ഇടം പിടിച്ച വോട്ടർമാരെ വലച്ച് പലയിടത്തും യന്ത്രത്തകരാർ. ചിലയിടങ്ങളിൽ പോളിങ് ആരംഭിക്കാൻ വൈകിയെങ്കിൽ ചിലയിടങ്ങളിലാകട്ടെ പോളിങ്ങിനിടയിലാണ് യന്ത്രം പണിമുടക്കിയത്.  ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽപെട്ട ചേലക്കര പരക്കാട് അങ്കണവാടിയിലെ ബൂത്തിൽ ആദ്യത്തെ 6 പേർ വോട്ട് ചെയ്ത ശേഷം 7.10ന് യന്ത്രം തകരാറായി. ഒരു മണിക്കൂർ 10 മിനിറ്റിനു ശേഷമാണു തകരാർ പരിഹരിച്ചത്. പിന്നീട് വീണ്ടും തകരാറായെങ്കിലും ടെക്നിഷ്യൻ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻ പരിഹരിച്ചു. 

പെരുമ്പിലാവ് അക്കിക്കാവ് സെന്റ് മേരീസ് കോളജിലെ ബൂത്തിൽ യന്ത്രം തകരാറിലായി ഒരു മണിക്കൂർ പോളിങ് നിർത്തിവച്ചു. പുതിയ യന്ത്രം എത്തിച്ചാണ് പോളിങ് പുനരാരംഭിച്ചത്. വടക്കാഞ്ചേരി പനങ്ങാട്ടുകര എംഎൻഡിഎസ് സ്കൂളിലെ ബൂത്തിൽ യന്ത്രത്തകരാർ മൂലം 40 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്. എങ്കക്കാട് ആർഎസ് എൽപി സ്കൂളിലെ ബൂത്തിൽ 15 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്.

വരവൂർ ഗവ. എൽപി സ്കൂളിൽ യന്ത്രത്തകരാർ മൂലം ഒരു മണിക്കൂർ വൈകിയാണ് പോളിങ് ആരംഭിക്കാനായത്. കടങ്ങോട് പഞ്ചായത്തി‍ൽ വെള്ളറക്കാട് അങ്കണവാടിയിലെയും മരത്തംകോട് എംപിഎം യുപി സ്കൂളിലെയും വോട്ടിങ് മെഷീനുകൾ അൽപനേരം പണിമുടക്കി. തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ ഗുരുവായൂർ കോട്ടപ്പടി എസ്എൻഎൽപി സ്കൂളിലെ ഒരു ബൂത്തിൽ രാവിലെ തന്നെ വോട്ടിങ് മെഷീൻ കേടുവന്ന് ഒരു മണിക്കൂർ വൈകിയാണ് പോളിങ് ആരംഭിച്ചത്.

ഇരിങ്ങാലക്കുട കാട്ടൂർ പൊഞ്ഞനം മഹിളാസമാജം ബൂത്തിൽ പത്ത് മിനിറ്റ് പോളിങ് നിർത്തിവയ്ക്കേണ്ടി വന്നു. ഒല്ലൂർ ചിയ്യാരത്ത് യന്ത്രത്തകരാർ മൂലം തിരഞ്ഞെടുപ്പു വൈകി. ചേർപ്പ് ജെബി സ്കൂൾ ബൂത്തിലെ യന്ത്രം ഒരു മണിക്കൂറോളം പണിമുടക്കി. മാടക്കത്തറ പടിഞ്ഞാറേ വെള്ളാനിക്കര അങ്കണവാടിയിൽ യന്ത്രം തകരാറിലായതിനെതുടർന്ന് ഒരു മണിക്കൂർ പോളിങ് വൈകി.

ഒല്ലൂർ മരിയാപുരം സ്കൂളിൽ രാവിലെ തന്നെ മുക്കാൽ മണിക്കൂറോളം യന്ത്രം പണിമുടക്കി. നാട്ടിക കെഎംയുപി സ്കൂളിലെ ബൂത്തിൽ 50 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്. പുതുക്കാട് ആലേങ്ങാട് ശങ്കര യുപി സ്കൂളിലെ 2 പോളിങ് ബൂത്തുകളിലും പുലക്കാട്ടുകര ഹോളി ഫാമിലി സ്കൂൾ, തൊട്ടിപ്പാൾ കർഷക സമാജം ഹാൾ, കുണ്ടായി റിക്രിയേഷൻ ക്ലബ് ഹാൾ, ചെങ്ങാലൂർ സെന്റ് മേരീസ് സ്കൂൾ, പറപ്പൂക്കര പന്തല്ലൂർ ജനത യുപി സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിലും യന്ത്രത്തകരാർ പോളിങ്ങിനെ ബാധിച്ചു.  

ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ആളൂർ‌ തിരുത്തിപ്പറമ്പ് സെന്റ് പോൾസ് സ്കൂളിലെ ബൂത്തിൽ അര മണിക്കൂറോളം യന്ത്രം തകരാറിലായി. മാള ആലത്തൂർ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ബൂത്തിൽ 45 മിനിറ്റ് വൈകിയാണ് പോളിങ് ആരംഭിച്ചത്. കയ്പമംഗലം എറിയാട് എഎംഐ യുപി സ്കൂളിൽ യന്ത്രം പണിമുടക്കിയതിനെ തുടർന്ന് ഒരു മണിക്കൂർ വൈകി പുതിയ യന്ത്രം എത്തിച്ച് പോളിങ് ആരംഭിച്ചു. കയ്പമംഗലം കൂരിക്കുഴി എഎം യുപി സ്കൂളിലെയും കൂളിമുട്ടം തട്ടുങ്ങൽ യുപി സ്കൂളിലെയും മതിലകം കളരിപ്പറമ്പ് യുപി സ്കൂളിലെയും ബൂത്തുകളിൽ യന്ത്രത്തകരാർ അൽപസമയം പോളിങ്ങിനെ ബാധിച്ചു.

അതിരപ്പിള്ളി വാച്ചുമരത്തെ കൊല്ലത്തിരുമേട് ഫോറസ്റ്റ് സ്റ്റേഷൻ ബൂത്തിലും ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ചാലക്കുടി കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിലെ ബൂത്തിലും വിവി പാറ്റ് മെഷീൻ തകരാറിലായതിനെതുടർന്ന് ഒരു മണിക്കൂറോളം പോളിങ് തടസ്സപ്പെട്ടു. കൂടപ്പുഴയിൽ പുതിയ വിവിപാറ്റ് ഇൻസ്റ്റാൾ ചെയ്ത ശേഷമാണ് പോളിങ് ആരംഭിച്ചത്. അതിരപ്പിള്ളിയിൽ രണ്ടാമതും കേടുവന്നതിനെതുടർന്ന് വിവി പാറ്റ് യന്ത്രം മാറ്റിവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com