ADVERTISEMENT

തൃശൂർ ∙ ഫലപ്രവചനവും അടിയൊഴുക്കുകളും കൂടുതൽ സങ്കീർണമാക്കി തൃശൂർ ലോക്സഭാ മണ്ഡലത്തിലെ പോളിങ് ട്രെൻഡ്. 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിങ്ങിൽ 4.96% ഇടിവുണ്ടായെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനിൽ നിന്ന് ഒടുവിൽ ലഭിച്ച കണക്കു പ്രകാരം 7 നിയോജക മണ്ഡലങ്ങളിലായി 40,613 വോട്ടുകൾ ഇത്തവണ കൂടുതൽ പോൾ ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 10,40,512 വോട്ടുകൾ ആകെ രേഖപ്പെടുത്തിയ സ്ഥാനത്ത് ഇത്തവണ 10,81,125 വോട്ടുകളാണു രേഖപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ കന്നിവോട്ടർമാരുടെ എണ്ണം കുത്തനെ കൂടിയതാണു കാരണം. 34,177 പേർ വോട്ടർ പട്ടികയിൽ പുതുതായി ഇത്തവണ ഇടംപിടിച്ചു. ഇവരുടെ വോട്ടുകൾ ആർക്കനുകൂലമായി എന്നതു നിർണായകം. 

തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയോജക മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈവശമാണ്. ഇതിൽ ഗുരുവായൂർ, മണലൂർ, നാട്ടിക, പുതുക്കാട് മണ്ഡലങ്ങൾ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളുമാണ്. ഗുരുവായൂരിൽ 9608, മണലൂരിൽ 6854, നാട്ടികയിൽ 6827 എന്നിങ്ങനെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിലുണ്ടായ വർധന ഫലപ്രഖ്യാപനത്തിൽ വലിയ സ്വാധീനമുണ്ടാക്കാനിടയുണ്ട്.

പുതുക്കാട് മണ്ഡലത്തിൽ 1330 വോട്ടുകളും വർധിച്ചു. വാശിയേറിയ ത്രികോണ പോരാട്ടമാണു തൃശൂരിൽ നടന്നത് എന്നതിനാൽ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിലെ വോട്ട് വർധന സിപിഎമ്മും സിപിഐയും ഗൗരവത്തോടെ കൂട്ടിക്കിഴിക്കുന്നുണ്ട്. തൃശൂർ നിയോജക മണ്ഡലത്തിൽ 5901, ഒല്ലൂരിൽ 5022, ഇരിങ്ങാലക്കുടയിൽ 5071 എന്നിങ്ങനെയും വോട്ട് വർധനവുണ്ടായി.

എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയതിനേക്കാൾ പോളിങ് ശതമാനം വലിയ തോതിൽ കുറഞ്ഞതു മുന്നണികളുടെ പ്രതീക്ഷയിൽ താളപ്പിഴയുണ്ടാക്കി. 2019ൽ 77.86% ആയിരുന്നു പോളിങ്. ഇത്തവണ 72.90% ആയി പോളിങ് ഇടിഞ്ഞു. തൃശൂർ ലോക്സഭാ മണ്ഡലത്തിലാകെ 34,177 കന്നിവോട്ടുകാർ പട്ടികയിൽ ഇടംപിടിച്ചിരുന്നു. ജില്ലയിലാകെ 58,141 പേർ പുതുതായി വോട്ടർ പട്ടികയിലെത്തി. ഇതു തന്നെ ട്രെൻഡ് ആയി കണക്കാക്കണം എന്നാണു നിരീക്ഷകരുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com