ADVERTISEMENT

കൽപറ്റ ∙ നാളെ വിഷുവും ദിവസങ്ങൾക്കകം റമസാനും ആഘോഷിക്കാനിരിക്കെ നഗര–ഗ്രാമവ്യത്യാസമില്ലാതെ വിപണി സജീവം. വിഷുക്കണിയും സദ്യയും പടക്കവും പുതുവസ്ത്രങ്ങളുമായി വിഷുവിനെ വരവേൽക്കാൻ നാടെങ്ങും തയാറെടുത്തു കഴിഞ്ഞു. വസ്ത്ര വ്യാപാര മേഖലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. വിഷുവിനു ശ്രീകൃഷ്ണന്റെയും മയിൽപീലിയുടെയും പ്രിന്റുള്ള സാരികൾക്കും പട്ടുപാവാടകൾക്കും ആവശ്യക്കാരേറെയാണ്.

വിഷുവായതോടെ ഇന്നലെ കൽപറ്റ ടൗണിൽ അനുഭവപ്പെട്ട തിരക്ക്. ചിത്രം: മനോരമ

650 മുതൽ 2000 രൂപ വരെയാണ് വില. വിഷുവിന് കണി കാണാനുള്ള കണ്ണാടി,  കണിവെള്ളരി തുടങ്ങിയവയ്ക്കും ആവശ്യക്കാരുണ്ട്. കണി ഒരുക്കുന്ന മൺകലങ്ങൾക്ക് 60 രൂപ മുതലാണ്  വില. ടൗണുകൾ കേന്ദ്രീകരിച്ച് ശ്രീകൃഷ്ണന്റെ പ്രതിമകളുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് നിർമിക്കുന്ന വിഗ്രഹങ്ങൾക്ക് 250 മുതൽ 1600 വരെയാണ് വില. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷങ്ങളിൽ നഷ്ടമായ പെരുന്നാൾ വിപണി ഇത്തവണ സജീവമാണ്. ഓഫറുകളും ആകർഷകമായ വിലക്കുറവുകളോടെയുമാണു കച്ചവടം. നോമ്പു കാലമായതിനാൽ രാത്രിയിലും വിപണി സജീവമാണ്.

നോമ്പുതുറന്ന് പ്രാർഥനയ്ക്ക് ശേഷം വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങാൻ കുടുംബസമേതം നഗരങ്ങളിൽ എത്തുന്നവരുമുണ്ട്. സീസൺ മുൻകൂട്ടി കണ്ട് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ആവശ്യാനുസരണം സ്റ്റോക്കെത്തിച്ചിട്ടുണ്ട്. വിഷു–റമസാൻ വിപണിയിലെ തിരക്കു കാരണം പ്രധാന ടൗണുകളിലെല്ലാം കഴിഞ്ഞ 2 ദിവസങ്ങളായി ഗതാഗതക്കുരുക്ക് രൂക്ഷമാണ്. കൽപറ്റ നഗരത്തിൽ ഇന്നലെ ഉച്ചയോടെ രൂപപ്പെട്ട ഗതാഗതക്കുരുക്ക് വൈകിട്ടു വരെ നീണ്ടു. കൂടുതൽ പൊലീസുകാരെ വിന്യസിച്ചാണു ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.

താരമായി പ്ലാസ്റ്റിക് കണിക്കൊന്നകൾ

ഇത്തവണത്തെ വിഷു വിപണിയിൽ പ്ലാസ്റ്റിക് കണിക്കൊന്നകളാണ് താരം. പ്ലാസ്റ്റിക്കിൽ നിർമിച്ചിട്ടുള്ള ഇത്തരം പൂക്കൾ കാഴ്ചയിൽ ഒറിജിനലിനെ വെല്ലും. വാടുമെന്നോ കൊഴിയുമെന്നോ പേടി വേണ്ട. 60 മുതൽ 200 രൂപ വരെയാണ് വില. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഒരു മാസം മുൻപു തന്നെ ജില്ലയിൽ കണിക്കൊന്നകൾ കാലംതെറ്റി പൂവിട്ടിരുന്നു.  അതുകൊണ്ടുതന്നെ കണിക്കൊന്നകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. ഇൗ സാഹചര്യത്തിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കൾക്ക് ആവശ്യക്കാർ കൂടുമെന്നാണ് വ്യാപാരികൾ പറയുന്നത്. പൂക്കൾക്കുണ്ടാകുന്ന ക്ഷാമം മുതലെടുത്താണ് പ്ലാസ്റ്റിക് പൂക്കൾ വിപണി കയ്യടക്കുന്നത്. വാഹനങ്ങളിലും മറ്റും തൂക്കിയിടുന്നതിനായി ഡ്രൈവർമാരും ഇത്തരം പൂക്കൾ വാങ്ങുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com