ADVERTISEMENT

പുൽപള്ളി ∙ വനാതിർത്തിയിൽ മേയാൻവിട്ട കന്നുകാലികളെ പട്ടാപ്പകൽ കടുവ പിടിച്ചതോടെ അതിർത്തി പ്രദേശങ്ങൾ വീണ്ടും ആശങ്കയിലായി. കൊളവള്ളി കളപ്പുരയ്ക്കൽ ജോസഫിന്റെ ഒന്നര വയസ്സ് പ്രായമുള്ള രണ്ടു കിടാക്കളെയാണ് ഇന്നലെ ഉച്ചയ്ക്ക് കന്നാരംപുഴയിൽ കടുവ കൊന്നത്. വെള്ളം കുടിക്കാൻ പുഴയിലേക്ക് അഴിച്ചു വിട്ടപ്പോഴായിരുന്നു സംഭവം. പുഴയോരത്തെ പൊന്തക്കാട്ടിൽ മറഞ്ഞിരുന്ന കടുവ മുന്നിൽപോയ കിടാവിന്റെമേൽ ആദ്യം ചാടിവീണു.സംഭവം കണ്ടുനിന്ന ജോസഫ് ഉച്ചത്തിൽ ബഹളമുണ്ടാക്കിയപ്പോൾ കടുവ വനത്തിലേക്കു കയറിയെങ്കിലും ചാടിവന്ന് അടുത്ത കിടാവിനെ പിടിച്ചു. ഇതിനെ വനത്തിലേക്കു വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ജോസഫിന്റെ ബഹളംകേട്ട് പിൻവാങ്ങി. സംഭവമറിഞ്ഞ് കൂടുതലാളുകളെത്തിയപ്പോൾ കടുവ വനത്തിലേക്ക് മറഞ്ഞു. വലിയൊരു കടുവയാണിതെന്ന് ജോസഫ് പറയുന്നു. 

കൊളവള്ളി കന്നാരംപുഴയിൽ കടുവ ആക്രമണമുണ്ടായ സ്ഥലം ഉടമ കളപ്പുരയ്ക്കൽ ജോസഫ് വനം–പൊലീസ് ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുക്കുന്നു.
കൊളവള്ളി കന്നാരംപുഴയിൽ കടുവ ആക്രമണമുണ്ടായ സ്ഥലം ഉടമ കളപ്പുരയ്ക്കൽ ജോസഫ് വനം–പൊലീസ് ഉദ്യോഗസ്ഥർക്കു കാണിച്ചുകൊടുക്കുന്നു.

ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജി, പുൽപള്ളി പൊലീസ് ഇൻസ്പെക്ടർ പി.ആനന്ദ്, എസ്.ഐ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ വനം, പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു തുടർനടപടികൾ സ്വീകരിച്ചു. സ്ഥലത്ത് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കാനാണു തീരുമാനം. കൊളവള്ളി. ചാമപ്പാറ, കൃഗന്നൂർ, സീതാമൗണ്ട് പ്രദേശങ്ങളിൽ അടിക്കടി കടുവാശല്യമുണ്ട്. ഒട്ടേറെ കർഷകരുടെ വളർത്തുമൃഗങ്ങളെ മാസങ്ങൾക്കുള്ളിൽ കടുവ കൊന്നു. ചെറിയൊരു ഇവേളയ്ക്കുശേഷം വീണ്ടും കടുവയെത്തിയതു നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നു. പകൽ സമയത്ത് ജനങ്ങളും കന്നാരംപുഴക്കരയിലെ കൃഷിയിടങ്ങളിലുണ്ടാവാറുണ്ട്. കടുവ ഭീഷണിക്കു ശാശ്വത പരിഹാരം വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

വനാതിർത്തിയിൽ ടൈഗർ നെറ്റ് സ്ഥാപിക്കണം
പുൽപള്ളി ∙ ഏഷ്യയിലെ പ്രധാന കടുവസങ്കേതങ്ങളിലൊന്നായ ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ കടുവകളുടെ വംശവർധന വയനാട് അതിർത്തി പ്രദേശങ്ങൾക്കു ഭീഷണിയായ സാഹചര്യത്തിൽ വനാതിർത്തിയിൽ ടൈഗർ നെറ്റ് സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിലുള്ള തൂക്കുവേലിയോടു ചേർത്ത് 10 അടി ഉയരത്തിൽ ശക്തമായ ഇരുമ്പുവല സ്ഥാപിച്ചാൽ കടുവകളുടെയും ചെറുമൃഗങ്ങളുടെയും കടന്നുവരവ് തടയാനാവും. ഈ റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ച കർണാടക മാതൃക തൂക്കുവേലി ഏതാണ്ട് ഫലപ്രദമായിട്ടുണ്ട്. ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ ഫണ്ടുപയോഗിച്ചാണു തൂക്കുവേലി സ്ഥാപിച്ചത്. ഈ വേലിയുടെ കാലുകളുമായി ബന്ധിപ്പിച്ചു കമ്പിവല സ്ഥാപിച്ചാൽ രാത്രി അതിലൂടെ വൈദ്യുതി പ്രവാഹവും നടത്താനാവും. അതുവഴി എല്ലാത്തരം വന്യമൃഗങ്ങളുടെയും പ്രവേശനം തടയാനും സാധിക്കും. കർണാടകയിൽ പലേടത്തും ഇത്തരം വേലികൾ സ്ഥാപിച്ചതു ഗുണകരമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ മാർഗം ഇവിടെയും ഗുണംചെയ്യുമെന്ന് കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com