ADVERTISEMENT

.പനമരം ∙ കൃഷിയിടത്തിലെ വിളകൾ നശിപ്പിക്കുന്നതിനിടെ കാട്ടാന വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റു ചരിഞ്ഞു. അമ്മാനി പാറവയൽ ജയരാജിന്റെ കൃഷിയിടത്തിലാണു 25 വയസ്സോളം പ്രായമുള്ള കാട്ടാനയെ വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. 

ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ തുമ്പിക്കൈ, കൊമ്പ്, എന്നിവയോട് ചേർന്ന് കിടക്കുന്ന വൈദ്യുത കമ്പി.
ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയുടെ തുമ്പിക്കൈ, കൊമ്പ്, എന്നിവയോട് ചേർന്ന് കിടക്കുന്ന വൈദ്യുത കമ്പി.

ജയരാജിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലെ വലിയ തെങ്ങ് മറിച്ചിടുന്നതിനിടെ കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതി കമ്പിയിൽ ഒരെണ്ണം ആനയുടെ വായോടും തുമ്പിക്കൈയോടും കൊമ്പിനോടും ചേർന്നു തട്ടി നിൽക്കുന്ന നിലയിലായിരുന്നു. 

വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നു.
വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നു.

പുലർച്ചെ വൈദ്യുതി നിലച്ചതിനെത്തുടർന്നു വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കൃഷിയിടത്തിലെ ചെറിയ മൺ കയ്യാലയോട് ചേർന്നു മുട്ടുകുത്തിയ നിലയിൽ ആനയുടെ ജഡം കണ്ടത്. സൗത്ത് വയനാട് ഡിഎഫ്ഒ എ. ഷജ്ന കരിം, റേഞ്ചർ കെ. ആസിഫ്, ഡപ്യൂട്ടി റേഞ്ചർ ജി.ആർ. ഷാജി, ഫോറസ്റ്റ് ഓഫിസർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. കൃഷിനാശം സംഭവിച്ച കർഷകന് അർഹമായ നഷ്ട പരിഹാരം നൽകുമെന്ന് ഉറപ്പുനൽകി. 

കാട്ടാന വൈദ്യുത ലൈനിലേക്കു മറിച്ചിട്ട വലിയ തെങ്ങ്.
കാട്ടാന വൈദ്യുത ലൈനിലേക്കു മറിച്ചിട്ട വലിയ തെങ്ങ്.

ഉച്ചയോടെ കൃഷിയിടത്തിലെ കാപ്പിച്ചെടികൾക്കിടയിൽ നിന്ന് ക്രെയിനുപയോഗിച്ച് ആനയുടെ ജഡം ഉയർത്തി തുറന്ന ലോറിയിൽ കയറ്റി പാതിരി സൗത്ത് സെക്‌ഷൻ വനമേഖലയായ വാളംമ്പാടിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി. പാതിരി റിസർവിലെ മുക്രമൂല വനത്തിൽ കാട്ടാനയുടെ ജഡം സംസ്കരിച്ചു.

വൈദ്യുതി വകുപ്പിൽ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചത് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. സ്ഥിരമായി ഈ ഭാഗത്ത് എത്തുന്ന ആനകളിൽ ഒന്നാണ് ഇന്നലെ ഷോക്കേറ്റ് ചരിഞ്ഞത്. ശനി രാത്രി മണൽവയൽ ഭാഗത്തുനിന്ന് ചരിഞ്ഞ ആന അടക്കം 5 കാട്ടാനകൾ അമ്മാനി ഭാഗത്ത് എത്തിയിരുന്നതായും കൃഷികൾ നശിപ്പിച്ചതായും കർഷകർ പറയുന്നു.

 പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ മണൽവയൽ, അമ്മാനി, പരിയാരം, പുഞ്ചവയൽ, നീർവാരം, ദാസനക്കര അടക്കമുള്ള പ്രദേശങ്ങളിൽ കാട്ടാനയിറങ്ങുന്നത് നിത്യസംഭവമാണ്. കോടികൾ മുടക്കി നിർമാണത്തിലിരിക്കുന്ന ക്രാഷ് ഗാർഡ് വേലിയുടെ നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഷോക്കേറ്റു ചരിഞ്ഞത് മൂന്നാമത്തെ ആന
പനമരം പാതിരി സൗത്ത് സെക്‌ഷൻ വനാതിർത്തിയിലെ പരിയാരം അമ്മാനി ഭാഗങ്ങളിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മൂന്നാമത്തെ കാട്ടാനയാണു ഇന്നലെ ചരിഞ്ഞത്. ഇതിന് മുൻപ് പരിയാരത്തെ ടി.പി. പത്മനാഭന്റെ കൃഷിയിടത്തിൽ വച്ച് 28 വയസ്സുള്ള കൊമ്പൻ അടക്കം 2 കാട്ടാനകൾ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞിരുന്നു.

2017ൽ കൃഷിയിടത്തിലെ പന തള്ളി മറിച്ചിടുന്നതിനിടെ വൈദ്യുതലൈനിൽ തട്ടിയും 2019ൽ ഇതേ കൃഷിയിടത്തിൽ എത്തിയ കാട്ടാന ദേഹത്ത് മണ്ണു വാരിയിടുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുതലൈനിൽ തുമ്പിക്കൈ തട്ടിയുമാണ് ചരിഞ്ഞത്. പ്രദേശത്തെ വൈദ്യുതലൈനുകൾ നിയമം അനുശാസിക്കുന്ന തരത്തിലല്ല വലിച്ചിരിക്കുന്നതെന്നും പലയിടങ്ങളിലും ലൈനുകൾ താഴ്ന്നാണു കിടക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

ആദിവാസിയെ കാട്ടാന ആക്രമിച്ചു
പുൽപള്ളി ∙ പാതിരി വനത്തിലെ കുണ്ടുവാടിയിൽ കാലികളെ മേയ്ക്കാൻ പോയ ആദിവാസിക്കു കാട്ടാന ആക്രമണത്തിൽ പരുക്ക്. കുണ്ടുവാടി കാട്ടുനായ്ക കോളനിയിലെ കാളനാ (54)ണു പരുക്കേറ്റത്. കുണ്ടുവാടി വനത്തിലെ ക്ഷേത്രപരിസരത്തു വച്ച് ശനി വൈകിട്ടാണു സംഭവം. വനത്തിൽ മേയാൻ വിട്ട കാലികളെ കൂട്ടിവരാൻ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം. വാരിയെല്ലിനു പൊട്ടലേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com