ADVERTISEMENT

മധൂർ ∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി പരിസ്ഥിതിക്കും മനുഷ്യനും ആഘാതം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെ മനസ്സിൽ കണ്ടതാണ് ശ്രീലത സതീഷ് എടനീർ. ഇതിനു പരിഹാരമായി തുണിസഞ്ചി നെയ്ത്തിൽ തുടക്കം കുറിച്ച സ്വന്തം തൊഴിൽ വ്യവസായ സംരംഭം 11 വർഷം പിന്നിടുമ്പോൾ മികച്ച സംരംഭകയും തൊഴിൽദാതാവുമായി മുന്നേറാൻ കഴിഞ്ഞ അഭിമാന നിറവിലാണ് ശ്രീലത. സീതാംഗോളി കിൻഫ്ര വ്യവസായ പാർക്കിലെ മാനസ ഇക്കോ ഫ്രൻഡ്‌ലി ബാഗ് നിർമാണ യൂണിറ്റ് ഉടമയാണ് ശ്രീലത. കാഞ്ഞങ്ങാട് കിഴക്കുംകര മണലിൽ മേക്കാട്ട് ശ്രീദേവി അന്തർജനത്തിന്റെയും പരേതനായ അഭിഭാഷകൻ വാസുദേവ പട്ടേരിയുടെയും മകൾ. 10 വർഷം മുൻപ് നോ‍ൺ വോവൻ ക്യാരിബാഗ് യൂണിറ്റും കഴിഞ്ഞ വർഷം വോവൻ ബാഗ്, പേപ്പർ കവർ യൂണിറ്റും ആരംഭിച്ചു.

കയറ്റുമതി കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും

കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും കർണാടകയിലും ‘മാനസ ഇക്കോ ബാഗ്’ പ്രചാരം പിടിച്ചു. സ്ഥാപനത്തിന്റെ വളർച്ച മാത്രമല്ല പരിസ്ഥിതി സൗഹൃദം വ്യാപിക്കുന്നതിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ഫാക്ടറി സഹായമായി. ഭർത്താവ് എടനീർ സ്വദേശി സതീഷ് റാവു വിപണനത്തിലും ഉൽപാദന സാമഗ്രികൾ എത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ഫാക്ടറി മാനേജ്മെന്റും ധനകാര്യ നിർവഹണവും ശ്രീലതയുടെ കയ്യിലാണ്. ഇപ്പോൾ ഇരുവരും മധൂരിലാണ് താമസം.

bag-unit
സീതാംഗോളി കിൻഫ്ര വ്യവസായ പാർക്കിലെ മാനസ ഇക്കോ ഫ്രൻഡ്‌ലി ബാഗ് യൂണിറ്റ്

സംരംഭം, അത് നാട്ടിൽത്തന്നെ

22 വർഷം ഗൾഫിൽ സ്വകാര്യ സ്ഥാപനത്തിൽ എച്ച്ആർ മാനേജ്മെന്റ്, ധനകാര്യ വിഭാഗം ജീവനക്കാരനായിരുന്നു സതീഷ് റാവു. വിവാഹ ശേഷം  ശ്രീലതയും ഗൾഫിൽ പോയി കാർ കമ്പനിയിൽ അക്കൗണ്ടന്റായി. എച്ച്ആർ വിഭാഗം സർട്ടിഫിക്കറ്റും നേടി. ആ പരിചയം നാട്ടിൽ മടങ്ങിയെത്തിയ ഇരുവർക്കും കിൻഫ്ര പാർക്കിലെ 15 സെന്റ് സ്ഥലത്ത് സ്വന്തം സ്ഥാപനം പടുത്തുയർത്താൻ ആത്മവിശ്വാസം നൽകി. പുതിയ കാലത്ത് ഏറെ പേരും വിദേശങ്ങളിൽ തൊഴിൽ തേടി പോകുമ്പോൾ ഇവർ നാട്ടിൽ തന്നെ സംരംഭം തുടങ്ങി കഴിവു തെളിയിച്ച് മാതൃകയാകുന്നു. ജില്ലാ വ്യവസായ കേന്ദ്രവും സർക്കാരും നൽകുന്ന മികച്ച സഹകരണമാണ് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ഇരുവരും പറയുന്നു.

ഇക്കോ ഫ്രൻഡ്‌ലി കയറ്റുമതി

60 ജിഎസ്എം മുകളിലെ ബാഗുകൾ ഇറക്കുന്നതിനു കേന്ദ്രസർക്കാർ അനുമതി ഉണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇതിനു കടുത്ത നിയന്ത്രണ ഉത്തരവ് ഇറക്കിയിരുന്നു. ഈ നിയന്ത്രണം മറികടക്കാൻ മാനസ ഉൾപ്പെടെ സംസ്ഥാനത്തെ 128 യൂണിറ്റുകൾ കോടതിയെ സമീപിച്ചു അനുമതി നേടുകയായിരുന്നു. 60 ജിഎസ്എം ബാഗ് മണ്ണിൽ ലയിച്ചുചേരാൻ കാലതാമസം എടുക്കും എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഇതിനു വിലക്ക് ഉത്തരവിട്ടിരുന്നത്. തങ്ങളുടെ ഉൽപന്നങ്ങൾ പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക എന്ന സർക്കാർ ശ്രമങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപണിയിൽ എത്തിക്കുന്നതെന്നും ജില്ലയിൽ ഇത്തരത്തിലുള്ള ഇക്കോ ഫ്രൻഡ്‌ലി ബാഗ് ഉൽപാദനം നടത്തുന്ന ഏക സ്ഥാപനമാണ് ഇതെന്നും ശ്രീലത പറയുന്നു. 

paper-cloth-bags
‘മാനസ’ ഇക്കോ ഫ്രൻഡ്‌ലി ബാഗ് നിർമാണ യൂണിറ്റിൽ തയാറാക്കിയ വിവിധയിനം പേപ്പർ, തുണി ബാഗുകൾ.

15 പേർക്ക് തൊഴിൽ

11 സ്ത്രീകളും 4 പുരുഷന്മാരും ഉൾപ്പെടെ 15 പേർക്ക് ഇവിടെ തൊഴിൽ നൽകുന്നു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പരേതനായ കെ.രാമകൃഷ്ണ റാവുവിന്റെ മകനാണ് സതീഷ് റാവു. മഹിളാ ശാക്തീകരണത്തിനു പ്രാധാന്യം നൽകണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു. തങ്ങളുടെ സ്ഥാപനത്തിൽ കൂടുതൽ വനിതകൾക്ക് തൊഴിൽ നൽകി അത് നടപ്പിലാക്കുന്നു സതീഷ് റാവുവും ശ്രീലതയും.

ദിവസം 4000 കിലോ വോവൻ ബാഗ്

കൊപ്ര, അടയ്ക്ക, കശുവണ്ടി, കുരുമുളക്, അരി, പഞ്ചസാര, പൂഴി എന്നിവ സംഭരിക്കാൻ ഉപയോഗിക്കുന്ന ഈർപ്പം കടക്കാത്തതരം ചാക്കുകൾ, ബാഗ് എന്നിവ ആവശ്യമനുസരിച്ചാണ് ഇവിടെ ഉൽപാദനം നടത്തുന്നത്. മെഡിക്കൽ ഷോപ്പ്, ആശുപത്രി എന്നിവിടങ്ങളിൽ ആണ് പേപ്പർ കവറുകൾ ഏറെയും നൽകുന്നത്. പ്രതിദിനം 4000 കിലോഗ്രാം വോവൻ ബാഗ് ഉൽപാദനം ഉണ്ട്.8000 കിലോഗ്രാം വരെ ഉൽപാദന ശേഷിയുള്ളതാണ് യന്ത്രം. 2 ഓട്ടമാറ്റിക് ഹൈ സ്പീഡ് യന്ത്രം ആണ് ഉൽപാദനത്തിനുള്ളത്. കളർ പ്രിന്റിങ് സംവിധാനവും ഉണ്ട്. 1000 കിലോഗ്രാം വരെ നോൺ വോവൻ ബാഗും 20,000 പേപ്പർ കവറും ഇവിടെ പ്രതിദിനം ഉൽപാദനം ഉണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് ഉൽപാദന സാമഗ്രികൾ കൊണ്ടു വരുന്നത്. 

English Summary:

Eco-Conscious Entrepreneur Srilata Satish: Weaving Success with Manasa Eco-Friendly Bags

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com