ADVERTISEMENT

കോട്ടൂർ ഗ്രാമത്തിലെ ആദ്യ സർക്കാർ ഉദ്യോഗസ്ഥൻ എന്ന അഭിമാനവിലാസമുണ്ടാ യിരുന്നു ഹരിചന്ദിന്റെ അച്ഛന്. കെഎസ്ആർടിസി കണ്ടക്ടറായിരുന്ന അച്ഛന് നാട്ടുകാർ നൽകുന്ന സ്നേഹവും ബഹുമാനവും കണ്ടുവളർന്ന ഹരിചന്ദിനും സർക്കാർ ജോലി നേടണമെന്നായി കുട്ടിക്കാലം മുതലേ മോഹം. അച്ഛന്റെ നീല ഐഡി കാർഡ് കഴുത്തിലിട്ട് കണ്ണാടി നോക്കി സ്വപ്നം കാണുന്നതായിരുന്നു കുട്ടിക്കാലത്തെ ശീലം. ഇന്ന് വയനാട് കലക്ടറേറ്റിൽ റവന്യു ഡിപ്പാർട്മെന്റിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുമ്പോഴും ഹരിചന്ദ് കൂടുതൽ മികച്ച തസ്തികകളിലെ പരീക്ഷകൾക്കു തയാറെടുക്കുകയാണ്. ഹൈക്കോടതി ഓഫിസ് അറ്റൻഡന്റ് പരീക്ഷയിൽ മൂന്നാം റാങ്കോടെ ലഭിച്ച നിയമനം വേണ്ടെന്നുവച്ചാണ് എൽഡി ക്ലാർക്ക് ജോലി തിരഞ്ഞെടുത്തത്. എൽഡിസി പരീക്ഷയിലെ 34–ാം റാങ്ക് ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ തിരുവനന്തപുരം കോട്ടൂർ സ്വദേശി ജെ.എൽ.ഹരിചന്ദിന്റെപേരിലുണ്ട്. 

ഒറ്റ വർഷം 17 ലിസ്റ്റിൽ!
ഗണിതബിരുദം നേടിയശേഷം ഹരിചന്ദ് ആര്യനാട് എച്ച്ആർഡിസിയിലെ സൗജന്യ പിഎസ്‌സി പരിശീലനത്തിനു ചേർന്നു. കംബൈൻഡ് സ്റ്റഡിയും സ്വയം പഠനവുമൊക്കെയായി പരിശീലനം നല്ലരീതിയിൽ മുന്നോട്ടു പോകുന്നതിനി ടെയണ്അപ്രതീക്ഷിതമായി കോവിഡിന്റെ വരവ്. ക്ലാസുകൾ അടച്ചുപൂട്ടി കംബൈൻഡ് സ്റ്റഡി കൂട്ടുകാർ പലവഴിക്കു പിരിഞ്ഞപ്പോഴാണ് ഹരിചന്ദ് അതേ സ്ഥാപനത്തിലെ ഓൺലൈൻ പരിശീലകന്റെ വേഷമണിയാൻ തീരുമാനിച്ചത്. പുലർച്ചെ മൂന്നുവരെ നീളുന്ന ഓൺലൈൻ ക്ലാസുകളിലും വോയിസ് ചാറ്റിലും പങ്കെടുക്കാൻ പഴയ കൂട്ടുകാരുൾപ്പെടെ ഒട്ടേറെ ഉദ്യോഗാർഥികളെത്തി. അധ്യാപകന്റെയും വിദ്യാർഥിയുടെയും റോൾ ഒരുമിച്ചു കൈകാര്യം ചെയ്ത അക്കാലമാണ് ഹരിചന്ദിന്റെ പിഎസ്‌സി പരിശീലനത്തിന്റെ അടിത്തറ പാകിയത്.

മാതൃകാ പരീക്ഷകൾ തയാറാക്കാൻ തുടങ്ങിയതോടെ പിഎസ്‌സി പരീക്ഷയിൽ എങ്ങനെയെല്ലാം ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ചു നല്ല ധാരണയായി. തൊഴിൽവീഥി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും സഹായകമായി. ഓൺലൈൻ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി.  ഒരു വർഷം തപസ്സുപോലെ നടത്തിയ പഠനത്തിന്റെ ഫലമായി അസിസ്റ്റന്റ് സെയിൽസ്മാൻ, ലാസ്റ്റ്ഗ്രേഡ് സെർവന്റ്, സെക്രട്ടേറിയറ്റ്അസിസ്റ്റന്റ്, ഹൈക്കോർട്ട് അസിസ്റ്റന്റ് തുടങ്ങി 17 റാങ്ക് ലിസ്റ്റുകളിൽ ഹരിചന്ദ് ഇടംപിടിച്ചു.

‘‘എന്തു പഠിക്കണം എന്ന കൺഫ്യൂഷൻ മാറാൻ സിലബസ് നന്നായി മനസ്സിലാ‌ ക്കുക. എങ്ങനെ പഠിക്കണമെന്നതിന് കൃത്യമായ ടൈം ടേബിൾ സെറ്റ് ചെയ്യുക. പഠനത്തിനിടയിൽ മടുപ്പു തോന്നാതിരിക്കാൻ മനസ്സിൽ ലക്ഷ്യം ഉറപ്പിക്കുക. ഇതായിരുന്നു എന്റെ പഠനരീതി. തൊഴിൽവീഥിയിലെ മാതൃകാചോദ്യങ്ങൾ ഒരെണ്ണംപോലും ഒഴിവാക്കാതെ ഉത്തരമെഴുതി പരിശീലിച്ചതും എന്റെ റാങ്ക്നേട്ടങ്ങൾക്കു സഹായമായി’’.

പാറ്റേണല്ല,പ്രധാനം സിലബസ് 
പിഎസ്‌സിയുടെ പരീക്ഷാപാറ്റേണിൽ എന്തെല്ലാം മാറ്റങ്ങൾ വന്നാലും സിലബസിൽ ഫോക്കസ് ചെയ്ത് ആഴത്തിൽ പഠിച്ചാൽ നല്ലസ്കോർ നേടാമെന്നാണ് ഹരിചന്ദിന്റെ അഭിപ്രായം. കുറച്ചു പഠിച്ചാലും തെളിച്ചുപഠിക്കണം. പരീക്ഷയെ ഴുതുമ്പോൾ മാത്രമല്ല, പരിശീല നകാലത്തും ടൈം മാനേജ്മെന്റ് പ്രധാനമാണ്. കണക്ക്, ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ നല്ല സ്കോർ ഉറപ്പിക്കാനായാൽത്തന്നെ പകുതി സമാധാനിക്കാം. കഴിയുന്നത്ര മുൻവർഷ ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചതാണ് ഹരിചന്ദിന് പരീക്ഷയ്ക്ക് ആത്മവിശ്വാസം പകർന്നത്. ഓൺലൈ കോച്ചിങ്ങിന്റെ ഭാഗമായി ഒട്ടേറെ മാതൃകാപരീക്ഷകൾ തയാറാക്കിയതും ഗുണം ചെയ്തു. അഞ്ഞൂറിലേറെ മാതൃകാ പരീക്ഷകളാണ് ഹരിചന്ദ് ഇതിനകം എഴുതിപൂർത്തിയാക്കിയത്.

ഓരോ മാതൃകാ പരീക്ഷയിലും തെറ്റിപ്പോയ ചോദ്യങ്ങൾ പ്രത്യേകം ഒരു നോട്ടുബുക്കിൽ ശരിയുത്തരം സഹിതം കുറിച്ചെടുത്തുവച്ചു ഉത്തരം മുട്ടിക്കുന്ന അത്തരം ചോദ്യങ്ങളുടെ ശേഖരംതന്നെയുണ്ടാക്കി. ചരിത്രമോ ശാസ്ത്രമോ എന്തു പഠിക്കുമ്പോഴും അതിന്റെ വിഷ്വലുകൾ യുട്യൂബിൽ തിരഞ്ഞുകണ്ടെത്തി. ചിത്രങ്ങളായും ദൃശ്യങ്ങളായുമുള്ള ഓർമകൾ പരീക്ഷാഹാളിൽ ഏറെ പ്രയോജനപ്പെട്ടെന്നാണ് ഹരിചന്ദ് പറയുന്നത്. കൂടുതൽ വാശിയോടെ മറ്റു പിഎസ്‌സി പരീക്ഷകൾക്കുവേണ്ടിയുള്ള തയാറെടുപ്പു തുടരുകയാണ് ഹരിചന്ദ് ഇപ്പോൾ.

Content Summary:

Harichand's Story of Perseverance and Success: Securing 17 Ranks in One Year Against All Odds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com