ADVERTISEMENT

ദേവാലയത്തിൽനിന്നു വളരെപ്പെട്ടെന്നു പ്രാർഥന കഴിഞ്ഞിറങ്ങിയ അയാളോട് ഉപദേശി പറഞ്ഞു: ഇങ്ങനെയല്ല പ്രാർഥിക്കേണ്ടത്. നിങ്ങൾ ആദ്യം മുതൽ ഒന്നുകൂടി ചെയ്യണം. അയാൾ വീണ്ടും ദേവാലയത്തിനുള്ളിൽ കയറി ഉപദേശി പറഞ്ഞതുപോലെ പ്രാർഥിച്ചു. താൻ പറഞ്ഞതുപോലെ എല്ലാം ചെയ്ത അയാളോട് ഉപദേശി ചോദിച്ചു: ദൈവത്തിന് ഏതായിരിക്കും കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ടാകുക? രണ്ടാമത്തേതല്ലേ? അയാൾ പറഞ്ഞു: ഒരു സാധ്യതയുമില്ല. ആദ്യ പ്രാർഥനയായിരിക്കും. കാരണം, ആദ്യത്തേതു ഞാൻ ദൈവത്തോടു പ്രാർഥിച്ചതാണ്. രണ്ടാമത്തേതു ഞാൻ താങ്കൾക്കുവേണ്ടി ചെയ്തതാണ്. 

രണ്ടു വിധത്തിൽ പ്രാർഥിക്കാം; ഹൃദയംകൊണ്ടും തലച്ചോറു കൊണ്ടും. ഹൃദയത്തിൽ നിന്നുയരുന്ന പ്രാർഥനകൾ വ്യക്തിപരമാകും, നിയമാനുസൃതമാകണമെന്നില്ല. തത്സമയ മാനസികനിലയ്ക്കും സാഹചര്യത്തിനുമനുസരി ച്ചായിരിക്കും ആ പ്രാർഥനകൾ. ചിലപ്പോൾ നിലവിളിക്കും, ചിലപ്പോൾ നിശ്ശബ്ദമാകും. ചിലസമയം അപേക്ഷയാകും, ചിലസമയം നന്ദിയാകും പ്രാർഥന. ഒരു പ്രത്യേക ഇടം അത്തരം പ്രാർഥനകൾക്കു നിർബന്ധമല്ല. എപ്പോൾ ദൈവവിചാരമുണ്ടാകുന്നുവോ അപ്പോൾ പ്രാർഥിക്കും. അതു ചിലപ്പോൾ ദുരിതസമയത്തു മാത്രമാകാം. ഒരാളുടെ ഹൃദയത്തിൽ നിന്നുയരുന്ന പ്രാർഥന മറ്റൊരാൾക്കു മനസ്സിലാകില്ല. 

സ്വകാര്യ പ്രാർഥനകൾ ചിട്ടകളിൽനിന്നും നിഷ്ഠകളിൽ നിന്നും സ്വതന്ത്രമാണ്. അതിൽ സമയക്കുറവുണ്ടാകാം. സ്വാർഥതയുണ്ടെന്നു പുറമെനിന്നു കേൾക്കുന്നവർക്കു തോന്നാം. തലച്ചോറിൽനിന്നു വരുന്ന പ്രാർഥനകൾ അർഥസമ്പുഷ്ടവും ആശയഭംഗിയുള്ളതുമാകാം. അതിൽ പൊതുക്രമങ്ങളും സമ്പ്രദായങ്ങളുമുണ്ടാകും. എന്ത് എപ്പോൾ ഉച്ചരിക്കണമെന്നും ഏത് എവിടെ എങ്ങനെ ചെയ്യണമെന്നും നിബന്ധനകളുണ്ടാകും. 

ഈശ്വരസന്നിധിയിൽ എന്തിനാണു വില എന്നതല്ലേ പ്രാർഥനകളുടെ മൂല്യനിർണയത്തിലെ അടിസ്ഥാനഘടകവും പ്രധാന ഘടകവും. ഹൃദയത്തിനായിരിക്കുമോ തലച്ചോറിനായിരിക്കുമോ ദൈവം പ്രാധാന്യം കൽപിക്കുക? തലച്ചോറിനാണെങ്കിൽ തനതായ ആത്മീയജീവിതം നയിക്കുന്നവരുടെ പ്രാർഥനകളെല്ലാം പാഴാവില്ലേ? ചിന്താശേഷി പോലുമില്ലാത്തവരുടെ പ്രാർഥനകൾ ഈശ്വരൻ എങ്ങനെ മനസ്സിലാക്കും? ഉച്ചാരണമല്ല, ഉദ്ദേശ്യശുദ്ധിയാണ് പ്രാർഥനയുടെ കാതൽ. നാവുകളുയരുന്നതിനു പകരം ഹൃദയങ്ങളാണ് ഉയരേണ്ടത്.

English Summary:

The Essence of True Prayer: Understanding Personal Connection Beyond Rituals and Rules

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com