ADVERTISEMENT

തിരുവനന്തപുരം∙ പൊതു വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളിൽ വാർഷിക പരീക്ഷയിൽ പ്രകടനം മോശമായവർക്ക് അടുത്ത ക്ലാസിലേക്ക് കടക്കും മുൻപ് വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കും. വാർഷിക പരീക്ഷയുടെ ചോദ്യ പേപ്പർ ഉപയോഗിച്ച് മേയ് അവസാനമാകും പുനഃപരീക്ഷ. മധ്യവേനൽ അവധിക്കാലത്ത് അധ്യാപകർ കുട്ടികളുടെ വീട്ടിലെത്തി മാർഗനിർദേശം നൽകുന്നത് അടക്കമുള്ള പഠന പിന്തുണാ പദ്ധതി നടപ്പാക്കണമെന്ന് എസ്‌സിഇആർടി പുറത്തിറക്കിയ കരട് രേഖയിലുണ്ട്. ഈ നിർദേശങ്ങളിൽ ഏപ്രിൽ 10 വരെ പൊതുജനത്തിന് അഭിപ്രായം രേഖപ്പെടുത്താം. സംസ്ഥാനത്ത് 9–ാം ക്ലാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്ന രീതി നിലവാരത്തകർച്ചയ്ക്ക് കാരണമാകുന്നു എന്ന വിമർശനത്തെ തുടർന്നാണ് നടപടി. കുട്ടികൾ ഓരോ ക്ലാസിലും ആർജിക്കേണ്ട അറിവ് നേടിയെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അധ്യാപകനുണ്ടെന്നും കുട്ടികളുടെ ജീവിത സാഹചര്യം കൂടി അധ്യാപകർ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. 

നിർദേശങ്ങൾ ഇങ്ങനെ 
∙ 9–ാം ക്ലാസ് വരെ പരീക്ഷയ്ക്ക് എ മുതൽ ഇ ഗ്രേഡ് വരെയാണ് നൽകുന്നത്. ഇതിൽ ഏറ്റവും താഴെയായി ഡി,ഇ ഗ്രേഡ് നേടുന്നവർക്കാണ് നിലവാരം ഉറപ്പാക്കാനായി പഠന പിന്തുണയും പുനഃപരീക്ഷയും.  പിന്തുണ വേണ്ടവരുടെ പട്ടിക  ഏപ്രിൽ 5ന് മുൻപ് പൂർത്തിയാക്കണം. 

∙ പഠന പിന്തുണ ആവശ്യമുള്ള കുട്ടികളുടെ വീടുകൾ ഏപ്രിൽ 20ന് മുൻപ് അധ്യാപകർ സന്ദർശിച്ച് രക്ഷിതാക്കളുമായും ആശയ വിനിമയം നടത്തണം.  കുട്ടി ശ്രദ്ധയൂന്നേണ്ട പാഠഭാഗം നിർദേശിക്കുകയും തുടർ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വേണം. ഏപ്രിൽ, മേയ് മാസങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് പഠന പിന്തുണ നൽകണം. 

∙പ്രത്യേക പരിഗണന നൽകേണ്ട കുട്ടികൾക്ക് സ്പെഷൽ എജ്യുക്കേറ്റർമാർ വഴിയും പിന്തുണ നൽകണം. പഠന പിന്തുണാ സാമഗ്രികൾ തയാറാക്കുന്നതിന് ബിആർസി ട്രെയിനർമാർ സഹായിക്കണം. പിടിഎയുടെ സഹകരണവും ഉറപ്പാക്കണം. 
∙ മേയ് 15ന് ശേഷം പദ്ധതിയുടെ പുരോഗതി പ്രധാനാധ്യാപകർ വിലയിരുത്തണം. മേയ് 20ന് ആകും തുടർ മൂല്യ നിർണയം. 

1277973450
Representative Image. Photo Credit : Ugurkarakoc / iStockPhoto.com

എതിർപ്പുമായി അധ്യാപക സംഘടനകൾ
മധ്യവേനൽ അവധിക്കാലത്തെ പഠന പിന്തുണ പദ്ധതി നിർദേശങ്ങളോട് വിയോജിപ്പുമായി പ്രതിപക്ഷ അധ്യാപക സംഘടനകൾ. ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം(ക്യുഐപി) മേൽനോട്ട സമിതിയിൽ പോലും ആലോചിക്കാതെ അവധിക്കാല പ്രവർത്തനങ്ങളിൽ ഏകപക്ഷീയ തീരുമാനം എടുക്കുന്നത് അംഗീകരിക്കില്ലെന്ന് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അറിയിച്ചു. അവധിക്കാലത്ത് അധ്യാപകരെ വിദ്യാർഥികളുടെ വീട്ടിലെത്തിക്കാനുള്ള നീക്കം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും എൻടിയു സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാറും അറിയിച്ചു.

English Summary:

KPSTA has decided against cooperating with Samagra Shiksha Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com