ADVERTISEMENT

തിരുവനന്തപുരം : സ്വകാര്യ നഴ്സിങ് കോളജുകളിൽ ഏകജാലക പ്രവേശനം തുടരാനുള്ള ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, നഴ്സിങ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് അലസിയത്. കേരള പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനുമാണ് ഏകജാലക സംവിധാനത്തിലൂടെ കഴിഞ്ഞവർഷം വരെ പ്രവേശനം നടത്തിയിരുന്നത്. ഈ മാനേജ്മെന്റുകൾ 1000 രൂപ വീതം അപേക്ഷാ ഫീസ് ഈടാക്കിയിരുന്നു. അപേക്ഷാ ഫീസിന് 18% ജിഎസ്ടിയും 2017 മുതലുള്ള കുടിശികയും ധനവകുപ്പ് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ചാണ് 82 കോളജുകളെ പ്രതിനിധീകരിക്കുന്ന ഇരു മാനേജ്മെന്റ് അസോസിയേഷനുകളും ഏകജാലക പ്രവേശനരീതി ഉപേക്ഷിക്കുമെന്നു പ്രഖ്യാപിച്ചത്.

ചർച്ചയിൽ ജിഎസ്ടി വിഷയത്തിൽ ഒരാഴ്ചയ്ക്കകം സർക്കാരിന്റെ തീരുമാനം അറിയിക്കാമെന്ന് മുഹമ്മദ് ഹനീഷ് പ്രതിനിധികളെ അറിയിച്ചു. എന്നാൽ, 2017 മുതലുള്ള കുടിശിക നൽകണമെന്ന ധനവകുപ്പിന്റെ നോട്ടിസ് റദ്ദാക്കിയില്ലെങ്കിൽ ഏകജാലക സംവിധാനം ഇനിയില്ലെന്ന് മാനേജ്മെന്റുകൾ പ്രഖ്യാപിച്ചു. മാനേജ്മെന്റ് അസോസിയേഷനുകളുടെ ഭാഗമല്ലാത്ത 34 കോളജുകളെയും ഇന്നലെ ചർച്ചയ്ക്കു വിളിച്ചിരുന്നു. ഇവരോട് ഏതെങ്കിലും അസോസിയേഷന്റെ ഭാഗമായി ഏകീകൃത ഏകജാലക സംവിധാനത്തിലേക്കു വരണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചെങ്കിലും അംഗീകരിച്ചില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് പ്രവേശനം നടത്തുന്ന ഈ മാനേജ്മെന്റുകൾ വൻ തുക തലവരി വാങ്ങുന്നുവെന്ന ആരോപണം മുഹമ്മദ് ഹനീഷ് ചൂണ്ടിക്കാട്ടി. തലവരി വാങ്ങുന്നുണ്ടെന്നു തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

English Summary:

Kerala Nursing Colleges Challenge GST on Application Fees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com