ADVERTISEMENT

മനുഷ്യന്റെ ചെയ്തികളുടെ ഫലമായി കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന  വ്യതിയാനം ഭൂമിയിലെ ജീവജാലങ്ങളുടെ ഒന്നാകെയുള്ള നിലനിൽപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രകൃതിയിൽ ഉണ്ടായിരിക്കുന്ന അസന്തുലിതാവസ്ഥയുമായി പൊരുത്തപ്പെടാനായി പരിസ്ഥിതിയിൽ കാര്യമായ മാറ്റങ്ങളും ഉണ്ടാകുന്നുണ്ട്.  ഉയർന്ന താപനില, മഴ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകൾ, സമുദ്രത്തിലെ അമ്ലീകരണം എന്നിവയാണ് പ്രകടമായി കാണാനാവുന്ന മാറ്റങ്ങൾ. എന്നാൽ  തീവ്രമായ ഇത്തരം മാറ്റങ്ങളോട് മറ്റു ജീവജാലങ്ങൾ എങ്ങനെ പൊരുത്തപ്പെടുന്നു എന്നതും ഗൗരവമേറിയ കാര്യമാണ്. ഇപ്പോഴിതാ കാലാവസ്ഥയിലെ മാറ്റങ്ങൾക്ക് അനുസൃതമായി ജീവജാലങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളും മാറിക്കൊണ്ടിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ധർ. 

ഡ്രക്സൽ സർവകലാശാലയിലെ ജീവശാസ്ത്രജ്ഞനും ന്യൂറോ സയന്റിസ്റ്റുമായ സീൻ ഒ സോണലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. മാറുന്ന കാലാവസ്ഥയോട് ജീവജാലങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ അവയുടെ നാഡീവ്യൂഹങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. തീവ്രമായ താപനിലയെ മൃഗങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന് മനസ്സിലാക്കുന്നതിനും അവയുടെ തലച്ചോറിന്റെയും നാഡീ വ്യവസ്ഥയുടെയും ഘടനയും പ്രവർത്തനവും രൂപപ്പെടുന്നതെങ്ങനെ എന്ന് തിരിച്ചറിയാനും വേണ്ടിയായിരുന്നു പഠനം. 

ഇന്ദ്രിയങ്ങളുടെ പ്രവർത്തനം, മാനസിക പ്രക്രിയകൾ, പെരുമാറ്റം എന്നിങ്ങനെ നാഡീവ്യൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളെല്ലാം നിർണായകമാണ്. പരിസ്ഥിതിക്ക് അനുയോജ്യമായി ജീവിക്കാനും നിലനിൽക്കാനും പ്രജനനം നടത്താനും അവയെ ഇക്കാര്യങ്ങളാണ് പ്രാപ്തരാക്കുന്നത്. എന്നാൽ കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനം ഈ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. താപനില മാറുന്നതനുസരിച്ച് ആവാസവ്യവസ്ഥയുടെ ഊർജ്ജനിലയിലും മാറ്റങ്ങൾ വരും. സൂര്യപ്രകാശത്തിൽ നിന്നും സസ്യങ്ങൾ ഊർജ്ജം ഉല്പാദിപ്പിക്കുന്നതു മുതൽ അവ ഭക്ഷിക്കുന്ന മൃഗങ്ങളിലൂടെ ഭക്ഷ്യ ശൃംഖലയിലേയ്ക്ക് തന്നെ ഈ ഊർജ്ജ വ്യതിയാനം കടന്നുചെല്ലും. രുചിയും മണവും സ്പർശനവുമടക്കം ഇന്ദ്രിയ പ്രവർത്തനങ്ങളിലെല്ലാം ഇതിന്റെ പ്രതിഫലനങ്ങൾ ഉണ്ടാവും.

പല മൃഗങ്ങളും അവയുടെ നാഡീവ്യവസ്ഥയിലെ റിസപ്റ്റർ പ്രോട്ടീനുകൾ ഉപയോഗിച്ച് താപനില മനസ്സിലാക്കുന്നുണ്ട്. മിതമായ താപനിലയും തീവ്രമായ താപനിലയും അവയ്ക്ക് ഇത്തരത്തിൽ തിരിച്ചറിയാനാവും. അങ്ങനെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി അവർ പുതിയ ആവാസവ്യവസ്ഥകൾ തേടും. യോജിച്ച ആവാസവ്യവസ്ഥ കണ്ടെത്താനും ഇണകളെ തിരഞ്ഞെടുക്കാനുമൊക്കെ പാരിസ്ഥിതിക സൂചനകളെയാണ് മൃഗങ്ങൾ ആശ്രയിക്കുന്നത്. കാലാവസ്ഥ വ്യതിയാനം ഇതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഒരു ഭാഗത്ത് കൊതുകുകൾ പോലെയുള്ള ജീവജാലങ്ങളുടെ കാര്യമെടുത്താൽ താപനിലയിലെ ഉയർച്ച താഴ്ചകൾ അടിസ്ഥാനമാക്കിയാണ് അവ സ്വാഭാവിക പരിതസ്ഥിതി തിരഞ്ഞെടുക്കുന്നത്.  എന്നാൽ താപനിലയിൽ ഉണ്ടാകുന്ന ആസ്വാഭാവിക മാറ്റങ്ങൾ മൂലം അവ ഭക്ഷണം തേടുന്നതിന്റെ സമയവും സ്ഥലവും എല്ലാം മാറുന്ന സാഹചര്യമുണ്ട്.  ഇതുമൂലം അവ പരത്തുന്ന രോഗങ്ങളുടെ തീവ്രത പോലും വ്യത്യാസപ്പെടും. മറുഭാഗത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സമുദ്ര അമ്ലീകരണം സമുദ്രജീവികളുടെ ഇന്ദ്രിയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ കരയിലും കടലുമായി ജീവിക്കുന്ന എല്ലാ ജീവജാലങ്ങളുടെയും ശാരീരിക പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും നേരിട്ടോ അല്ലാതെയോ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ട്. 

പരിസ്ഥിതിയിലെ ഈ വ്യത്യാസങ്ങൾ മൃഗങ്ങളുടെ മസ്തിഷ്ക വികാസത്തെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തിയേക്കാം. ഇത് പുതിയ പരിസ്ഥിതികളുമായി ഫലപ്രദമായി പൊരുത്തപ്പെടാനുള്ള അവയുടെ കഴിവിനെയും പെരുമാറ്റത്തെയും പ്രതികൂലമായി ബാധിക്കും. ഓരോ ജീവിവർഗത്തിന്റെയും പ്രവർത്തന സ്ഥലത്തിന്റെ പരിസ്ഥിതികളുമായി പൊരുത്തപ്പെടുന്ന തരത്തിലാണ് നാഡി വ്യൂഹം വികസിക്കുന്നത്. കാലാവസ്ഥാ ക്രമത്തിലെ മാറ്റങ്ങൾക്കനുസൃതമായി  ക്രമേണ ഈ നാഡി വ്യവസ്ഥകളിലും പരിണാമങ്ങൾ  സംഭവിക്കും. ദ കോൺവർസേഷനിലാണ് സീൻ ഒ സോണൽ പഠനവിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

English Summary:

Adapting to Climate Change: How Species Evolution is Keeping Pace with Rising Temperatures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com