ADVERTISEMENT

കഴിഞ്ഞ വർഷം യുക്രെയ്ൻ യുദ്ധത്തിന്റെ ആദ്യകാലം. തലസ്ഥാനമായ കീവ് പിടിക്കാനായി റഷ്യൻ സൈന്യം വലിയ മുന്നേറ്റം നടത്തി. എന്നാൽ അതിൽ നിന്ന് അവരെ തടഞ്ഞത് ഒരു നദിയായിരുന്നു. ഇർപിൻ.

കീവിനു സമീപമുള്ള ഗ്രാമമായ ഡെമിഡീവിലേക്ക് യുക്രെയ്‌നിയൻ സൈന്യം അണക്കെട്ട് തുറന്നുവിട്ടതിനാലാണു പ്രളയം സംഭവിച്ചത്. ഇതോടെ ഇർപിൻ നദി കരകവിഞ്ഞ് ഗ്രാമം വെള്ളത്തിൽ മുങ്ങുകയും 7,000 ഏക്കറോളം താമസ, കൃഷിഭൂമി നശിക്കുകയും ചെയ്തു. തലസ്ഥാനമായ കീവ് പിടിക്കാനായി ഡെമിഡീവ് വഴി മുന്നേറ്റം നടത്തുന്നതിൽ നിന്നു റഷ്യയെ തടഞ്ഞതിൽ നിർണായകമായ ഒരു പങ്ക് ഈ സംഭവത്തിനുണ്ടായിരുന്നു. ഇർപിൻ നദിക്ക് ഇതോടെ വീരപരിവേഷം യുക്രെയ്ൻ ജനതയ്ക്കിടയിൽ വന്നുചേർന്നത്. ഹീറോ റിവർ എന്നാണ് പിന്നീട് ഈ നദി വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

2022 ഫെബ്രുവരിയിൽ യുദ്ധം അതിന്‌റെ ആദ്യഘട്ട തീവ്രതയിൽ നിൽക്കുമ്പോഴാണ് ഡെമിഡീവിലെ മനുഷ്യനിർമിത പ്രളയം അരങ്ങേറിയത്. പണ്ട് യുക്രെയ്ൻ സോവിയറ്റ് യൂണിയന്റെ ഭാഗമായി നിന്നപ്പോൾ ഇവിടുള്ള 32000 ഏക്കറോളം തണ്ണീർത്തടത്തിൽ നിന്നു ജലമൊഴിപ്പിച്ച് സോവിയറ്റ് അധികൃതർ കൃഷി നടത്തിയിരുന്നു. പുതിയ പ്രളയത്തോടെ  ഈ സ്ഥലങ്ങളിലെല്ലാം വെള്ളം തിരിച്ചുകയറുകയും തണ്ണീർത്തടങ്ങൾ വീണ്ടും രൂപപ്പെടുകയും ചെയ്തു. 

Read Also: വളർത്തു പാമ്പിനെ കഴുത്തിൽ ചുറ്റി കടലിൽ സർഫിങ്; ഉടമയ്ക്കെതിര നിയമനടപടി

യുദ്ധത്തിനു മുൻപ് ഇവിടെ വൻകിട പാർപ്പിട പദ്ധതി നടപ്പാക്കാനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ വെള്ളം തിരികെയെത്തിയതോടെ ഇതെല്ലാം മാറി. ഇന്ന് ഈ തണ്ണീർത്തടങ്ങളിൽ മത്സ്യങ്ങളുൾപ്പടെ ജൈവവൈവിധ്യം ഉടലെടുത്തു തുടങ്ങിയെന്ന് യുക്രെയ്ൻ പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇനിയും പാർപ്പിട പദ്ധതികളും വികസനവും കൊണ്ട് വന്ന് തങ്ങളുടെ ഹീറോ നദിയെയും അതിന്‌റെ തടഭൂമികളെയും നശിപ്പിക്കരുതെന്ന് യുക്രെയ്‌നിലെ പരിസ്ഥിതിവാദികൾ ആവശ്യപ്പെടുന്നു.

ആദ്യമായല്ല ഇർപിൻ നദി തലസ്ഥാന നഗരമായ കീവിനെ സംരക്ഷിക്കുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് ആദ്യകാല കീവൻ റൂസ് സാമ്രാജ്യം ഉണ്ടായിരുന്നപ്പോൾ പോഴോവ്റ്റിയൻസ്, പെചെനെഗ്‌സ് തുടങ്ങിയ ഗോത്രസേനകൾ കീവ് ആക്രമിക്കാൻ വന്നു. എന്നാൽ ഇർപിൻ നദിയുടെ തടപ്രദേശങ്ങളിലെ ചതുപ്പു മൂലം അവയ്ക്കു മുന്നേറാൻ കഴിഞ്ഞില്ല. ഇത്തരത്തിൽ ആദിമകാലം മുതൽ തന്നെ നഗരത്തിന്‌റെ സംരക്ഷകയായി ഇർപിൻ നദി പ്രവർത്തിക്കുന്നുണ്ട്. 1941ൽ രണ്ടാംലോകയുദ്ധകാലത്ത് നാത്സി ജർമനിയുടെ പടയ്‌ക്കെതിരെയും യുക്രെയ്ൻ പ്രതിരോധിച്ച് നിന്നത് ഇർപിൻ നദിയുടെ സഹായത്താലാണ്.

സോവിയറ്റ് വികസനപ്രവർത്തനങ്ങൾക്കു മുൻപ് ഇർപിൻ നദീതടപ്രദേശങ്ങൾ യൂറോപ്പിന്‌റെ ആമസോൺ എന്ന പേരിൽ അറിയപ്പെട്ട ജൈവവൈവിധ്യമേഖലയായിരുന്നെന്ന് യുക്രെയ്ൻ നാഷനൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി അധികൃതർ പറയുന്നു. ജയന്‌റ് കാറ്റ്ഫിഷ്, സ്റ്റർജൻ ഉൾപ്പെടെ ഒട്ടേറെ അപൂർവമത്സ്യങ്ങളും വൈറ്റ് ടെയ്ൽഡ് ഈഗിൾ തുടങ്ങി ഒട്ടേറെ പക്ഷികളും ഇവിടെയുണ്ടായിരുന്നു. 

Content Highlights: Irpin River | Environmental Hero | Manorama News

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com