ADVERTISEMENT

കയോട്ടികള്‍ എന്നത് അമേരിക്കയിലെ ഒരു വിഭാഗം കാട്ടുനായ്ക്കളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പേരാണ്. കനൈന്‍ കുടുംബത്തിലെ ഏറ്റവും വലിയ ജീവികളുടെ അടുത്ത ബന്ധുക്കളാണ് കയോട്ടികള്‍. വലുപ്പത്തില്‍ ചെന്നായ്ക്കളേക്കാള്‍ അല്‍പം ചെറുതാണിവ. അതുകൊണ്ട് തന്നെ ഇവ വേട്ടയാടിയിരുന്നത് ചെറു ജീവികളെയാണ്. മാനുകള്‍ പോലുള്ള താരതമ്യേന വലുപ്പമുള്ള ജീവികളെ ഇവ കൂട്ടത്തോടെ വേട്ടയാടാറുമുണ്ട്. കര്‍ഷകര്‍ വളര്‍ത്തുന്ന ആടുകളും കോഴികളും പോലുള്ള ജീവികളാണ് നാട്ടിലേക്കിറങ്ങുമ്പോള്‍ ഇവയുടെ ഇരകള്‍.

വളര്‍ത്തു മൃഗങ്ങളെ വേട്ടയാടുന്നതൊഴിച്ചാല്‍ വടക്കേ അമേരിക്കയില്‍ മാത്രം കണ്ട് വരുന്ന കയോട്ടികൾ മനുഷ്യര്‍ക്ക് ഒരു ഭീഷണിയായിരുന്നില്ല. എന്നാല്‍ 2019 ല്‍ കാനഡയിലെ ഒരു ദേശീയ പാര്‍ക്കില്‍ ഇവ 19 വയസ്സുള്ള  മലകയറ്റക്കാരിയായ യുവതിയെ ആക്രമിച്ചു. അന്നാദ്യമായാണ് കയോട്ടികള്‍ താരതമ്യേന വലിയ ജീവിയായ മനുഷ്യനെ ആക്രമിച്ചു കൊലപ്പെടുത്തുന്നത്. പിന്നീടിങ്ങോട്ട് മനുഷ്യരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എങ്കിലും, മൂസ് പോലുള്ള വലിയ കലമാനുകളെ ഇവ ഇരയാക്കുന്നതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. ഇതോടെയാണ് കയോട്ടികളുടെ വേട്ടയാടല്‍ രീതിയില്‍ വന്ന മാറ്റത്തെക്കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

കയോട്ടികളുടെ വേട്ടയാടല്‍ രീതി

കയോട്ടികളുടെ പരിധിയിലുള്ള വനമേഖലയില്‍ ചെറുജീവികളുടെ ലഭ്യതയില്‍ വന്ന കുറവാണ് വലിയ മൃഗങ്ങളെ വേട്ടയാടാന്‍ അവയെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. വലിയ മൃഗങ്ങളെ വേട്ടയാടാനുള്ള ഇവയുടെ ചോദനയും അതിലൂടെ ക്രമേണ നഷ്ടമാകുന്ന ഭയവും ഭാവിയില്‍ മനുഷ്യരെ വേട്ടയാടാനുള്ള ശ്രമങ്ങളിലേക്കെത്തിച്ചേക്കാമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ കാടുകളിലേക്ക് ട്രക്കിങ്ങിനും മറ്റും കടന്ന് ചെല്ലുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മനുഷ്യരോടുള്ള പരിചയക്കുറവും കയോട്ടികളില്‍ മാറി വരുന്നുണ്ടെന്നതും ഭാവിയിലെ ആക്രമണ സാധ്യതയ്ക്കുള്ള കാരണമായി ഗവേഷകര്‍ പറയുന്നു.

മറ്റ് ഭൂഖണ്ഡങ്ങളെ അപേക്ഷിച്ച് മനുഷ്യരെ വേട്ടയാടി ഇരയാക്കുന്ന ജീവികള്‍ കുറവുള്ള മേഖലയാണ് വടക്കേ അമേരിക്ക. പ്യൂമ എന്ന മൗണ്ടൻ ലയണും ചെന്നായ്ക്കളും കരടികളും മനുഷ്യസാമീപ്യം അറിഞ്ഞാല്‍ മാറി നടക്കുന്നവയാണ്. അപൂര്‍വമായാണ് ഈ ജീവികളില്‍ നിന്ന് മനുഷ്യര്‍ക്കെതിരെ ആക്രമണമുണ്ടായിട്ടുള്ളത്. അതും മിക്കപ്പോഴും ഈ ജീവികള്‍ ആക്രമിക്കപ്പെടുമെന്ന ആശങ്കയില്‍ ആക്രമണം നടത്തുന്നതാണെന്നും ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത്തരം ആക്രമണങ്ങളും ഈ അടുത്ത കാലത്തായി വർധിച്ചു വരുന്നുണ്ട്. ഇതും ഒരു പക്ഷേ മനുഷ്യനോടുള്ള പരിചയക്കുറവില്ലാതായതോടെയാകും എന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്.

ഇപ്പോഴും വടക്കേ അമേരിക്കയില്‍ ഉണ്ടാകുന്ന കയോട്ടി ആക്രമണങ്ങള്‍ മറ്റ് ഭൂഖണ്ഡങ്ങളിലെ വന്യമൃഗ ആക്രമണവുമായി താരതമ്യപ്പെട്ടുത്തുമ്പോള്‍ വളരെ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാഹചര്യമനുസരിച്ച് അപ്പോള്‍ കിട്ടുന്ന ചെറിയ ഇരകളെ കൊന്ന് ഭക്ഷിക്കുകയെന്നതാണ് ഇപ്പോഴും ഇവയുടെ പ്രധാന രീതി. കൂടാതെ മനുഷ്യനെ ഒരു ഇരയായി കണ്ട് കയോട്ടികള്‍ ആക്രമിച്ച സംഭവങ്ങളും ഉണ്ടായിട്ടില്ല. മനുഷ്യര്‍ക്കെതിരെ ഇവ തിരിഞ്ഞപ്പോഴൊക്കെ അത് സ്വന്തം അതിര്‍ത്തി കാക്കുന്നതിന് വേണ്ടി ഒരുമിച്ചു കൂടിയതായിയിരുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

കാനഡയിലെ ആക്രമണത്തിന് പിന്നില്‍

2009 ല്‍ കാനഡയില്‍ സംഭവിച്ചതും സമാനമായിരുന്നോ എന്നതാണ് ഗവേഷകരുടെ മുന്നിലുള്ള ചോദ്യം. സ്വന്തം അധികാരപരിധി ചോദ്യം ചെയ്യപ്പെട്ടപ്പോഴാണോ 19 വയസ്സുകാരിയായ ഹൈക്കറെ കയോട്ടകള്‍ ആക്രമിച്ചത്?. ഈ ചോദ്യത്തിന് ശാസ്ത്രീയമായ പഠനത്തിലൂടെ തന്നെ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. യുവതി കൊല്ലപ്പെട്ട കേപ് ബ്രട്ടണ്‍ ദേശീയ പാര്‍ക്കിലെ 11 കയോട്ടികളില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചാണ് ഈ പഠനം നടത്തിയത്.

കയോട്ടികളുടെ വേട്ടയാടലും ഇരകളുടെ തെരഞ്ഞെടുപ്പും മനസ്സിലാക്കുകയായിരുന്നു പഠനത്തിന്‍റെ ലക്ഷ്യം. ചെറിയ ജീവികളും പലപ്പോഴും കായ്കളും പഴങ്ങളും വരെ അടങ്ങിയ ഒരു ഭക്ഷണ രീതിയാണ് ഗവേഷകര്‍ പ്രതീക്ഷിച്ചത്. കാരണം അതായിരുന്നു കയോട്ടികളില്‍ മുന്‍പ് കണ്ടുവന്ന ആഹാര രീതി. എന്നാല്‍ പഠനവിധേയമാക്കിയ കയോട്ടി സംഘം പ്രധാനമായി ലക്ഷ്യം വച്ചത് മൂസും മാനുകളും പോലുള്ള ജീവികളെയായിരുന്നു.  പഠന കാലയളവില്‍ ഇവ ഭക്ഷണമാക്കിയതിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ഇത്തരം വലിയ ജീവികളെയായിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. 

തുടര്‍ച്ചായായി വലിയ ജീവികളില്‍ ആക്രമണം നടത്താനും അവയെ ഇരയാക്കാനുമുള്ള കയോട്ടികളുടെളുടെ തെരഞ്ഞെടുപ്പ് ഇക്കാര്യത്തില്‍ അവയുടെ അത്മവിശ്വാസം വർധിച്ചതിന്‍റെ സൂചനയാണ്. അതുകൊണ്ട് തന്നെ ഇനിയും അവസരം കിട്ടിയാല്‍ മനുഷ്യര്‍ക്കെതിരെ ഈ സംഘത്തില്‍ നിന്ന് ആക്രമണമുണ്ടായാലും അദ്ഭുതപ്പെടേണ്ടതില്ലെന്ന് ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ചും ചെറുജീവികളെയും മറ്റും അപൂര്‍വമായി ലഭിക്കുന്ന സീസണുകളില്‍ ഇരയുടെ വലുപ്പം കൂടുന്നത് കയോട്ടികൾ ഒരു വെല്ലുവിളിയായി കണക്കാക്കില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

English Summary: Mysterious Death From Coyotes Finally Explained: They're Learning To Hunt Larger Prey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com