ADVERTISEMENT

സ്കോട്ട്‌ലൻഡിലെ എഡിൻബർഗ് മൃഗശാലയിൽ ഒരു മേജർ ജനറൽ താമസിക്കുന്നുണ്ട്. കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും സംഗതി സത്യമാണ്. മൃഗശാലയിലെ അന്തേവാസിയായ ഒരു പെൻഗ്വിനാണ് നോർവീജിയൻ ആർമിയിലെ മൂന്നാമത്തെ ഉയർന്ന റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. സർ നിൽസ് ഒലാവ് മൂന്നാമൻ എന്നാണ് സവിശേഷ അധികാരമുള്ള ഈ പെൻഗ്വിനിന്റെ പേര്.

ഈ പദവി ലഭിച്ചതോടെ സർ നിൽസ് ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കിങ്ങുള്ള പെൻഗ്വിനായി മാറി. ഔദ്യോഗിക ചടങ്ങിലായിരുന്നു സർ നിൽസിന്റെ സ്ഥാനലബ്ധി. നോർവിജിയൻ കിങ്സ് ഗാർഡിലെ 160 ൽ പരം സൈനികരാണ് ചടങ്ങിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ എഡിൻബർഗ് മൃഗശാല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. സേനയിലെ മറ്റ് അംഗങ്ങൾക്കൊപ്പം ബാഡ്ജ് ധരിച്ച് സർ നിൽസ് നിൽക്കുന്നത് ചിത്രങ്ങളിൽ കാണാം.

പെൻഗ്വിനെ ബാഡ്ജ് ധരിപ്പിക്കുന്നു (Photo: Twitter/@TBradley23)
പെൻഗ്വിനെ ബാഡ്ജ് ധരിപ്പിക്കുന്നു (Photo: Twitter/@TBradley23)

നോർവീജിയൻ കിങ്സ് ഗാർഡിന്റെ ചിഹ്നമായ പെൻഗ്വിന് 1972 മുതലാണ് ഔദ്യോഗിക സ്ഥാനം നൽകി തുടങ്ങിയത്. അന്നുമുതലിങ്ങോട്ട് ഒന്നിന് പിന്നാലെ ഒന്നായി മൂന്ന്  പെൻഗ്വിനുകൾക്ക് സൈന്യം ഔദ്യോഗിക പദവി നൽകിയിട്ടുണ്ട്. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന പെൻഗ്വിനുകൾക്ക് എല്ലാം നിൽസ് ഒലാവ് എന്ന പേര് തന്നെയാണ് നൽകി വരുന്നത്. സൈന്യം ആദ്യമായി ഒരു പെൻഗ്വിനെ ദത്തെടുത്ത സമയത്ത് മേജറായി സേവനമനുഷ്ഠിച്ചിരുന്ന നിൽസ് എഗേലിയന്റെയും അന്നത്തെ രാജാവായിരുന്ന കിങ് ഒലാവിന്റെയും പേരുകൾ ചേർത്തായിരുന്നു ഈ നാമകരണം. 

ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു (Photo: Twitter/@RogelioGalvn2)
ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു (Photo: Twitter/@RogelioGalvn2)

നോർവീജിയൻ സൈന്യത്തിന്റെ സമ്മാനമായി മത്സ്യങ്ങളും ക്രിസ്മസ് കാർഡുകളുമൊക്കെ അടിക്കടി സർ നിൽസിനെ തേടിയെത്താറുണ്ട്. എഡിൻബർഗിൽ എത്തുമ്പോഴെല്ലാം പെൻഗ്വിനെ കാണുന്ന പതിവിനും ഇതുവരെ സൈന്യം മുടക്കം വരുത്തിയിട്ടില്ല. എഡിൻബർഗ് മൃഗശാലയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൂർത്തമാണ് സർ നിൽസിന്റെ സ്ഥാനക്കയറ്റമെന്ന് റോയൽ സുവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലൻഡിന്റെ ചീഫ് എക്സിക്യുട്ടീവായ ഡേവിഡ് ഫീൽഡ് പറയുന്നു.

ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന (Photo: Twitter/@BuzzFeed)
ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന (Photo: Twitter/@BuzzFeed)

സർ നിൽസിന്റെ നാലടി ഉയരമുള്ള ഒരു വെങ്കല പ്രതിമ മുൻപ് തന്നെ മൃഗശാലയിൽ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സൈന്യത്തിലെ ഉയർന്ന പദവിയുണ്ടെങ്കിലും എപ്പോഴും മൃഗശാലയിൽ തന്നെയായിരിക്കും പെൻഗ്വിനിന്റെ താമസം. 2016ൽ സർ നിൽസിന് ബ്രിഗേഡിയർ പദവി നൽകിയിരുന്നു.

(Photo: Twitter/@EdinburghZoo)
(Photo: Twitter/@EdinburghZoo)

ഏതാനും വർഷങ്ങൾക്കു മുൻപ് സർ നിൽസ് ഇൻസ്പെക്ഷൻ പരേഡ് നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത് ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ സ്ഥാനക്കയറ്റം ലഭിച്ചതോടെ പെൻഗ്വിൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. മൃഗശാല എക്സിലുടെ പങ്കുവച്ച പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

(Photo: Twitter/@EdinburghZoo)
(Photo: Twitter/@EdinburghZoo)
(Photo: Twitter/@euronews)
(Photo: Twitter/@euronews)

Content Highlights: Penguine | Norwegian army | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com